---
title: "#collapsed | താലൂക്ക് ഗവ. ആശുപത്രിയിലെ ഓടിട്ട പഴയ കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നുവീണു"
english_title: "#Taluk Govt. A part of the old #building of the Whospital #collapsed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/177599/taluk-govt-a-part-of-the-old-building-of-the-whospital-collapsed"
published_at: "2024-01-18T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8abd532fec_hospital.jpg"
keywords: []
---

# #collapsed | താലൂക്ക് ഗവ. ആശുപത്രിയിലെ ഓടിട്ട പഴയ കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നുവീണു

> **Lead Summary:** പറവൂർ : താലൂക്ക് ഗവ. ആശുപത്രിയിലെ ഓടിട്ട പഴയ കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നുവീണു. ബുധൻ രാത്രി ഏഴിനാണ് സംഭവം.

## Article Content

പറവൂർ : താലൂക്ക് ഗവ. ആശുപത്രിയിലെ ഓടിട്ട പഴയ കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നുവീണു. ബുധൻ രാത്രി ഏഴിനാണ് സംഭവം.

ആശുപത്രി കാന്റീൻ പ്രവർത്തിക്കുന്നതിനുസമീപത്തുള്ള ഉപയോഗശൂന്യമായ കെട്ടിടമാണ് ഭാഗികമായി ഇടിഞ്ഞുവീണത്. മുമ്പ് എക്സ്‌റേ യൂണിറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്. കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന രണ്ട് സ്കൂട്ടറുകൾക്ക് ചെറിയകേടുപാട് സംഭവിച്ചിട്ടുണ്ട്.

പകൽസമയത്ത് നിരവധി ആളുകൾ വന്നുനിൽക്കുന്ന സ്ഥലമാണിത്‌. ജീർണാവസ്ഥയിൽ നിൽക്കുന്ന ഉപയോഗശൂന്യമായ നിരവധി കെട്ടിടങ്ങൾ ഇവിടെയുണ്ട്. ഇവ പൊളിച്ചുമാറ്റുന്നതിന് എംഎൽഎയും ആശുപത്രിയുടെ നിർവഹണച്ചുമതലയുള്ള നഗരസഭാ അധികൃതരും കാലതാമസം വരുത്തുന്നതാണ് ഇതുപോലുള്ള അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നത്.

ഒരുവർഷംമുമ്പ് കാലപ്പഴക്കം ചെന്ന മറ്റൊരു കെട്ടിടത്തിന് തീപിടിച്ചിരുന്നു. വർഷങ്ങളായി ഉപയോഗിക്കാതെ ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങൾ ആശുപത്രിവളപ്പിൽനിന്ന് നീക്കം ചെയ്യണമെന്ന്‌ ആശുപത്രി വികസനസമിതി നേരത്തേ ആവശ്യപ്പെട്ടിരുന്നെന്ന് നഗരസഭാ പ്രതിപക്ഷനേതാവ് ടി വി നിധിൻ പറഞ്ഞു.

എന്നാൽ, നഗരസഭയും എംഎൽഎയും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. സംഭവത്തിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ആശുപത്രിക്കുമുന്നിൽ ധർണ നടത്തി.

ആശുപത്രിവികസനത്തിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനും നഗരസഭയും കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും പഴയ കെട്ടിടങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/177599/taluk-govt-a-part-of-the-old-building-of-the-whospital-collapsed)