---
title: "#Piravam | പിറവം നഗരസഭാ അധ്യക്ഷയായി  ജൂലി സാബു സ്ഥാനമേൽക്കും;ഹൈക്കോടതി ഉത്തരവ് പുറത്തിറങ്ങി"
english_title: "Julie Sabu will be #appointed as #Piravam #municipal #council #president; #Highcourt order issued"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/186337/julie-sabu-will-be-appointed-as-piravam-municipal-council-president-highcourt-order-issued"
published_at: "2024-02-22T06:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d69a0da1170_piravom.jpg"
keywords: []
---

# #Piravam | പിറവം നഗരസഭാ അധ്യക്ഷയായി  ജൂലി സാബു സ്ഥാനമേൽക്കും;ഹൈക്കോടതി ഉത്തരവ് പുറത്തിറങ്ങി

> **Lead Summary:** **പിറവം : ** പിറവം നഗരസഭാ അധ്യക്ഷയായി യുഡിഎഫിലെ ജിൻസി രാജുവിനെ തെരഞ്ഞെടുത്ത നടപടി റദ്ദാക്കി എൽഡിഎഫ് സ്ഥാനാർഥി ജൂലി സാബുവിനെ വിജയിയായി പ്രഖ്യാപിച്ച ഹൈക്കോടതി ഉത്തരവ് പുറത്തിറങ്ങി.

## Article Content

**പിറവം : ** പിറവം നഗരസഭാ അധ്യക്ഷയായി യുഡിഎഫിലെ ജിൻസി രാജുവിനെ തെരഞ്ഞെടുത്ത നടപടി റദ്ദാക്കി എൽഡിഎഫ് സ്ഥാനാർഥി ജൂലി സാബുവിനെ വിജയിയായി പ്രഖ്യാപിച്ച ഹൈക്കോടതി ഉത്തരവ് പുറത്തിറങ്ങി.

നറുക്കെടുപ്പിൽ ജൂലി സാബുവിന്റെ പേരാണ് നറുക്കെടുത്തതെന്ന് വരണാധികാരി സമ്മതിച്ച സാഹചര്യത്തിൽ ഹർജിക്കാരിയായ ജൂലി സാബുവിനെ നഗരസഭാ ചെയർപേഴ്സൺ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു എന്ന പ്രഖ്യാപനമാണ് ജഡ്ജി പി വി കുഞ്ഞികൃഷ്ണന്റെ ഉത്തരവിലുള്ളത്

. ഒന്നും രണ്ടും എതിർകക്ഷികളായ തെരഞ്ഞെടുപ്പു കമീഷനും വരണാധികാരിയും ഹർജിക്കാരിയെ പിറവം നഗരസഭയുടെ ചെയർപേഴ്‌സണായി തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയും നിയമനടപടികൾ ഉടൻ ചെയ്യണമെന്നും ഉത്തരവിലുണ്ട്.

കഴിഞ്ഞ 31ന് നടന്ന നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ഇരു സ്ഥാനാർഥികൾക്കും തുല്യവോട്ട് വന്നിരുന്നു. നറുക്കെടുപ്പിൽ തോറ്റ യുഡിഎഫ് സ്ഥാനാർഥി ജിൻസി രാജുവിനെ ജയിച്ചതായി പ്രഖ്യാപിച്ചത്‌ ചൂണ്ടിക്കാട്ടി ജൂലി സാബുവാണ് കോടതിയെ സമീപിച്ചത്.

നിയമപ്രകാരം സ്ഥാനാർഥികൾക്ക് വോട്ട് തുല്യമായി വരുമ്പോൾ നറുക്കെടുപ്പ് നടത്തി നറുക്കെടുക്കപ്പെടുന്ന ആളെ തെരഞ്ഞെടുക്കണമെന്നാണ് ചട്ടം. പിറവത്ത് ജൂലി സാബുവിന്റെ പേരാണ് നറുക്കെടുത്തത്. എന്നാൽ, അവശേഷിച്ച കുറിപ്പടിയിലെ പേരുകാരിയായ ജിൻസി രാജുവിനെ വരണാധികാരി വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

സ്ഥാനാർഥിയുടെയും എൽഡിഎഫിന്റെയും എതിർപ്പ് വകവയ്ക്കാതെയാണ് വരണാധികാരിയുടെ നടപടിയെന്ന് കാണിച്ച്‌ തെരഞ്ഞെടുപ്പ്‌ കമീഷനും പരാതി നൽകിയിരുന്നു.

കോടതിവിധി അടിയന്തരമായി നടപ്പാക്കി ജൂലി സാബുവിനെ പിറവം നഗരസഭാ അധ്യക്ഷയായി സത്യപ്രതിജ്ഞ ചെയ്യിക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/186337/julie-sabu-will-be-appointed-as-piravam-municipal-council-president-highcourt-order-issued)