---
title: "#inauguration | ജനറൽ ആശുപത്രി ഡയാലിസിസ് ബ്ലോക്ക് ഉദ്ഘാടനം നാളെ"
english_title: "#General #hospital #dialysis #block #inauguration #tomorrow"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/177617/general-hospital-dialysis-block-inauguration-tomorrow"
published_at: "2024-01-18T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8b1cc50494_block.jpg"
keywords: []
---

# #inauguration | ജനറൽ ആശുപത്രി ഡയാലിസിസ് ബ്ലോക്ക് ഉദ്ഘാടനം നാളെ

> **Lead Summary:** കൊച്ചി : എറണാകുളം ജനറൽ ആശുപത്രിയിൽ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ ഡയാലിസിസ്‌ യൂണിറ്റ്‌ വെള്ളിയാഴ്‌ച ഉദ്‌ഘാടനം ചെയ്യും.

## Article Content

കൊച്ചി : എറണാകുളം ജനറൽ ആശുപത്രിയിൽ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ ഡയാലിസിസ്‌ യൂണിറ്റ്‌ വെള്ളിയാഴ്‌ച ഉദ്‌ഘാടനം ചെയ്യും.

വൈകിട്ട്‌ അഞ്ചിന്‌ ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്യും. നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും. രാജ്യത്തെ സർക്കാർ ആശുപത്രികളിലെതന്നെ ഏറ്റവും വലിയ ഡയാലിസിസ്‌ യൂണിറ്റാണിത്‌.

ആശുപത്രി ക്യാമ്പസിലുള്ള പുതിയ യൂണിറ്റിൽ മൂന്നു ഷിഫ്‌റ്റിലായി ദിവസം 162 പേർക്ക്‌ ഡയാലിസിസ്‌ ചെയ്യാം. നിലവിൽ 23 കിടക്കകളുള്ള യൂണിറ്റിൽ 60 പേർക്കായിരുന്നു ഡയാലിസിസ്‌ സൗകര്യം. 10 കോടി രൂപ ചെലവഴിച്ചാണ്‌ ആധുനിക സംവിധാനങ്ങൾ ഒരുക്കിയത്‌.

ആശുപത്രി വികസനഫണ്ടിൽനിന്ന് ഒന്നരക്കോടിയും ഹൈബി ഈഡന്റെ എംഎൽഎ ഫണ്ടിൽനിന്നുള്ള രണ്ടുകോടിയും ഉപയോഗിച്ചാണ്‌ മൂന്നുനില കെട്ടിടം നിർമിച്ചത്‌. 54 ഡയാലിസിസ്‌ കിടക്കകളാണ്‌ (യൂണിറ്റുകൾ) ഇവിടെയുള്ളത്‌.

റോട്ടറി ക്ലബ്ബുകൾ, കൊച്ചി കപ്പൽശാല, ഇന്ത്യൻ ഓയിൽ കോർപറേഷൻ എന്നിവയുടെ സിഎസ്‌ആർ ഫണ്ടും വിനിയോഗിച്ചിട്ടുണ്ട്‌. ഹീമോഡയാലിസിസിനും പെരിടോണിയൽ ഡയാലിസിസിനുമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടാകും. രണ്ട്‌ മെഷീനുകൾ എച്ച്‌ഐവി രോഗികൾക്കായി മാറ്റിവച്ചിട്ടുണ്ട്‌. ഒപി രോഗികൾക്കും ഡയാലിസിസ്‌ സൗകര്യമുണ്ട്‌.

രോഗികളിൽ 90 ശതമാനത്തിനും കാസ്‌പ്‌, കാരുണ്യ പദ്ധതിവഴി ചികിത്സ സൗജന്യമാണ്‌. നിലവിൽ ചൊവ്വയും വെള്ളിയുമാണ്‌ വൃക്കരോഗ ഒപി പ്രവർത്തനം.

സീനിയർ നെഫ്രോളജിസ്‌റ്റിനെ കൂടാതെ രണ്ട്‌ ജൂനിയർ ഡോക്‌ടർമാരുടെ സേവനവുമുണ്ട്‌. പുതിയ സംവിധാനത്തിൽ ഡയാലിസിസ് ടെക്‌നീഷ്യൻമാർ, നെഫ്രോളജിസ്റ്റ്, സ്റ്റാഫ് ടെക്‌നീഷ്യൻമാർ, ക്ലീനിങ്‌ സ്റ്റാഫ് ഉൾപ്പെടെ 200 ഒാളം ജീവനക്കാർ ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/177617/general-hospital-dialysis-block-inauguration-tomorrow)