---
title: " #exhibition | കടലറിവുകളുടെ കൗതുകക്കാഴ്ചകൾ സമ്മാനിച്ച് ഓപ്പൺ ഹൗസ് പ്രദർശനം"
english_title: "An #open house #exhibition #showcasing the #wonders of the #sea"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/181787/an-open-house-exhibition-showcasing-the-wonders-of-the-sea"
published_at: "2024-02-03T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bdd2e073afa_sea.jpg"
keywords: []
---

#  #exhibition | കടലറിവുകളുടെ കൗതുകക്കാഴ്ചകൾ സമ്മാനിച്ച് ഓപ്പൺ ഹൗസ് പ്രദർശനം

> **Lead Summary:** **കൊച്ചി : ** കടലറിവുകളുടെ കൗതുകക്കാഴ്ചകൾ സമ്മാനിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ഓപ്പൺ ഹൗസ് പ്രദർശനം.

## Article Content

**കൊച്ചി : ** കടലറിവുകളുടെ കൗതുകക്കാഴ്ചകൾ സമ്മാനിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ഓപ്പൺ ഹൗസ് പ്രദർശനം.

ഭീമൻ മീനായ ഹംപ്‌ഹെഡ് റാസ്, തിമിംഗിലസ്രാവ്, വിലകൂടിയ മുത്തുകൾ തുടങ്ങി ആഴക്കടലിന്റെ അറിയാക്കാഴ്ചകൾ കാണാൻ നിരവധിപേർ എത്തി. 77–-ാം സ്ഥാപിത ദിനത്തോടനുബന്ധിച്ചാണ് സിഎംഎഫ്ആർഐ പൊതുജനങ്ങൾക്കായി തുറന്നിട്ടത്. മ്യൂസിയം, വിവിധ പരീക്ഷണശാലകൾ, മറൈൻ അക്വേറിയം, ലൈബ്രറി, ഹാച്ചറികൾ, കാർഷിക സാങ്കേതികവിജ്ഞാന കേന്ദ്രം എന്നിവ കാണാനെത്തിയവരിൽ ഭൂരിപക്ഷവും വിദ്യാർഥികളായിരുന്നു.

ത്രിമാന ചിത്രങ്ങളും ശാസ്ത്രീയവിവരണങ്ങളും ചേർത്ത് കടൽ ജൈവവൈവിധ്യങ്ങളെ പരിചയപ്പെടുത്തിയ മ്യൂസിയത്തിലെ ഇന്ററാക്ടീവ് ഡിസ്‌പ്ലേ ബോർഡ് ഏറെ വിജ്ഞാനപ്രദമായി. ചുറ്റികത്തലയൻ സ്രാവ്, പുലിസ്രാവ്, പേപ്പർസ്രാവ്, കാക്കത്തിരണ്ടി, മൂക്കൻതിരണ്ടി, ഗിത്താർ മത്സ്യം, കല്ലൻ വറ്റ തുടങ്ങിയവയും വിവിധയിനം ചെമ്മീന്‍, ഞണ്ട്, കണവ, കൂന്തൽ, നീരാളി, കക്ക എന്നിവയും ലാബുകളിൽ പ്രദർശിപ്പിച്ചു.

മീനുകളുടെ ജനിതക രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഗവേഷണ പ്രവർത്തനങ്ങൾ, സമുദ്ര ജൈവവൈവിധ്യ–--പാരിസ്ഥിതിക പഠനങ്ങൾ, പ്ലാസ്റ്റിക് മാലിന്യം മീനുകളുടെ ജീവന് ഭീഷണിയാകുന്നതിന്റെ നേർച്ചിത്രങ്ങൾ, മീനുകളുടെ ചെവിക്കല്ല് ഉപയോഗിച്ച നിർമിച്ച ആഭരണങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ടായിരുന്നു.

കൂടുമീൻകൃഷി, സംയോജിത ജല കൃഷിരീതിയായ ഇംറ്റ തുടങ്ങി വിവിധ സമുദ്രജല കൃഷികളുടെ മാതൃകകളും ഒരുക്കിയിരുന്നു. സമുദ്രമത്സ്യ മേഖലയിലെ ഗവേഷണ പഠനങ്ങളെക്കുറിച്ച് വിദഗ്ധരുമായി ആശയവിനിമയത്തിനും അവസരമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/181787/an-open-house-exhibition-showcasing-the-wonders-of-the-sea)