---
title: "#arrested | മയക്കുമരുന്ന് വിൽപ്പന നടത്തുന്ന മൂന്നാംകണ്ണ്‌ സംഘത്തിലെ പ്രധാനികൾ പിടിയിൽ"
english_title: "The #leaders of the #third @eye drug selling #gang have been #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/175987/the-leaders-of-the-third-eye-drug-selling-gang-have-been-arrested"
published_at: "2024-01-11T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659f6b272044f_mda.jpg"
keywords: []
---

# #arrested | മയക്കുമരുന്ന് വിൽപ്പന നടത്തുന്ന മൂന്നാംകണ്ണ്‌ സംഘത്തിലെ പ്രധാനികൾ പിടിയിൽ

> **Lead Summary:** **കൊച്ചി :** മറൈൻഡ്രൈവ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന മൂന്നാംകണ്ണ്‌ സംഘത്തിലെ പ്രധാനികൾ പിടിയിൽ.

## Article Content

**കൊച്ചി :** മറൈൻഡ്രൈവ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന മൂന്നാംകണ്ണ്‌ സംഘത്തിലെ പ്രധാനികൾ പിടിയിൽ.

പെരുമ്പാവൂർ മുടിക്കൽ സ്വദേശി മുച്ചേത്ത് എം എസ്‌ അജ്മൽ (മാജിക് മെഹന്ദി–-33), പള്ളുരുത്തി ചിറക്കൽ ബ്രിഡ്ജ് സ്വദേശി പി എം ഷമീർ (47), എളംകുളം കോർപറേഷൻ കോളനി കുളങ്ങത്തറ വിഷ്ണു (24) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്‌.

അജ്‌മലിന്റെയും ഷമീറിന്റെയും പക്കൽനിന്ന് 6.5 ഗ്രാം എംഡിഎംഎയും മൂന്ന് ഫോണും 9500 രൂപയും വിഷ്ണുവിന്റെ പക്കൽനിന്ന് 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

അജ്മൽ, ഷമീർ എന്നിവർ സോഷ്യൽ മീഡിയവഴി മൂന്നാംകണ്ണ് എന്ന ഗ്രൂപ്പ് സൃഷ്ടിച്ച്‌ അതിലൂടെ മറൈൻഡ്രൈവ് ഭാഗത്ത് എംഡിഎംഎ ഇടപാട്‌ നടത്തുന്നവരാണ്‌. സിസിടിവി മുഖേന നടത്തിയ പരിശോധനയിലാണ്‌ ഇരുവരും കുടുങ്ങിയത്‌.

ഇവർ താമസിച്ചിരുന്ന ടിഡി റോഡിലെ അപ്പാർട്ട്‌മെന്റ്‌ എക്‌സൈസ്‌ കണ്ടെത്തി. ഇവിടെനിന്നാണ് ബുധൻ പുലർച്ചെ ഒന്നോടെ ഇരുവരെയും മയക്കുമരുന്നുമായി പിടികൂടിയത്‌. ഫോൺ പരിശോധിച്ചതിൽ നിരവധി യുവാക്കൾ ഇവരുടെ പക്കൽനിന്ന് മയക്കുമരുന്ന് വാങ്ങിയെന്ന്‌ കണ്ടെത്തി.

ഇവരിൽനിന്ന് കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നിരവധി മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ചുള്ള വളരെ നിർണായക വിവരങ്ങൾ ലഭിച്ചു. മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ് ഇരുവരും. വിഷ്‌ണുവിനെ മറൈൻഡ്രൈവിൽനിന്നാണ്‌ പിടിച്ചത്‌.

മറൈൻ വാക്‌വേ, ക്യൂൻസ്‌വേ എന്നിവിടങ്ങളിൽ പരിശോധന തുടരുമെന്ന്‌ എക്‌സൈസ്‌ അസിസ്റ്റന്റ്‌ കമീഷണർ ടി എൻ സുധീർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/175987/the-leaders-of-the-third-eye-drug-selling-gang-have-been-arrested)