---
title: "#accidentcase | ആലുവയില്‍ ഏഴുവയസ്സുകാരനെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ വാഹനം ഓടിച്ചയാള്‍ കസ്റ്റഡിയില്‍"
english_title: "In #Aluva, the #driver who #drove the #vehicle without #stopping after hitting a seven-year-old boy is in #custody"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/184421/in-aluva-the-driver-who-drove-the-vehicle-without-stopping-after-hitting-a-seven-year-old-boy-is-in-custody"
published_at: "2024-02-14T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cc6fc643786_case.jpg"
keywords: []
---

# #accidentcase | ആലുവയില്‍ ഏഴുവയസ്സുകാരനെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ വാഹനം ഓടിച്ചയാള്‍ കസ്റ്റഡിയില്‍

> **Lead Summary:** കൊച്ചി: ആലുവയില്‍ ഏഴുവയസ്സുകാരനെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ വാഹനം ഓടിച്ചയാള്‍ കസ്റ്റഡിയിലായി.

## Article Content

കൊച്ചി: ആലുവയില്‍ ഏഴുവയസ്സുകാരനെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ വാഹനം ഓടിച്ചയാള്‍ കസ്റ്റഡിയിലായി.

കഴിഞ്ഞദിവസം നടന്ന അപകടത്തില്‍ ഉള്‍പ്പെട്ട കാര്‍ ഓടിച്ചിരുന്നയാളെയാണ് പോലീസ് ബുധനാഴ്ച പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്.

കുട്ടിയെ ഇടിച്ചിട്ട കാറും ഇടപ്പള്ളിയില്‍നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയെ വാഹനം ഇടിച്ചത് അറിഞ്ഞിരുന്നില്ലെന്നാണ് ഇയാള്‍ നല്‍കിയ പ്രാഥമികമൊഴി. ഇതുസംബന്ധിച്ച് പോലീസിന്റെ ചോദ്യംചെയ്യല്‍ തുടരുകയാണ്.

കഴിഞ്ഞദിവസമാണ് ഓട്ടോയില്‍നിന്ന് തെറിച്ചുവീണ ഏഴുവയസ്സുകാരന് പിന്നില്‍നിന്നു വന്ന കാറിടിച്ച് ഗുരുതരപരിക്കേറ്റത്. വാഴക്കുളം പ്രേം നിവാസില്‍ പ്രിജിത്തിന്റെ മകന്‍ നിഷികാന്ത് പി. നായരാണ് അപകടത്തില്‍പ്പെട്ടത്.

ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ ആലുവ കുട്ടമശ്ശേരി ആനിക്കാട് കവലയ്ക്ക് സമീപമായിരുന്നു സംഭവം. കുട്ടിയെ ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. കുട്ടിയെ ആശുപത്രിയില്‍ കാണിച്ച് തിരിച്ചുവരുന്ന വഴിക്കാണ് അപകടം.

പരിക്കേറ്റ കുട്ടി ആലുവ രാജഗിരി ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. തലച്ചോര്‍, കരള്‍, വൃക്കകള്‍ എന്നിവയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോയില്‍നിന്ന് തെറിച്ചുവീണപ്പോള്‍ സംഭവിച്ച പരിക്കാണെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ കരുതിയത്.

ഓട്ടോയില്‍നിന്നു വീണാല്‍ ഇത്ര ഗുരുതരമായ പരിക്ക് ഉണ്ടാകാനിടയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെയാണ് വീഴ്ചയ്ക്ക് പിന്നാലെ കാറിടിച്ച വിവരവും സി.സി. ടി.വി. ദൃശ്യങ്ങളും പുറത്തുവന്നത്.

തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാറോടിച്ചയാളെ കസ്റ്റഡിയിലെടുത്തത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/184421/in-aluva-the-driver-who-drove-the-vehicle-without-stopping-after-hitting-a-seven-year-old-boy-is-in-custody)