---
title: "#travel | സൗജന്യ ബസ്‌ യാത്ര;ടിക്കറ്റിനുപകരം യാത്രക്കാർക്ക്‌ ലഭിച്ചത്‌ മനുഷ്യച്ചങ്ങലയുടെ ബ്രോഷർ"
english_title: "#Free #bus #travel;#instead of #tickets, the #passengers got a #brochure of the #human #chain"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/177696/free-bus-travelinstead-of-tickets-the-passengers-got-a-brochure-of-the-human-chain"
published_at: "2024-01-18T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8db85b17b1_freebus.jpg"
keywords: []
---

# #travel | സൗജന്യ ബസ്‌ യാത്ര;ടിക്കറ്റിനുപകരം യാത്രക്കാർക്ക്‌ ലഭിച്ചത്‌ മനുഷ്യച്ചങ്ങലയുടെ ബ്രോഷർ

> **Lead Summary:** കൊച്ചി : ടിക്കറ്റിനുപകരം യാത്രക്കാർക്ക്‌ ലഭിച്ചത്‌ മനുഷ്യച്ചങ്ങലയുടെ ബ്രോഷർ.

## Article Content

കൊച്ചി : ടിക്കറ്റിനുപകരം യാത്രക്കാർക്ക്‌ ലഭിച്ചത്‌ മനുഷ്യച്ചങ്ങലയുടെ ബ്രോഷർ.

പിന്നാലെ, കേരളത്തെ തകർക്കാനുള്ള കേന്ദ്രസർക്കാരിന്റെ നയങ്ങൾ വളരെ ചുരുക്കി ഡിവൈഎഫ്‌ഐ പ്രവർത്തകരും നേതാക്കളും വിശദീകരിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാർ പറഞ്ഞു–- ‘-തീർച്ചയായും മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കും’.

ഡിവൈഎഫ്ഐ ഉദയംപേരൂർ സൗത്ത് മേഖലാ കമ്മിറ്റി മനുഷ്യച്ചങ്ങലയുടെ പ്രചാരണാർഥം സംഘടിപ്പിച്ച സൗജന്യ ബസ്‌ യാത്രയിലാണ്‌ യാത്രികർക്ക്‌ ബ്രോഷർ നൽകിയത്‌. പൂത്തോട്ടയിൽനിന്ന് എറണാകുളംവരെയായിരുന്നു സൗജന്യ സർവീസ്‌.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്‌, ജില്ലാ പ്രസിഡന്റ്‌ അനീഷ് എം മാത്യു എന്നിവർ ചേർന്ന്‌ ഫ്ലാഗ് ഓഫ്‌ ചെയ്തു. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം, നിയമന നിരോധനം, റെയിൽവേ യാത്രാദുരിതം എന്നിവയുൾപ്പെടെ മനുഷ്യച്ചങ്ങല സംഘടിപ്പിക്കാനുണ്ടായ സാഹചര്യങ്ങൾ യാത്രക്കാരോട്‌ വിശദീകരിച്ചു.

ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ ടി അഖിൽദാസ്, കെ വി കെ കിരൺരാജ്, രാഹുൽ സത്യൻ, കെ ആർ ബൈജു, സി എസ്‌ അഖിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബസിലെ പ്രചാരണം. മനുഷ്യച്ചങ്ങല വൻവിജയമാക്കാനുള്ള പ്രചാരണ പരിപാടികളാണ്‌ നാടെങ്ങും.

മുഴുവൻ യൂണിറ്റുകളിലും ഗൃഹസന്ദർശനം പുരോഗമിക്കുകയാണ്‌. സാംസ്‌കാരിക, സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഉൾപ്പെടെ മനുഷ്യച്ചങ്ങലയ്ക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

നാടിന്റെ വിവിധ ഭാഗങ്ങളിൽ സമരകോർണർ ഉയർന്നുകഴിഞ്ഞു. പാട്ടുവണ്ടി ഉൾപ്പെടെയുള്ള വ്യത്യസ്‌തമായ പ്രചാരണങ്ങളും നടക്കുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/177696/free-bus-travelinstead-of-tickets-the-passengers-got-a-brochure-of-the-human-chain)