---
title: "#Nedumbassery | കൊച്ചിയുടെ കായിക ആസ്ഥാനമാകാൻ  നെടുമ്പാശേരി"
english_title: "#Nedumbassery to be the #sports #headquarters of #Kochi"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/179042/nedumbassery-to-be-the-sports-headquarters-of-kochi"
published_at: "2024-01-24T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0960f6fdbf_ball.jpg"
keywords: []
---

# #Nedumbassery | കൊച്ചിയുടെ കായിക ആസ്ഥാനമാകാൻ  നെടുമ്പാശേരി

> **Lead Summary:** **നെടുമ്പാശേരി :** കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനുസമീപത്ത് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്റ്റേഡിയം എത്തുമ്പോൾ കൊച്ചിയുടെ കായികമേഖലയിൽ വൻ മാറ്റമുണ്ടാകും.

## Article Content

**നെടുമ്പാശേരി :** കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനുസമീപത്ത് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്റ്റേഡിയം എത്തുമ്പോൾ കൊച്ചിയുടെ കായികമേഖലയിൽ വൻ മാറ്റമുണ്ടാകും.

കായികരംഗത്തെ വളർച്ചയ്ക്കായുള്ള സ്പോർട്സ് സിറ്റി പദ്ധതിയുടെ ഭാഗമായാണ് സ്‌റ്റേഡിയം നിർമിക്കുക. ചെങ്ങമനാട്, നെടുമ്പാശേരി പഞ്ചായത്തുകളിൽനിന്നായി 60 ഏക്കറിലേറെ ഭൂമിയാണ് ഏറ്റെടുക്കുക. ഇതിൽ 30 ഏക്കറിലാണ് സ്റ്റേഡിയം നിർമിക്കുക.

ബാക്കി സ്ഥലം പരിശീലനസൗകര്യം ഉൾപ്പെടെയുള്ള അനുബന്ധ ആവശ്യങ്ങൾക്കായി ഉപയോഗിക്കും. പൊതു ആവശ്യത്തിനായി ഭൂമി തരംമാറ്റാൻ സർക്കാരിനെ കെസിഎ സമീപിച്ചിട്ടുണ്ട്. വിമാനത്താവളത്തിനുസമീപം സ്ഥലം കിട്ടുമെന്ന് ഉറപ്പായതോടെ ക്രിക്കറ്റിനുമാത്രം ഒരു സ്റ്റേഡിയം നടപ്പാക്കാനുള്ള നീക്കം രണ്ടുവർഷം മുമ്പുതന്നെ തുടങ്ങിയിരുന്നു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് താമസിക്കുവാൻ പറ്റുന്ന വിധത്തിൽ നെടുമ്പാശേരി പഞ്ചായത്തിലും അങ്കമാലി നഗരസഭയിലും നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകളുണ്ട്. ഈ പ്രദേശത്ത് സ്റ്റേഡിയം പണിതാൽ താരങ്ങൾക്കും ഒഫീഷ്യലുകൾക്കും കാണികൾക്കും ഇവിടേക്ക് എത്താൻ എളുപ്പമാകും.

ഏഴുവ്യക്തികളുടെയും മൂന്ന് സ്വകാര്യകമ്പനികളുടെയും ഉടമസ്ഥതയിലാണ് സ്റ്റേഡിയത്തിനായി കണ്ടെത്തിയ 60 ഏക്കറിലേറെയുള്ള ഭൂമി. അതുകൊണ്ട് ഭൂമി ഏറ്റെടുക്കൽ എളുപ്പമാകും.

ഈ ഭൂമി പൊതു ആവശ്യത്തിനായി കൈമാറാൻ ഭൂവുടമകൾ ചേർന്ന് കൺസോർഷ്യം രൂപീകരിച്ചിരുന്നു. തുടർന്നാണ് കെസിഎയുമായി ചർച്ചകൾ ആരംഭിച്ചത്. ഒരുഘട്ടത്തിൽ ജിസിഡിഎ ഉൾപ്പെടെയുള്ളവർ ഇതിന്റെ ഭാഗമായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/179042/nedumbassery-to-be-the-sports-headquarters-of-kochi)