---
title: "#doctor | യാത്രയ്‌ക്കിടെ ശ്വാസതടസ്സം നേരിട്ട വിമാനയാത്രികന് രക്ഷകനായി സഹയാത്രികനായ ഡോക്ടർ"
english_title: "A #doctor who was a fellow #passenger came to the rescue of a #passenger who had #difficulty #breathing during the journey"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/177619/a-doctor-who-was-a-fellow-passenger-came-to-the-rescue-of-a-passenger-who-had-difficulty-breathing-during-the-journey"
published_at: "2024-01-18T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8b2bb12a4d_aaluva.jpg"
keywords: []
---

# #doctor | യാത്രയ്‌ക്കിടെ ശ്വാസതടസ്സം നേരിട്ട വിമാനയാത്രികന് രക്ഷകനായി സഹയാത്രികനായ ഡോക്ടർ

> **Lead Summary:** ആലുവ : യാത്രയ്‌ക്കിടെ ശ്വാസതടസ്സം നേരിട്ട വിമാനയാത്രികന് രക്ഷകനായി സഹയാത്രികനായ ഡോക്ടർ.

## Article Content

ആലുവ : യാത്രയ്‌ക്കിടെ ശ്വാസതടസ്സം നേരിട്ട വിമാനയാത്രികന് രക്ഷകനായി സഹയാത്രികനായ ഡോക്ടർ.

ആലുവ രാജഗിരി ആശുപത്രിയിലെ സീനിയർ ഹെപ്പറ്റോളജിസ്റ്റ്‌ ഡോ. സിറിയക് അബി ഫിലിപ്പാണ് ജീവൻരക്ഷാപ്രവർത്തനം നടത്തിയത്‌. 14ന് രാത്രി ആകാശ എയർലൈൻസിൽ കൊച്ചിയിൽനിന്ന് മുംബൈയിലേക്ക് പോകുന്നതിനിടെ കുറഞ്ഞ ഓക്‌സിജൻ അളവും ഉയർന്ന രക്തസമ്മർദവുംമൂലം സഹയാത്രികന്‌ ശ്വാസതടസ്സം നേരിട്ടു.

വിമാന ജീവനക്കാരി നെബുലൈസർ നൽകിയെങ്കിലും ആശ്വാസം ലഭിച്ചില്ല. ഉടൻ തൊട്ടടുത്ത സീറ്റിലിരുന്ന ഡോ. അബി സിറിയക് രോഗിയെ പരിശോധിച്ചു. ഇടതുവശത്തെ ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞിരിക്കുന്നുവെന്നും പ്ലൂറൽ എഫ്യൂഷൻ എന്ന അവസ്ഥയാണെന്നും കണ്ടെത്തി.

അർധബോധാവസ്ഥയിലായിരുന്ന യാത്രക്കാരനിൽനിന്ന്‌ വൃക്ക തകരാറിലാണെന്നും ആഴ്ചയിൽ മൂന്നുദിവസം ഡയാലിസിസ് ചെയ്യുന്നുണ്ടെന്നും മനസ്സിലാക്കി. അമിതരക്തസമ്മർദത്തിന് കഴിക്കുന്ന മരുന്നിന്റെ കുറിപ്പുകൾ ഫോണിൽനിന്ന്‌ ലഭിച്ചു.

രക്തസമ്മർദം കുറയ്ക്കാനുള്ള മരുന്ന് കൈകളിലെ ഞരമ്പിലൂടെ കുത്തിവയ്‌ക്കാനുള്ള ഡോക്ടറുടെ ശ്രമം വിജയിച്ചില്ല. തുടർന്ന് രോഗിയെ തിരിച്ചുകിടത്തി മസിലിൽ മരുന്ന് കുത്തിവച്ചു. ഇതോടെ രക്തസമ്മർദം നിയന്ത്രണവിധേയമായി.

വിമാനം മുംബൈയിൽ ഇറങ്ങിയ ഉടൻ രോഗിയെ അടുത്തുള്ള ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

അടിയന്തര ഡയാലിസിസിന് വിധേയനായ രോഗി സുഖംപ്രാപിച്ചുവരുന്നു. ഡോ. സിറിയക് അബി ഫിലിപിന്റെ സമയോചിത ജീവൻരക്ഷാപ്രവർത്തനത്തിന് യാത്രക്കാരന്റെ കുടുംബവും ആകാശ വിമാന കമ്പനി ഉടമ ആദിത്യ ഘോഷും നന്ദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/177619/a-doctor-who-was-a-fellow-passenger-came-to-the-rescue-of-a-passenger-who-had-difficulty-breathing-during-the-journey)