---
title: "#Ernakulam | എറണാകുളം ജനറൽ ആശുപത്രിയിൽ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ ഡയാലിസിസ്‌ യൂണിറ്റ്‌ ഒരുങ്ങി"
english_title: "#Ernakulam #General #Hospital has a new #dialysis unit with state-of-the-art #equipment"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/176287/ernakulam-general-hospital-has-a-new-dialysis-unit-with-state-of-the-art-equipment"
published_at: "2024-01-12T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a0f2b66ea55_hospital.jpg"
keywords: []
---

# #Ernakulam | എറണാകുളം ജനറൽ ആശുപത്രിയിൽ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ ഡയാലിസിസ്‌ യൂണിറ്റ്‌ ഒരുങ്ങി

> **Lead Summary:** കൊച്ചി : എറണാകുളം ജനറൽ ആശുപത്രിയിൽ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ ഡയാലിസിസ്‌ യൂണിറ്റ്‌ ഒരുങ്ങി.

## Article Content

കൊച്ചി : എറണാകുളം ജനറൽ ആശുപത്രിയിൽ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ ഡയാലിസിസ്‌ യൂണിറ്റ്‌ ഒരുങ്ങി.

പുതിയ ഡയാലിസിസ് ബ്ലോക്ക്‌ ജനുവരി അവസാന വാരത്തോടെ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ ആശുപത്രി സൂപ്രണ്ട്‌ ആർ ഷാഹിർഷാ പറഞ്ഞു. രാജ്യത്തെ സർക്കാർ ആശുപത്രികളിലെതന്നെ ഏറ്റവും വലിയ യൂണിറ്റാണിത്‌.

ആശുപത്രി ക്യാമ്പസിലെ പുതിയ യൂണിറ്റിൽ മൂന്നു ഷിഫ്‌റ്റിലായി ദിവസം 162 പേർക്ക്‌ ഡയാലിസിസ്‌ ചെയ്യാം. നിലവിൽ 60 പേർക്കായിരുന്നു ഡയാലിസിസ്‌ സൗകര്യം. 23 കിടക്കകൾമാത്രമാണ്‌ ഉണ്ടായിരുന്നത്‌. 10 കോടി

രൂപ ചെലവഴിച്ചാണ്‌ ആധുനിക സംവിധാനങ്ങൾ ഒരുക്കിയത്‌. ആശുപത്രി വികസന ഫണ്ടിൽനിന്ന് ഒന്നരക്കോടിയും ഹൈബി ഈഡന്റെ എംഎൽഎ ഫണ്ടിൽനിന്നുള്ള രണ്ടുകോടിയും ഉപയോഗിച്ചാണ്‌ മൂന്നുനില കെട്ടിടം നിർമിച്ചത്‌. 54 ഡയാലിസിസ്‌ കിടക്കകളാണ്‌ (യൂണിറ്റുകൾ) ഇവിടെയുള്ളത്‌.

കിടക്കയും ബെഡ്‌സൈഡ്‌ ലോക്കറും കാർഡിയാക്‌ ടേബിളും മോണിറ്ററും ഡയാലിസിസ്‌ മെഷീനും അടങ്ങുന്നതാണ്‌ ഒരു യൂണിറ്റ്‌. മൂന്ന്‌ റോട്ടറി ക്ലബ്ബുകളുടെയും കൊച്ചിൻ ഷിപ്‌യാർഡിന്റെയും സിഎസ്‌ആർ ഫണ്ട്‌ ഉപയോഗിച്ചാണ്‌ യൂണിറ്റുകൾ സജ്ജമാക്കിയത്‌.

ഹീമോഡയാലിസിസിനും പെരിടോണിയൽ ഡയാലിസിസിനുമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടാകും. ലിഫ്‌റ്റും കേന്ദ്രീകൃത എസി സംവിധാനവും ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സിഎസ്‌ആർ ഫണ്ട്‌ ഉപയോഗിച്ചാണ്‌ ഒരുക്കിയത്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/176287/ernakulam-general-hospital-has-a-new-dialysis-unit-with-state-of-the-art-equipment)