---
title: "#complaint | കോൺഗ്രസ്‌ ഗ്രൂപ്പ്‌പോര്‌: ഡിസിസി സെക്രട്ടറി  പൊലീസിന്‌ പരാതി നൽകി"
english_title: "#Congress group #war: #DCC #secretary #lodged a #complaint with the #police"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/175236/congress-group-war-dcc-secretary-lodged-a-complaint-with-the-police"
published_at: "2024-01-07T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659aae914a9ac_udf.jpg"
keywords: []
---

# #complaint | കോൺഗ്രസ്‌ ഗ്രൂപ്പ്‌പോര്‌: ഡിസിസി സെക്രട്ടറി  പൊലീസിന്‌ പരാതി നൽകി

> **Lead Summary:** **തൃക്കാക്കര :** ഡിസിസി ഓഫീസിൽ കൈയാങ്കളിക്കിടയാക്കിയ ഗ്രൂപ്പ്‌പോരിന്റെ തുടർച്ചയായി തൃക്കാക്കരയിൽ നടന്ന ഏറ്റുമുട്ടലിനെക്കുറിച്ച്‌ പൊലീസിൽ പരാതി.

## Article Content

**തൃക്കാക്കര :** ഡിസിസി ഓഫീസിൽ കൈയാങ്കളിക്കിടയാക്കിയ ഗ്രൂപ്പ്‌പോരിന്റെ തുടർച്ചയായി തൃക്കാക്കരയിൽ നടന്ന ഏറ്റുമുട്ടലിനെക്കുറിച്ച്‌ പൊലീസിൽ പരാതി.

കോൺഗ്രസ് തൃക്കാക്കര ബ്ലോക്ക് പ്രസിഡന്റിന്റെ നിർദേശപ്രകാരം ഗുണ്ടകളെത്തി വധഭീഷണി മുഴക്കിയതായി ഡിസിസി സെക്രട്ടറിയും നഗരസഭാ മുൻ ചെയർമാനുമായ പി ഐ മുഹമ്മദാലി തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമീഷണർക്ക് പരാതി നൽകി.

പരാതി തൃക്കാക്കര പൊലീസിന് കൈമാറിയതായി കമീഷണർ പി വി ബേബി പറഞ്ഞു. ഐ ഗ്രൂപ്പുകാരൻ തൃക്കാക്കര ബ്ലോക്ക് പ്രസിഡന്റ് റാഷിദ് ഉള്ളംപിള്ളിയും എ ഗ്രൂപ്പുകാരൻ ഇടച്ചിറ ബൂത്ത് പ്രസിഡന്റ്‌ പി എസ്‌ നൗഷാദും ഡിസംബർ 13ന് കലക്ടറേറ്റ് കവലയിൽ ഏറ്റുമുട്ടിയിരുന്നു.

തുടർന്ന് റാഷിദ് ഉള്ളംപിള്ളിയുടെ അനുയായികൾ സംഘടിച്ചെത്തി ഇടച്ചിറയിൽ മുഹമ്മദാലിയുടെ വീട്ടിലെത്തി വധഭീഷണി മുഴക്കിയെന്നാണ്‌ പരാതി. രാത്രി 10 മുതൽ പുലർച്ചെ രണ്ടുവരെ വീടുവളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും വീട്ടിലേക്ക് ബോംബ് എറിയുമെന്ന്‌ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

വീട്ടിലെ സംഘർഷാവസ്ഥ കണ്ട്‌ രക്തസമ്മർദംകൂടി തളർന്നുവീഴുകയും പക്ഷാഘാതം സംഭവിച്ച്‌ ആശുപത്രിയിൽ ചികിത്സയിലാണെന്നും മുഹമ്മദാലി പരാതിയിൽ പറയുന്നു.

ഇക്കാര്യങ്ങൾ കാണിച്ച്‌ കഴിഞ്ഞ ദിവസം മുഹമ്മദാലിയും മണ്ഡലത്തിലെ എ ഗ്രൂപ്പ് നേതാക്കളും കോൺഗ്രസ് സംസ്ഥാന നേതാക്കൾക്ക് പരാതി നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/175236/congress-group-war-dcc-secretary-lodged-a-complaint-with-the-police)