---
title: "#Complaint | കനാൽബണ്ട്‌ റോഡിൽ മാലിന്യം തള്ളുന്നതായി പരാതി"
english_title: "#Complaint of #littering on #Canalbund #road"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/177621/complaint-of-littering-on-canalbund-road"
published_at: "2024-01-18T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8b375ea933_waste.jpg"
keywords: []
---

# #Complaint | കനാൽബണ്ട്‌ റോഡിൽ മാലിന്യം തള്ളുന്നതായി പരാതി

> **Lead Summary:** പെരുമ്പാവൂർ : പൂപ്പാനി റോഡിൽനിന്ന് മാർത്തോമ വനിതാ കോളേജിലേക്ക് പോകുന്ന കനാൽബണ്ട്‌ റോഡിൽ മാലിന്യം തള്ളുന്നതായി പരാതി.

## Article Content

പെരുമ്പാവൂർ : പൂപ്പാനി റോഡിൽനിന്ന് മാർത്തോമ വനിതാ കോളേജിലേക്ക് പോകുന്ന കനാൽബണ്ട്‌ റോഡിൽ മാലിന്യം തള്ളുന്നതായി പരാതി.

മാലിന്യം ശേഖരിക്കാൻ കരാർ എടുക്കുന്ന സംഘം നഗരത്തിന്റെ വിവിധഭാഗങ്ങളിലെ ആൾസഞ്ചാരം കുറഞ്ഞവഴികളിൽ മാലിന്യംതള്ളി രക്ഷപ്പെടുകയാണ്. ചാക്കിലും പ്ലാസ്റ്റിക്‌ കിറ്റുകളിലും നിറച്ച മാലിന്യങ്ങൾ രാത്രിയെത്തിയാണ് തള്ളുന്നത്.

കഴിഞ്ഞദിവസം കനാൽവെള്ളം തുറന്നപ്പോൾ മാലിന്യങ്ങൾ ഷട്ടറുകളിൽ തടഞ്ഞ് ഒഴുക്ക് നഷ്ടപ്പെട്ടിരുന്നു. മാലിന്യം നഗരസഭയെത്തി നീക്കിയാലും പിറ്റേന്നും ഇതുതന്നെയാണ് അവസ്ഥ. രായമംഗലം, കൂവപ്പടി മുടക്കുഴ പഞ്ചായത്തുകളിൽ ടോറസ് ലോറികളിൽ മാലിന്യം തള്ളിയവരെ പിടികൂടി നടപടിയെടുത്തിരുന്നു.

എറണാകുളം നഗരഭാഗത്തുനിന്നുള്ള മാലിന്യങ്ങളാണ് കൊണ്ടുവന്ന് തള്ളുന്നത്. കഴിഞ്ഞദിവസം ചേർന്ന താലൂക്ക് സഭായോഗത്തിൽ പെരിയാർവാലി ഉദ്യോഗസ്ഥർ കനാലിൽ മാലിന്യം തള്ളുന്നതിന്റെ പ്രശ്നം ഉന്നയിച്ചിരുന്നു.

മുനിസിപ്പൽ, പഞ്ചായത്ത് കമ്മിറ്റികൾ, കുടുംബശ്രീകൾ, റസിഡന്റ് അസോസിയേഷൻ, സന്നദ്ധസംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/177621/complaint-of-littering-on-canalbund-road)