---
title: "#Metropolitan | കോട്ടപ്പുറം രൂപതയുടെ മൂന്നാമത് മെത്രാപോലീത്തയായി ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അഭിഷിക്തനായി"
english_title: "As the #third #Metropolitan of #Kottapuram #Diocese, Dr. Ambrose was #anointed in the #new #house"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/178374/as-the-third-metropolitan-of-kottapuram-diocese-dr-ambrose-was-anointed-in-the-new-house"
published_at: "2024-01-21T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aca66ba5322_palli.jpg"
keywords: []
---

# #Metropolitan | കോട്ടപ്പുറം രൂപതയുടെ മൂന്നാമത് മെത്രാപോലീത്തയായി ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അഭിഷിക്തനായി

> **Lead Summary:** **പറവൂർ : ** കോട്ടപ്പുറം രൂപതയുടെ മൂന്നാമത് മെത്രാപോലീത്തയായി ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അഭിഷിക്തനായി.

## Article Content

**പറവൂർ : ** കോട്ടപ്പുറം രൂപതയുടെ മൂന്നാമത് മെത്രാപോലീത്തയായി ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അഭിഷിക്തനായി.

വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു മെത്രാഭിഷേക ചടങ്ങുകൾ.

രൂപതയുടെ മുൻ ബിഷപ്പുമാരായ ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, ഡോ. ജോസഫ് കാരിക്കശേരി എന്നിവർ സഹകാർമികരായി. കോട്ടപ്പുറം സെന്റ്‌ മൈക്കിൾസ് കത്തീഡ്രൽ അങ്കണത്തിലായിരുന്നു ചടങ്ങുകൾ.

ദിവ്യബലിക്കുശേഷം കോഴിക്കോട് രൂപത ബിഷപ് ഡോ. വർഗീസ് ചക്കാലയ്‌ക്കൽ വചനപ്രഘോഷണം നടത്തി. വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ് ഡോ. ലിയോ പോൾദോ ജിറെല്ലി ഉൾപ്പെടെ സിറോ മലബാർ, സിറോ മലങ്കര, ലത്തീൻ റീത്തുകളിൽനിന്നായി 27 മെത്രാന്മാരും മുന്നൂറോളം വൈദികരും നാനൂറോളം സന്യസ്തരും ചടങ്ങിൽ പങ്കെടുത്തു.

മെത്രാഭിഷേക ചടങ്ങുകൾക്ക് മുന്നോടിയായി ഡോ. അംബ്രോസ് പുത്തൻവീട്ടിലിനെ കോട്ടപ്പുറം രൂപതയുടെ ബിഷപ്പായി നിയമിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ബൂള (തീട്ടൂരം) ചാൻസലർ ഡോ. ബെന്നി വാഴക്കൂട്ടത്തിൽ ലത്തീനിലും ഡോ. ഫ്രാൻസിസ്കോ പടമാടൻ മലയാളത്തിലും വായിച്ചു.

അധികാരചിഹ്നങ്ങൾ അണിഞ്ഞ ബിഷപ് ഡോ. അംബ്രോസ്‌ വിശ്വാസികൾക്കുമേൽ പനിനീർ തളിച്ചതോടെ അഭിഷേകച്ചടങ്ങുകൾ അവസാനിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം രൂപത അപ്പോസ്‌തോലിക്‌ അഡ്മിനിസ്ട്രേറ്റർ ബിഷപ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷനായി.

മാർ ബോസ്കോ പുത്തൂർ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എംഎൽഎമാരായ വി ആർ സുനിൽകുമാർ, ഇ ടി ടൈസൻ മാസ്റ്റർ, കെആർഎൽസിസി വൈസ് പ്രസിഡന്റ്‌ ജോസഫ് ജൂഡ്, ഫാ. ജോഷി കല്ലറയ്‌ക്കൽ,

സിസ്റ്റർ ജിജി പുല്ലയിൽ, പി ജെ തോമസ്, ജെസി ജയിംസ്, ഡോ. ആന്റണി കുരിശിങ്കൽ, ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശേരി എന്നിവർ സംസാരിച്ചു. ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മറുപടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/178374/as-the-third-metropolitan-of-kottapuram-diocese-dr-ambrose-was-anointed-in-the-new-house)