---
title: "#maneed | 6 കുടുംബങ്ങൾക്ക് സ്വപ്നക്കൂടൊരുക്കി ഒരു കുടുംബം നാടിന് മാതൃകയാവുകയാണ്"
english_title: "One #family is #becoming a #model for the #country by #preparing a #dream #house for 6 #families"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/174968/one-family-is-becoming-a-model-for-the-country-by-preparing-a-dream-house-for-6-families"
published_at: "2024-01-06T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65990b36a3edb_maneed_.jpg"
keywords: []
---

# #maneed | 6 കുടുംബങ്ങൾക്ക് സ്വപ്നക്കൂടൊരുക്കി ഒരു കുടുംബം നാടിന് മാതൃകയാവുകയാണ്

> **Lead Summary:** **മണീട് : ** ഗ്രാമ പഞ്ചായത്തിലെ ഏഴയ്ക്കരനാട് കരിക്കാട്ടുപടിയിൽ വറ്റാത്ത കാരുണ്യത്തിന്റെ നിറ രൂപമായി 6 കുടുംബങ്ങൾക്ക് കയറിക്കിടക്കുവാൻ സ്വപ്നക്കൂടൊരുക്കി ഒരു കുടുംബം നാടിന് മാതൃകയാവുകയാണ്.

## Article Content

**മണീട് : ** ഗ്രാമ പഞ്ചായത്തിലെ ഏഴയ്ക്കരനാട് കരിക്കാട്ടുപടിയിൽ വറ്റാത്ത കാരുണ്യത്തിന്റെ നിറ രൂപമായി 6 കുടുംബങ്ങൾക്ക് കയറിക്കിടക്കുവാൻ സ്വപ്നക്കൂടൊരുക്കി ഒരു കുടുംബം നാടിന് മാതൃകയാവുകയാണ്.

മണീട് ഗ്രാമ പഞ്ചായത്തിൽ സ്ഥലം വാങ്ങി വീട് പണിത് താമസിക്കുവാൻ വന്ന അബ്രഹാം ബഞ്ചമിനും കടുംബവും ഒരു തീരുമാനമെടുത്തു.

തങ്ങൾ വീട് നിർമ്മിച്ച് താമസം തുടങ്ങുന്നതിന് മുൻപായി മണീട് പഞ്ചായത്തിലെ നിർധനരും, നിരാലംബരുമായ കുറച്ച് കുടുംബങ്ങൾക്ക് കയറിക്കിടക്കുവാൻ ഒരിടം ഒരുക്കിയതിനു ശേഷമേ തങ്ങൾ പുതിയ വീട്ടിൽ താമസം തുടങ്ങൂ എന്ന് തീരുമാനമെടുത്തു.

ആ സ്വപ്നം സഫലീകരിക്കുകയാണ്. സംരക്ഷിക്കുവാൻ ആരോരുമില്ലാത്തതും, കിടപ്പാടമില്ലാത്തതുമായ 6 കുടുംബങ്ങൾക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ വീടുകൾ പണി പൂർത്തീകരിച്ച് താക്കോൽ സമർപ്പണം നടത്തി.

കരിക്കാട്ടുപടിയിൽ 50 സെന്റ് സ്ഥലം വാങ്ങി അതിൽ 25 സെന്റ് ഗ്രാമ പഞ്ചായത്തിന് എഴുതി നൽകി അതിൽ മനോഹരമായി പണി പൂർത്തീകരിച്ച് പഞ്ചായത്തിനു നൽകിയ 6 വീടുകളുടെ ഗുണഭോക്താക്കളെ കണ്ടെത്തുവാൻ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകളിൽ നിന്ന് അപേക്ഷ സ്വീകരിച്ച് ഏറ്റവും അർഹതപ്പെട്ട 6 കുടുംബങ്ങളെയാണ് പദ്ധതിയിൽ തിരഞ്ഞെടുത്തിട്ടുള്ളത്.

ഓരോ കുടുംബത്തിനും ജീവിതാവസാനം വരെയും, ആവശ്യമെങ്കിൽ മക്കളുടെ കാലഘട്ടം വരെയും കഴിയുവാനുള്ള അവകാശമാണ് നൽകിയിട്ടുള്ളത്. ഏതെങ്കിലും ഒരു കുടുംബം ഒഴിവായാൽ മറ്റൊരു കുടുംബത്തെ തൽസ്ഥാനത്ത് പുനരധിവസിപ്പിക്കുന്ന വിധത്തിലാണ് പദ്ധതി ക്രമീകരിച്ചിട്ടുള്ളത്.

പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും സെക്രട്ടറി കൺവീനറുമായിട്ടുള്ള ദീപം പുനരധിവാസ മാനേജിംങ്ങ് കമ്മററിക്കാണ് പദ്ധതിയുടെ മേൽനോട്ടം. പദ്ധതിയുടെ സമർപ്പണവും, താക്കോൽ ദാനവും പഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് ബഹു. വി.ഡി  സതീശൻ നിർവ്വഹിച്ചു.

താക്കോൽ ദാനം മലങ്കര മർത്തോമ്മ സിറിയൻ സഭയുടെ റവ.ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ നിർവ്വഹിച്ചു.

കോട്ടയo എം.പി  ബഹു. തോമസ് ചാഴിക്കാടൻ മുഖ്യപ്രഭാഷണം നടത്തി.മുoബൈ പ്രസ് ക്ലബ്ബിന്റെ റെഡ് ഇൻക് പുരസ്കാര ജേതാവ് ശ്രീ. ടി.കെ പ്രദീപ് കുമാറിനെ ബഹു.എം.എല്‍.എ ശ്രീ. അനൂപ് ജേക്കബ് ആദരിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖ നേതാക്കന്മാർ അടക്കമുള്ളവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/174968/one-family-is-becoming-a-model-for-the-country-by-preparing-a-dream-house-for-6-families)