---
title: " #complaint | പതിനഞ്ചുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ കോണ്‍​ഗ്രസ്  പ്രവര്‍ത്തകര്‍ക്കെതിരെ കമീഷണര്‍ക്ക് പരാതി നല്‍കി"
english_title: "A #complaint has been lodged with the #commissioner against the #Congress #workers who #threatened the 15-year-old boy by #entering his house and #threatening him."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/179543/a-complaint-has-been-lodged-with-the-commissioner-against-the-congress-workers-who-threatened-the-15-year-old-boy-by-entering-his-house-and-threatening-him"
published_at: "2024-01-26T06:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b3066e00749_youth.jpg"
keywords: []
---

#  #complaint | പതിനഞ്ചുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ കോണ്‍​ഗ്രസ്  പ്രവര്‍ത്തകര്‍ക്കെതിരെ കമീഷണര്‍ക്ക് പരാതി നല്‍കി

> **Lead Summary:** **കൊച്ചി : ** പതിനഞ്ചുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛൻ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി.

## Article Content

**കൊച്ചി : ** പതിനഞ്ചുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛൻ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി.

പൊന്നാരിമംഗലം പുളിത്തറവീട്ടിൽ വിൻസന്റാണ് പരാതി നല്‍കിയത്. ‌ മര്‍ദനം നടന്നതിന്റെ പിറ്റേദിവസം മുളവുകാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ തന്നെയും മകളെയും മകനെയും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സെൽവരാജ്, സെബാസ്റ്റ്യൻ കുട്ടൻ എന്നിവർ ചേർന്ന് സ്റ്റേഷനുമുന്നിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി.

രാത്രി മണ്ഡലം പ്രസിഡന്റ് സെൽവരാജ്, പഞ്ചായത്ത് പ്രസിഡന്റ് വി എസ് അക്ബർ, സെബാസ്റ്റ്യൻ കുട്ടൻ എന്നിവർ ചേർന്ന് വീട്ടിൽ കയറി പരിക്കേറ്റ മകനെയും മകളെയും ആരോഗ്യപ്രശ്നങ്ങളുള്ള ഭാര്യയെയും ഭീഷണിപ്പെടുത്തി.

കുട്ടിയെ ഡോക്ടറെ കാണിക്കാൻ എറണാകുളം ജനറൽ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസ്മാർട്ടിൻ, സെബാസ്റ്റ്യൻ കുട്ടൻ എന്നിവർ ചേർന്ന് പൊലീസിൽ പരാതി നൽകിയാൽ മകനെ കള്ളക്കേസിൽ കുടുക്കുമെന്നു പറഞ്ഞ്‌ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

ഡിസംബർ 31ന് മുളവുകാട്ട് നടന്ന പുതുവത്സരാഘോഷ പരിപാടിയിൽ ഡാൻസ് കളിക്കുകയായിരുന്ന പതിനഞ്ചുകാരനെയും കൂട്ടുകാരനെയും മുളവുകാട് പഞ്ചായത്തിലെ ആറാംവാർഡ് അംഗമായ ലക്സിയും ഭർത്താവ് ഫ്രാൻസിസും ചേർന്ന് സ്റ്റേജിന്റെ പിന്നിലേക്ക് കൊണ്ടുപോയി വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ മർദിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പതിനഞ്ചുകാരന്റെ വാരിയെല്ലിന് പൊട്ടലുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. പൊലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/179543/a-complaint-has-been-lodged-with-the-commissioner-against-the-congress-workers-who-threatened-the-15-year-old-boy-by-entering-his-house-and-threatening-him)