---
title: "#Police | ഓപ്പറേഷൻ ജാഗ്രത;കൊച്ചി സിറ്റി പൊലീസ്‌ 24 മണിക്കൂറിനകം പിടികൂടിയത്‌ 114 പ്രതികളെ"
english_title: "#Operation #Vigilance: #Kochi #City #Police nabbed 114 #accused within 24 #hours"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/179291/operation-vigilance-kochi-city-police-nabbed-114-accused-within-24-hours"
published_at: "2024-01-25T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b1e06c88f06_operation.jpg"
keywords: []
---

# #Police | ഓപ്പറേഷൻ ജാഗ്രത;കൊച്ചി സിറ്റി പൊലീസ്‌ 24 മണിക്കൂറിനകം പിടികൂടിയത്‌ 114 പ്രതികളെ

> **Lead Summary:** **കൊച്ചി : ** ഓപ്പറേഷൻ ജാഗ്രത സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ്‌ 24 മണിക്കൂറിനകം പിടികൂടിയത്‌ വിവിധ കേസുകളിലെ 114 പ്രതികളെ.

## Article Content

**കൊച്ചി : ** ഓപ്പറേഷൻ ജാഗ്രത സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ്‌ 24 മണിക്കൂറിനകം പിടികൂടിയത്‌ വിവിധ കേസുകളിലെ 114 പ്രതികളെ.

നാനൂറോളം പൊലീസുകാർ 90 ടീമായി തിരിഞ്ഞാണ്‌ പരിശോധന നടത്തിയയെന്ന്‌ സിറ്റി പൊലീസ്‌ കമീഷണർ എ അക്‌ബർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വധശ്രമം, മോഷണം, ബലാത്സംഗം, വഞ്ചന, ‌പോക്‌സോ ഉൾപ്പെടെയുള്ള കേസുകളിലെ പ്രതികളെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

പിടികിട്ടാപ്പുള്ളികൾ, കോടതിയിൽനിന്ന്‌ ജാമ്യമില്ലാ വാറന്റ്‌ പെൻഡിങ്‌ ഉള്ളവർ, നിലവിൽ അന്വേഷിച്ചുവരുന്ന കേസുകളിലെ പ്രതികൾ എന്നിവരടക്കം പിടിയിലായി.കണ്ണൂർ, ആലപ്പുഴ, കോഴിക്കോട്‌ ഉൾപ്പെടെ വിവിധ ജില്ലകളിലുള്ള പ്രതികളെയും പിടികൂടി.

ചൊവ്വ പുലർച്ചെമുതൽ ബുധൻ പുലർച്ചെവരെ നഗരത്തിലെ 194 സ്ഥലങ്ങളിലായിരുന്നു പരിശോധന. കൊച്ചിയിലെ ക്രമസമാധാനപാലനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ്‌ പ്രത്യേക പരിശോധന നടത്തിയത്‌.

സാമൂഹ്യവിരുദ്ധർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. സൈബർ സെൽ സഹായത്തോടെ രണ്ടാഴ്‌ചത്തെ മുന്നൊരുക്കത്തോടെയായിരുന്നു നടപടിയെന്നും കമീഷണർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/179291/operation-vigilance-kochi-city-police-nabbed-114-accused-within-24-hours)