---
title: " #MedicalCamp | ഒപ്പം സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്‌ വ്യവസായമന്ത്രി പി രാജീവ്‌ ഉദ്‌ഘാടനംചെയ്‌തു"
english_title: "And the #Super# Specialty #MedicalCamp was #inaugurated by #Industries #Minister #PRajeev"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/185597/and-the-super-specialty-medicalcamp-was-inaugurated-by-industries-minister-prajeev"
published_at: "2024-02-19T06:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d2a15c3e0d9_camp.jpg"
keywords: []
---

#  #MedicalCamp | ഒപ്പം സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്‌ വ്യവസായമന്ത്രി പി രാജീവ്‌ ഉദ്‌ഘാടനംചെയ്‌തു

> **Lead Summary:** **കൊച്ചി :** കളമശേരി നിയമസഭാമണ്ഡലത്തിൽ സംഘടിപ്പിച്ച ഒപ്പം സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്‌ വ്യവസായമന്ത്രി പി രാജീവ്‌ ഉദ്‌ഘാടനംചെയ്‌തു.

## Article Content

**കൊച്ചി :** കളമശേരി നിയമസഭാമണ്ഡലത്തിൽ സംഘടിപ്പിച്ച ഒപ്പം സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്‌ വ്യവസായമന്ത്രി പി രാജീവ്‌ ഉദ്‌ഘാടനംചെയ്‌തു.

ക്യാമ്പിൽ ഏഴായിരത്തിലധികംപേർ പങ്കെടുത്തു. അലോപ്പതി ഉൾപ്പെടെ 22 സ്പെഷ്യാലിറ്റികളിലായി വിപുലമായ ചികിത്സാസൗകര്യമാണ്‌ ഒരുക്കിയത്‌.ബിപിസിഎൽ, എൽഎൻജി പെട്രോനെറ്റ്‌ എന്നിവയുടെ സഹകരണത്തിൽ കൊച്ചി ഐഎംഎയുടെ പങ്കാളിത്തത്തോടെയായിരുന്നു ക്യാമ്പ്.

ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളുടെ പിന്തുണയോടെ നടന്ന ക്യാമ്പിൽ എംആർഐ, സിടി, എക്സ്റേ ഉൾപ്പെടെ പരിശോധനാസൗകര്യങ്ങളും ഒരുക്കിയിരുന്നു. മുന്നൂറ്‌ ഡോക്ടർമാരുടെയും 200 പാരാ മെഡിക്കൽ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഓങ്കോളജി, ഓർത്തോ, ഒഫ്താൽമെട്രി, കാർഡിയോളജി തുടങ്ങി 24 ഒപികൾ ക്രമീകരിച്ചു.

നേത്രചികിത്സാവിഭാഗത്തിൽമാത്രം ഉദ്ദേശം 2000 പേർ പരിശോധനയ്‌ക്കായി എത്തി. ഡെന്റൽ കോളേജുകളുടെ നാല് ആധുനിക ബസുകൾ ക്യാമ്പിൽ സജ്ജമായിരുന്നു. എക്സ്റേ, എക്കോ, അൾട്രാസൗണ്ട് സ്കാൻ തുടങ്ങിയ പരിശോധന നടത്തുന്നതിനായി അമൃത ആശുപത്രിയുടെ ബസും ക്രമീകരിച്ചു.

മലബാർ ഗോൾഡ് ചാരിറ്റബിൾ ട്രസ്റ്റ്, മുത്തൂറ്റ് എം ജോർജ് ഫൗണ്ടേഷൻ, നോവൽറ്റി എന്നിവയുടെ നേതൃത്വത്തിലുള്ള ചികിത്സാസഹായ പദ്ധതികളുടെ സഹായ കൗണ്ടറും ഒരുക്കി. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് ക്യാമ്പിലെത്താൻ വാഹനസൗകര്യം ഒരുക്കിയിരുന്നു. മരുന്നുകളും സൗജന്യമായി നൽകി.

മഞ്ഞുമ്മൽ ഗാർഡിയൻ എയ്ഞ്ചൽസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് അധ്യക്ഷയായി. നടൻ സൗബിൻ ഷാഹിർ, സംവിധായകൻ ചിദംബരം എന്നിവർ വിശിഷ്ടാതിഥികളായി.

ബിപിസിഎൽ കൊച്ചി എക്സിക്യൂട്ടീവ്‌ ഡയറക്ടർ എം ശങ്കർ, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള, ഏലൂർ നഗരസഭാ ചെയർമാൻ എ ഡി സുജിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ സുരേഷ് മുട്ടത്തിൽ, ശ്രീലത ലാലു, പി എം മനാഫ്, കൊച്ചി ഐഎംഎ പ്രസിഡന്റ്‌ ഡോ. എം എം ഹനീഷ്, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, ഡോ. ജുനൈദ് റഹ്മാൻ, നടന്മാരായ അഭിറാം രാധാകൃഷ്ണൻ, അരുൺ കുര്യൻ തുടങ്ങിയവർ സംസാരിച്ചു.

ക്യാമ്പിൽ ശ്രദ്ധേയമായി സാമൂഹിക ദന്താരോഗ്യവിഭാഗം സഞ്ചരിക്കുന്ന ദന്താശുപത്രിയുമായി ക്യാമ്പിൽ എത്തി 250 പേർക്ക് ദന്തചികിത്സ നൽകി സാമൂഹിക ദന്താരോഗ്യവിഭാഗം.

തൃശൂർ, കോട്ടയം ഗവ. മെഡിക്കൽ കോളേജുകൾ, ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസ്, അമൃത സ്കൂൾ ഓഫ് ഡെന്റിസ്ട്രി എന്നീ സ്ഥാപനങ്ങളിലെ സാമൂഹിക ദന്താരോഗ്യവിഭാഗത്തിന്റെ മേൽനോട്ടത്തിലായിരുന്നു രോഗികൾക്ക്‌ ആധുനിക പരിശോധന നടത്തിയത്‌.

പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്‌ വായിലെ അർബുദം ഉൾപ്പെടെയുള്ള രോഗനിർണയം, ബോധവൽക്കരണം, പ്രതിരോധചികിത്സ എന്നിവയ്ക്ക് മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന വിഭാഗമാണ് സാമൂഹിക ദന്താരോഗ്യവിഭാഗം.

കേരള ഡെന്റൽ കൗൺസിൽ പ്രസിഡന്റ്‌ ഡോ. സന്തോഷ് തോമസിന്റെ നേതൃത്വത്തിൽ അമ്പതോളം ദന്ത ഡോക്ടർമാരാണ്‌ ഒപ്പം ക്യാമ്പുമായി സഹകരിച്ചത്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/185597/and-the-super-specialty-medicalcamp-was-inaugurated-by-industries-minister-prajeev)