---
title: "#kochi | സ്‌ത്രീകൾ ഏറ്റവും സുരക്ഷിതരായ ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ കൊച്ചി മൂന്നാംസ്ഥാനത്ത്‌"
english_title: "#Kochi #ranks #third in the list of #safest #Indian cities for #women"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/175504/kochi-ranks-third-in-the-list-of-safest-indian-cities-for-women"
published_at: "2024-01-09T05:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659c94d6d3fa6_kochi.jpg"
keywords: []
---

# #kochi | സ്‌ത്രീകൾ ഏറ്റവും സുരക്ഷിതരായ ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ കൊച്ചി മൂന്നാംസ്ഥാനത്ത്‌

> **Lead Summary:** **കൊച്ചി : ** സ്‌ത്രീകൾ ഏറ്റവും സുരക്ഷിതരായ ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ കൊച്ചി, തിരുവനന്തപുരം നഗരങ്ങൾ മൂന്നും നാലും സ്ഥാനത്ത്‌.

## Article Content

**കൊച്ചി : ** സ്‌ത്രീകൾ ഏറ്റവും സുരക്ഷിതരായ ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ കൊച്ചി, തിരുവനന്തപുരം നഗരങ്ങൾ മൂന്നും നാലും സ്ഥാനത്ത്‌.

പത്തുലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിലാണ്‌ ആദ്യപത്തിൽ കൊച്ചിയും തിരുവനന്തപുരവും മൂന്നും നാലും സ്ഥാനങ്ങളിലെത്തിയത്‌. സ്‌ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിലൂടെ അവരുടെ ശാക്തീകരണം ലക്ഷ്യമിട്ട്‌ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘അവതാർ’ തയ്യാറാക്കിയ റിപ്പോർട്ട്‌ പ്രകാരമാണിത്‌.

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി, വെല്ലൂർ നഗരങ്ങളാണ്‌ ഒന്നും രണ്ടും സ്ഥാനത്ത്‌. പത്തുലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ 64 നഗരങ്ങളിലായിരുന്നു പഠനം. അഭിപ്രായ സർവേ, തെരഞ്ഞെടുക്കപ്പെട്ടവരുടെ ഗ്രൂപ്പ്‌ ചർച്ച എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു വിവരശേഖരണം.

കഴിഞ്ഞ ജൂലൈമുതൽ ഡിസംബർവരെ നടത്തിയ വിവരശേഖരണത്തിൽ നഗരങ്ങളിൽ തൊഴിലെടുക്കുന്ന 1200 സ്‌ത്രീകൾ പങ്കെടുത്തു. വിവരങ്ങൾ വിശകലനം ചെയ്‌ത്‌ നഗരങ്ങൾക്ക്‌ ലഭിച്ച പോയിന്റുകളുടെ അടിസ്ഥാനത്തിലാണ്‌ റാങ്ക്‌ നിശ്ചയിച്ചത്‌.

നഗരങ്ങളിലെ തൊഴിലെടുക്കുന്ന സ്‌ത്രീകളുടെ എണ്ണം, സ്‌ത്രീസുരക്ഷ ഉറപ്പാക്കുന്ന സാമൂഹ്യസാഹചര്യം, വിദ്യാഭ്യാസയോഗ്യത, ആരോഗ്യം, പാർപ്പിടം, കുടിവെള്ളം, ഗതാഗതം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ നഗരങ്ങൾ പ്രദാനം ചെയ്യുന്ന ജീവിതനിലവാരം, സ്‌ത്രീ തൊഴിലാളികളെ പരിഗണിക്കുന്ന സ്ഥാപനങ്ങൾ എന്നിവ വിലയിരുത്തുന്നതായിരുന്നു വിവരശേഖരണം.

ഷിംല, സേലം, ഈറോഡ്‌, തിരുപ്പുർ, ഗുരുഗ്രാം, പുതുശേരി എന്നിവയാണ്‌ രണ്ടാംവിഭാഗത്തിലെ നാലുമുതൽ പത്തുവരെ സ്ഥാനങ്ങളിലുള്ള നഗരങ്ങൾ. പത്തുലക്ഷത്തിന്‌ മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ ചെന്നൈ, ബംഗളൂരു, പുണെ നഗരങ്ങളാണ്‌ ആദ്യ മൂന്നു സ്ഥാനങ്ങളിൽ.

മുംബൈ, ഹൈദരാബാദ്‌, കൊൽക്കത്ത, അഹമ്മദാബാദ്‌, ഡൽഹി, കോയമ്പത്തൂർ, ജയ്‌പുർ നഗരങ്ങൾ നാലുമുതൽ പത്തുവരെ സ്ഥാനങ്ങളിലും.

ഈ വിഭാഗത്തിൽ ആകെ 49 നഗരങ്ങളിലായിരുന്നു സർവേ. ജനസംഖ്യക്കൊപ്പം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്കുള്ള നഗരങ്ങളെയാണ്‌ സർവേയിൽ പരിഗണിച്ചത്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/175504/kochi-ranks-third-in-the-list-of-safest-indian-cities-for-women)