---
title: "#Gyanotsav | സെന്റ് സേവ്യേഴ്സ് വനിതാ കോളേജ് വജ്രജൂബിലി ‘ഗ്യാനോത്സവ്'  ശ്രദ്ധേയമാകുന്നു"
english_title: "St. Xavier's# Women's #College #Diamond #Jubilee '#Gyanotsav' gets #noticed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/176286/st-xaviers-womens-college-diamond-jubilee-gyanotsav-gets-noticed"
published_at: "2024-01-12T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a0f1f91b55b_aaluva.jpg"
keywords: []
---

# #Gyanotsav | സെന്റ് സേവ്യേഴ്സ് വനിതാ കോളേജ് വജ്രജൂബിലി ‘ഗ്യാനോത്സവ്'  ശ്രദ്ധേയമാകുന്നു

> **Lead Summary:** ആലുവ : സെന്റ് സേവ്യേഴ്സ് വനിതാ കോളേജ് വജ്രജൂബിലി ‘ഗ്യാനോത്സവ്' എക്സിബിഷൻ വൈവിധ്യമാർന്ന പരിപാടികളും പ്രദർശനങ്ങളുകൊണ്ട്‌ ശ്രദ്ധേയമാകുന്നു.

## Article Content

ആലുവ : സെന്റ് സേവ്യേഴ്സ് വനിതാ കോളേജ് വജ്രജൂബിലി ‘ഗ്യാനോത്സവ്' എക്സിബിഷൻ വൈവിധ്യമാർന്ന പരിപാടികളും പ്രദർശനങ്ങളുകൊണ്ട്‌ ശ്രദ്ധേയമാകുന്നു.

ഇരട്ട ലോകറെക്കോഡ് ലക്ഷ്യത്തിൽ 60 കുട്ടികൾ ചേർന്ന് 60 പ്രകൃതിദത്തവിഭവങ്ങളിൽനിന്ന് 60 വ്യത്യസ്ത ഇനത്തിൽപ്പെട്ട 600 സോപ്പുകളും 20 കുട്ടികൾ ചേർന്ന് 60 വ്യത്യസ്ത ഇനത്തിലുള്ള 600 ലഡുവും നിർമിച്ചാണ് കൊൽക്കത്ത ആസ്ഥാനമായുള്ള യൂണിവേഴ്സൽ റെക്കോഡ് ഫോറത്തിന്റെ ലോക റെക്കോഡിന് അർഹമായത്.

പഴങ്ങളും പച്ചക്കറിയും ഇലവർഗങ്ങളും മില്ലെറ്റുകളും ഉപയോഗിച്ചായിരുന്നു ലഡുനിർമാണം. സാധാരണ ലഡുമുതൽ ബ്രസീൽ നട്ട്, കാരറ്റ്, ബീറ്റ്റൂട്ട്, മുരിങ്ങയില തുടങ്ങി കാന്താരിമുളകുവരെ ഉപയോഗിച്ചുള്ള ലഡുവാണ് നിർമിച്ചത്.

സാവ്കെയർ ഹെർബൽ സോപ്പുനിർമാണം എന്ന പരിപാടിയിൽ പ്രകൃതിദത്തവിഭവങ്ങളായ ചെമ്പരത്തി, രക്തചന്ദനം, പേരയില, ഒലീവ്, നാരകം ഇല, വാഴയില തുടങ്ങി വ്യത്യസ്തങ്ങളായ 60 ഇനം ഹെർബൽ സോപ്പുകളാണ് നിർമിച്ചത്.

യൂണിവേഴ്സൽ റെക്കോഡ് ഫോറം പ്രസിഡന്റ് ഗിന്നസ് സൗദീപ് ചാറ്റർജി, ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, ഏഷ്യൻ ജൂറി ഡോ. ജോൺസൺ വി ഇടിക്കുള എന്നിവരടങ്ങിയ ജൂറി രേഖകൾ പരിശോധിച്ച് റെക്കോഡിന് അംഗീകാരം നൽകി. കേരള സ്റ്റേറ്റ് ഗുഡ്സ് ആൻഡ്‌ ടാക്സ് ഡിപ്പാർട്ട്മെന്റ് എൻഫോഴ്സ്മെന്റ് ഡെപ്യൂട്ടി കമീഷണര്‍ എസ് റെജി നിരീക്ഷകനായി.

പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ്, മാനേജർ സിസ്റ്റർ ചാൾസ്, ജൂബിലി കോ–-ഓർഡിനേറ്റർമാരായ ഡോ. കെ സൗമി മേരി, ഡോ. സിസ്റ്റർ ഷാരിൻ, ഡോ. ന്യൂലി ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബി എസ് നന്ദന, വി എസ് അശ്വതി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ലഡുനിർമാണം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/176286/st-xaviers-womens-college-diamond-jubilee-gyanotsav-gets-noticed)