---
title: " #Bridge | വടക്കേക്കരയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമായ ചെട്ടിക്കാട്-–-കുഞ്ഞിത്തൈ പാലം യാഥാർഥ്യമാകുന്നു"
english_title: "The #Chettikkad---#Kunjithai #Bridge, a long-term need of the #people of #Vaddakekara, is becoming a #reality"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/183522/the-chettikkad-kunjithai-bridge-a-long-term-need-of-the-people-of-vaddakekara-is-becoming-a-reality"
published_at: "2024-02-10T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c79e7431dbf_nava.jpg"
keywords: []
---

#  #Bridge | വടക്കേക്കരയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമായ ചെട്ടിക്കാട്-–-കുഞ്ഞിത്തൈ പാലം യാഥാർഥ്യമാകുന്നു

> **Lead Summary:** **പറവൂർ :** വടക്കേക്കരയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമായ ചെട്ടിക്കാട്-–-കുഞ്ഞിത്തൈ പാലം യാഥാർഥ്യമാകുന്നു.

## Article Content

**പറവൂർ :** വടക്കേക്കരയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമായ ചെട്ടിക്കാട്-–-കുഞ്ഞിത്തൈ പാലം യാഥാർഥ്യമാകുന്നു.

പറവൂരിൽ നടന്ന നവകേരള സദസ്സിൽ‍ ചെട്ടിക്കാട്–-കുഞ്ഞിത്തൈ, വാവക്കാട്-–- കൊട്ടുവള്ളിക്കാട് പാലങ്ങള്‍ നിര്‍മിക്കണമെന്ന്‌ ആവശ്യപ്പെട്ട് സിപിഐ എം പറവൂർ ഏരിയ കമ്മിറ്റിയും വടക്കേക്കര പഞ്ചായത്തും നിവേദനം നൽകിയിരുന്നു. തുടര്‍ന്ന് 2024–--25 സംസ്ഥാന ബജറ്റിൽ നാലുകോടി രൂപ ചെട്ടിക്കാട്–-കുഞ്ഞിത്തൈ പാലത്തിന് അനുവദിച്ചു.

വടക്കേക്കര നിയമസഭാമണ്ഡലമായിരുന്നപ്പോൾ എംഎൽഎയും മന്ത്രിയുമായിരുന്ന എസ് ശർമ പാലങ്ങളുടെ നിർമാണത്തിന് മുന്‍കൈയെടുത്ത് നബാർഡിന്റെ ഫണ്ട് അനുവദിച്ച് ടെൻഡർ പൂർത്തിയാക്കിയതാണ്. ചെട്ടിക്കാട്ടും കൊട്ടുവള്ളിക്കാട്ടും പാലം നിര്‍മിക്കാന്‍ കല്ലിടലും നടത്തി.

പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കേക്കര മണ്ഡലം ഇല്ലാതായി, വടക്കേക്കര പഞ്ചായത്ത് പറവൂർ മണ്ഡലത്തിന്റെ ഭാഗമാകുകയും ചെയ്തു. ഇതോടെ പാലങ്ങളുടെ നിർമാണം അനിശ്ചിതത്വത്തിലായി. വി ഡി സതീശൻ എംഎൽഎ താൽപ്പര്യം കാണിക്കാതായതോടെ പാലം നിര്‍മാണം സ്തംഭിച്ചു.

അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുത്തിട്ടില്ല എന്ന കാരണം പറഞ്ഞാണ് പാലം നിര്‍മാണം എംഎല്‍എ വൈകിച്ചത്. അപ്രോച്ച് റോഡിനുവേണ്ടി 24.36 സെന്റ് ഭൂമി പൊന്നുംവില നടപടിയിലൂടെ 1,28,57,600 രൂപ പഞ്ചായത്ത് അടച്ച് പതിനെട്ടോളം ഉടമകൾക്ക് പണം നല്‍കി കൈമാറി. വസ്തുക്കൾ പഞ്ചായത്ത് നേരത്തേ ഏറ്റെടുത്തു.

മറ്റു നടപടികള്‍ അവസാനഘട്ടത്തിലാണ്. ഇനി ഏറ്റെടുക്കേണ്ട വസ്തുവിൽ 12.36 സെ​ന്റ് സ്ഥലം ചെട്ടിക്കാട് കയർസംഘത്തിന്റേതാണ്. വസ്തു വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കയർ ബോർഡ് ഡയറക്ടർക്ക് പഞ്ചായത്ത് കത്ത് നൽകി. വിട്ടുതരാൻ സന്നദ്ധത അറിയിച്ച് മറുപടിയും ലഭിച്ചു.

വസ്തുമൂല്യം 12.5 ലക്ഷം രൂപയായി നിർണയിച്ചു. ഈ ഭൂമി ഈ മാസം ഏറ്റെടുക്കും. വടക്കേക്കരയിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യത്തിന് ബജറ്റിലൂടെ ഫണ്ട് അനുവദിച്ച എൽഡിഎഫ് സർക്കാരിനെ അഭിനന്ദിക്കുന്നതായും വാവക്കാട്-–കൊട്ടുവള്ളിക്കാട് പാലത്തിനുകൂടി ഫണ്ട് അനുവദിക്കണമെന്നും സിപിഐ എം മൂത്തകുന്നം ലോക്കൽ സെക്രട്ടറി പി ഡി രാജീവ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/183522/the-chettikkad-kunjithai-bridge-a-long-term-need-of-the-people-of-vaddakekara-is-becoming-a-reality)