---
title: "#aaluva | കുട്ടമശേരിയുടെ നെല്ലറകളിൽ വീണ്ടും സമൃദ്ധിയുടെ കതിരുകളുയരും"
english_title: "In the #paddy #fields of #Kuttamassery, ears of #prosperity will #rise again"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/174662/in-the-paddy-fields-of-kuttamassery-ears-of-prosperity-will-rise-again"
published_at: "2024-01-05T06:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659752ecc0b33_nellara.jpg"
keywords: []
---

# #aaluva | കുട്ടമശേരിയുടെ നെല്ലറകളിൽ വീണ്ടും സമൃദ്ധിയുടെ കതിരുകളുയരും

> **Lead Summary:** **ആലുവ :** കുട്ടമശേരിയുടെ നെല്ലറകളിൽ വീണ്ടും സമൃദ്ധിയുടെ കതിരുകളുയരും.

## Article Content

**ആലുവ :** കുട്ടമശേരിയുടെ നെല്ലറകളിൽ വീണ്ടും സമൃദ്ധിയുടെ കതിരുകളുയരും.

കീഴ്മാട്–-കുട്ടമശേരി പ്രദേശത്തിന്റെ നെല്ലറകളായിരുന്ന കുണ്ടോപ്പാടം, തണങ്ങാട്, തുമ്പിച്ചാൽ, വട്ടച്ചാൽ പാടശേഖരങ്ങളാണ് സമിതികളും സംഘടനകളും കർഷകരും ചേർന്ന് കതിരണിയിക്കാൻ ഒരുക്കുന്നത്. 2016 വരെ തരിശായി കിടന്ന പാടശേഖരമായിരുന്നു 20 ഏക്കറുള്ള കുണ്ടോപ്പാടം.

കീഴ്മാട് പഞ്ചായത്ത്‌ അംഗമായിരുന്ന വി വി മന്മഥന്റെ നേതൃത്വത്തിൽ കുട്ടമശേരി പാടശേഖരസമിതി രൂപീകരിച്ച് ഇവിടെ കൃഷി ആരംഭിച്ചു. കുട്ടമശേരി സഹകരണ ബാങ്കിന്റെ സഹായവും ലഭിച്ചു. കുണ്ടോപ്പാടത്ത് പാടശേഖരസമിതി തുടർച്ചയായി ഏഴാംവർഷവും കൃഷിയിറക്കിയിരിക്കുകയാണ്.

> കാൽനൂറ്റാണ്ടിലധികം തരിശായി കിടന്നയിടമാണ് തുമ്പിച്ചാൽ–-വട്ടച്ചാൽ പാടശേഖരം. കീഴ്മാട് പഞ്ചായത്തിന്റെ ആവശ്യപ്രകാരം ഓപ്പറേഷൻ വാഹിനിയിൽ സർക്കാർ തുമ്പിച്ചാൽ ശുചീകരിച്ചതോടെ യുവാക്കളുടെ കൂട്ടായ്മയായ "കുട്ടമശേരി സൂര്യ പുരുഷസഹായ സംഘം' 2022ൽ കൃഷിയിറക്കി. നൂതന സാങ്കേതികത ഉപയോഗിച്ച കൃഷി വിജയമായി.

വീണ്ടും 15 ഏക്കറിലാണ് സൂര്യ പുരുഷസഹായ സംഘം കൃഷിയിറക്കുന്നത്. സംഘത്തിന്റേത് ഉൾപ്പെടെ 25 ഏക്കറിലധികം സ്ഥലത്താണ് തുമ്പിച്ചാൽ–- വട്ടച്ചാൽ പാടത്ത് കൃഷിയിറക്കുന്നത്. കുട്ടമശേരിയില്‍ നൂറുമേനി വിളയിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് യുവകർഷകരും കാർഷിക–-പാടശേഖര സമിതികളും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/174662/in-the-paddy-fields-of-kuttamassery-ears-of-prosperity-will-rise-again)