---
title: "#struggle | കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തമ്മിലടി തീരുന്നില്ല"
english_title: "The #struggle in the #Koovapady #block #panchayat #president #election is not over"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/186376/the-struggle-in-the-koovapady-block-panchayat-president-election-is-not-over"
published_at: "2024-02-22T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d6cc8481426_koova.jpg"
keywords: []
---

# #struggle | കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തമ്മിലടി തീരുന്നില്ല

> **Lead Summary:** **പെരുമ്പാവൂര്‍ : ** കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തമ്മിലടി തീരുന്നില്ല.

## Article Content

**പെരുമ്പാവൂര്‍ : ** കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തമ്മിലടി തീരുന്നില്ല.

പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്ത എ ടി അജിത്കുമാറിന് അഭിവാദ്യമർപ്പിച്ച് സ്ഥാപിച്ച ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. കുറുപ്പംപടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സ്ഥാപിച്ച ബോര്‍ഡുകളാണ് കീറിക്കളഞ്ഞത്.

പെരുമ്പാവൂര്‍, കുറുപ്പംപടി എന്നിവിടങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ കീറുകയും കൂവപ്പടിയിലെ ബോര്‍ഡ് എടുത്തുമാറ്റുകയും ചെയ്തു. ബോര്‍ഡുകളില്‍ കാലാവധി ആറുമാസം എന്ന് സ്റ്റിക്കര്‍ പതിച്ച് പരിഹസിച്ചിട്ടുമുണ്ട്.

മൂന്നുവർഷം വിശാല ഐ ഗ്രൂപ്പിൽനിന്നുള്ള ബേസിൽ പോളായിരുന്നു പ്രസിഡന്റ്. പിന്നീട് പ്രസിഡന്റാകാൻ എൻ എം സലിം, എ ടി അജിത്കുമാർ, സി ജെ സാബു എന്നിവർ രംഗത്തുവന്നു. ഇതോടെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എൽദോസ് കുന്നപ്പിള്ളി എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ രണ്ടുവർഷം മൂന്നുപേർക്കായി പങ്കിടാനും ആദ്യം എ ടി അജിത്കുമാറിനെ പ്രസിഡന്റാക്കാനും തീരുമാനിച്ചു.

കാലാവധി ആറുമാസം എന്ന സ്റ്റിക്കർ മറുവിഭാഗം പതിച്ചതോടെ തന്റെ കാലാവധി തീരുമാനിക്കാന്‍ പാര്‍ടിക്കാണ് അധികാരമെന്നും മറ്റുള്ള പ്രചാരണങ്ങള്‍ രാഷ്ട്രീയ എതിരാളികളുടെ വിലകുറഞ്ഞ ആരോപണമാണെന്നും പാര്‍ടിയില്‍ വിഭാഗീയത സൃഷ്ടിച്ച് സ്ഥാനംനേടാനുള്ള നീക്കമാണെന്നും പ്രസിഡന്റ് എ ടി അജിത്കുമാര്‍ പറഞ്ഞു. അതേസമയം അജിത്കുമാർ സ്വന്തം ഗ്രൂപ്പിനെ ഉപയോഗിച്ച് ബോർഡുകൾ നശിപ്പിച്ച് സഹതാപം സൃഷ്ടിച്ച് അധികാരസമയം നീട്ടാനുള്ള തന്ത്രമാണെന്ന്‌ മറുവിഭാഗവും ആരോപിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പ് വരുന്നതോടെ പ്രസിഡന്റിന് അധികാരങ്ങളുണ്ടാകില്ലെന്നും കാലാവധി നീട്ടണമെന്നുമാണ് അജിത്കുമാറിന്റെ നിലപാട്. ബോർഡ് നശിപ്പിച്ചതിനെതിരെ അജിത്കുമാർ പെരുമ്പാവൂര്‍ ഡിവൈഎസ്‌പിക്കും കുറുപ്പുംപടി, കോടനാട് പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/186376/the-struggle-in-the-koovapady-block-panchayat-president-election-is-not-over)