---
title: "#sanctioned | ഫിഷ് ലാൻഡിങ് സെന്റർ വികസനം ; 2.38 കോടി രൂപ അനുവദിച്ച് ഉത്തരവായി"
english_title: "#Development of #Fish #Landing #Center; 2.38 crore was #sanctioned"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/186118/development-of-fish-landing-center-238-crore-was-sanctioned"
published_at: "2024-02-21T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d576c7b601c_fish.jpg"
keywords: []
---

# #sanctioned | ഫിഷ് ലാൻഡിങ് സെന്റർ വികസനം ; 2.38 കോടി രൂപ അനുവദിച്ച് ഉത്തരവായി

> **Lead Summary:** **വൈപ്പിൻ :** ​ഗോശ്രീ ജങ്ഷനിലെ ഫിഷ് ലാൻഡിങ് സെന്ററിന്റെ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമം പൂർത്തിയായതായി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു.

## Article Content

**വൈപ്പിൻ :** ​ഗോശ്രീ ജങ്ഷനിലെ ഫിഷ് ലാൻഡിങ് സെന്ററിന്റെ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമം പൂർത്തിയായതായി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു.

സെന്ററിന്റെ അപ്രോച്ച് റോഡിനും പാർക്കിങ് ഏരിയയ്‌ക്കുമായി സ്ഥലം നെഗോഷ്യബിൾ പർച്ചേസ് പ്രകാരം ഏറ്റെടുക്കുന്നതിന് 2.38 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി.

ഭരണാനുമതി ലഭിച്ച ആകെ തുകയായ 2.51 കോടി രൂപയിൽ 12,55,200 രൂപ പ്രാരംഭപ്രവർത്തന ഫണ്ടായി റവന്യുവകുപ്പിന് നേരത്തേ കൈമാറിയിരുന്നു. ഭൂമി ഏറ്റെടുത്തശേഷമേ ഫിഷ് ലാൻഡിങ് സെന്ററിന്റെ തുടർവികസനം സാധ്യമാകൂ എന്നതിനാൽ മൂലധനച്ചെലവ് വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് തുക അടിയന്തരമായി അനുവദിച്ചത്.

ഭൂമികൈമാറ്റം ഉടൻ നടക്കുമെന്നും എംഎൽഎ അറിയിച്ചു. സെന്ററിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് 45.70 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി നൽകിയിരുന്നു. എന്നാൽ, വികസനപ്രവർത്തനം നടത്താൻ റോഡിനും പാർക്കിങ് ഏരിയയ്ക്കും ഭൂമി ഏറ്റെടുക്കാത്തത് പ്രതിസന്ധിയായി.

പതിറ്റാണ്ടിലേറെ നീണ്ട ആ പ്രതിബന്ധം നീങ്ങുന്നതിനാണ് ഇപ്പോൾ അവസരമൊരുങ്ങിയത്. പന്ത്രണ്ടര സെന്റ് സ്ഥലമാണ് പാർക്കിങ് ഏരിയയ്ക്കും അപ്രോച്ച് റോഡിനുമായി ഏറ്റെടുക്കുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/186118/development-of-fish-landing-center-238-crore-was-sanctioned)