---
title: "#crops | കാട്ടാനകൾ കൂട്ടമായെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു"
english_title: "The #wild #boars came in #droves and #destroyed #crops #widely"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/184908/the-wild-boars-came-in-droves-and-destroyed-crops-widely"
published_at: "2024-02-16T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ceea0dcd6c5_wild.jpg"
keywords: []
---

# #crops | കാട്ടാനകൾ കൂട്ടമായെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു

> **Lead Summary:** പെരുമ്പാവൂർ : കോടനാട് അഭയാരണ്യം സ്ഥിതിചെയ്യുന്ന കപ്രിക്കാട് പ്രദേശങ്ങളിൽ കാട്ടാനകൾ കൂട്ടമായെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു.

## Article Content

പെരുമ്പാവൂർ : കോടനാട് അഭയാരണ്യം സ്ഥിതിചെയ്യുന്ന കപ്രിക്കാട് പ്രദേശങ്ങളിൽ കാട്ടാനകൾ കൂട്ടമായെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു.

15 ആനകളുടെ കൂട്ടമാണ് ജനവാസമേഖലയിലെത്തി കൃഷി നശിപ്പിച്ചത്. വാഴ, തെങ്ങ്, അടയ്ക്കാമരം എന്നിവയാണ് കൂടുതൽ നശിപ്പിക്കുന്നത്. പനങ്കുരുത്തോട്ടം, ഏമ്പക്കോട് ഭാഗങ്ങളിൽ കഴിഞ്ഞ രണ്ടുമാസമായി ആനക്കൂട്ടം തമ്പടിക്കുന്നുണ്ട്.

തോട്ടപ്പാടൻവീട്ടിൽ തോമസിന്റെ വീട്ടുവളപ്പിലെ ചുറ്റുമതിൽ മറിച്ചിട്ട് വാഴകൾ നശിപ്പിച്ചു. ബെഹനാൻ തോട്ടപ്പാടൻ, ബിജു പള്ളിപ്പാടൻ എന്നിവരുടെ കൃഷികളും മുൻ പഞ്ചായത്ത് പ്രസിഡന്റ് തോണിപ്പറമ്പിൽ ടി വി ഭാസ്കരൻ, സഹോദരൻ സുന്ദരൻ എന്നിവരുടെ പുൽക്കൃഷികളും നശിപ്പിച്ചു.

സന്ധ്യക്കുമുമ്പേ പുഴ നീന്തിയെത്തുന്ന ആനക്കൂട്ടം പുലർച്ചെ കാട്ടിലേക്ക് മടങ്ങുന്നതാണ് രീതി. വനംവകുപ്പ് ഉദ്യോഗസ്ഥരും താൽക്കാലിക വാച്ചർമാരും കാട്ടാനക്കൂട്ടത്തെ വിരട്ടിയോടിച്ച് പുഴ കടത്തിവിടാറുണ്ടെങ്കിലും താമസിയാതെ ആനക്കൂട്ടം മടങ്ങിയെത്തും.

വേനൽ കടുത്തതോടെയാണ് ജനവാസമേഖലയിൽ കാട്ടാനശല്യം രൂക്ഷമായത്. തൂക്കുവേലി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/184908/the-wild-boars-came-in-droves-and-destroyed-crops-widely)