---
title: "#KSRTC | ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് കെഎസ്‌ആർടിസിയുടെ 250 ബസുകള്‍ പ്രത്യേക സര്‍വീസ് നടത്തും"
english_title: "250 buses of #KSRTC will run #special #services on the #occasion of #Shivaratri #celebrations"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/185170/250-buses-of-ksrtc-will-run-special-services-on-the-occasion-of-shivaratri-celebrations"
published_at: "2024-02-17T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d02770863fe_ksrtc.jpg"
keywords: []
---

# #KSRTC | ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് കെഎസ്‌ആർടിസിയുടെ 250 ബസുകള്‍ പ്രത്യേക സര്‍വീസ് നടത്തും

> **Lead Summary:** **ആലുവ : ** മാർച്ച് 8ന് ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് കെഎസ്‌ആർടിസിയുടെ 250 ബസുകള്‍ പ്രത്യേക സര്‍വീസ് നടത്തും.

## Article Content

**ആലുവ : ** മാർച്ച് 8ന് ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് കെഎസ്‌ആർടിസിയുടെ 250 ബസുകള്‍ പ്രത്യേക സര്‍വീസ് നടത്തും.

ഇതിനായി മണപ്പുറത്ത് താല്‍ക്കാലിക സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസും വര്‍ക്‌ഷോപ്പും സ്ഥാപിക്കാൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംഘടനകളുടെയും യോഗത്തിൽ തീരുമാനിച്ചു. മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ നഗരത്തില്‍ ദീപാലങ്കാര മത്സരം നടത്തും.

വന്‍കിടസ്ഥാപനങ്ങളെ ഒഴിവാക്കി നടത്തുന്ന മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനക്കാർക്ക്‌ സമ്മാനം നല്‍കും. ശിവരാത്രി നാളില്‍ നഗരസഭയുടെ രണ്ട് ടൗണ്‍ഹാളുകളും പൊലീസ് ക്യാമ്പിനായി ഉപയോഗിക്കും. മുങ്ങല്‍ വിദഗ്ധര്‍, അഗ്നി രക്ഷാസേന, സ്കൂബ ഡൈവിങ്‌ ടീം തുടങ്ങിയവരുടെ സേവനവും ലഭ്യമാക്കും.

ആംബുലന്‍സ് സൗകര്യവുമുണ്ടാകും. വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കും. കൂടുതൽ തെരുവുവിളക്കുകള്‍ സ്ഥാപിക്കും. ഗതാഗത തടസ്സം വരാത്തവിധം ആശ്രമംമുതല്‍ പാര്‍ക്ക് ജങ്‌ഷന്‍വരെ നടപ്പാതയിൽ കച്ചവടം അനുവദിക്കും.

കൊച്ചി മെട്രോ രാത്രി മുഴുവൻ പ്രത്യേക സര്‍വീസ് നടത്തും. ശിവരാത്രി നാളില്‍ ആലുവയില്‍ ഡ്രൈ ഡേ പ്രഖ്യാപിക്കും. അനധികൃത മദ്യവില്‍പ്പന തടയാൻ പരിശോധന നടത്തും.

അളവുതൂക്കവകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും പ്രത്യേക പരിശോധന നടത്തും. ഹരിതപ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് ശിവരാത്രി നടത്താനും യോഗം തീരുമാനിച്ചു. നഗരസഭാ ചെയര്‍മാന്‍ എം ഒ ജോൺ അധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/185170/250-buses-of-ksrtc-will-run-special-services-on-the-occasion-of-shivaratri-celebrations)