---
title: "#arrest | കസ്റ്റംസിന്റെ പേരിൽ വ്യാജസന്ദേശം ഡോക്‌ടറുടെ 41 ലക്ഷം തട്ടിയെടുത്ത 7 പേർ അറസ്റ്റിൽ"
english_title: "7 #people were #arrested for #defrauding a doctor of 41 lakhs in the name of #customs"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/174433/7-people-were-arrested-for-defrauding-a-doctor-of-41-lakhs-in-the-name-of-customs"
published_at: "2024-01-04T04:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6595ed67129e6_arrest2.jpg"
keywords: []
---

# #arrest | കസ്റ്റംസിന്റെ പേരിൽ വ്യാജസന്ദേശം ഡോക്‌ടറുടെ 41 ലക്ഷം തട്ടിയെടുത്ത 7 പേർ അറസ്റ്റിൽ

> **Lead Summary:** **കൊച്ചി :** കൊറിയറിൽ എംഡിഎംഎ ലഭിച്ചതായി കസ്റ്റംസിന്റെ പേരിൽ വ്യാജസന്ദേശം നൽകി ഡോക്ടറുടെ 41.61 ലക്ഷം തട്ടിയ കേസിൽ ഏഴുപേർ അറസ്റ്റിൽ.

## Article Content

**കൊച്ചി :** കൊറിയറിൽ എംഡിഎംഎ ലഭിച്ചതായി കസ്റ്റംസിന്റെ പേരിൽ വ്യാജസന്ദേശം നൽകി ഡോക്ടറുടെ 41.61 ലക്ഷം തട്ടിയ കേസിൽ ഏഴുപേർ അറസ്റ്റിൽ.

മലപ്പുറം സ്വദേശികളായ ചെമ്മലശേരിയിലെ എൻ മുഹമ്മദ്‌ അഫ്‌സൽ (27), കുഞ്ഞലവി (27), കൊളത്തൂരിലെ നിസാമുദീൻ ഐബക്‌ (20), സിദിഖ്‌ അഖ്‌ബർ (23) ഉൾപ്പെടെയുള്ളവരെയാണ് പാലാരിവട്ടം പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌.

ഇടപ്പള്ളി സ്വദേശിയായ ഡോക്ടറാണ്‌ തട്ടിപ്പിനിരയായത്‌. ഇദ്ദേഹത്തിന്റെ കൊറിയറിൽ എംഡിഎംഎ, പാസ്‌പോർട്ടുകൾ എന്നിവ കണ്ടെത്തിയെന്ന്‌ കസ്റ്റംസെന്ന്‌ പരിചയപ്പെടുത്തിയവർ വിളിക്കുകയായിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ഡോക്‌ടറുടെ ബാങ്ക്‌ അക്കൗണ്ടുകളുടെ പരിശോധന ആവശ്യമുണ്ടെന്നും അറിയിച്ചു. പിന്നീട് റിസർവ്‌ ബാങ്ക്‌ ഉദ്യോഗസ്ഥരെന്ന പേരിൽ ഡോക്ടറെ ബന്ധപ്പെട്ടു.

അവർ നൽകുന്ന അക്കൗണ്ടിലേക്ക്‌ പണം മാറ്റണമെന്നും പരിശോധനകൾക്കുശേഷം 15 മിനിറ്റിനുശേഷം തിരികെ ലഭിക്കുമെന്നും അറിയിക്കുകയായിരുന്നു. അവർ നൽകിയ അക്കൗണ്ടുകളിലേക്ക്‌ പണം കൈമാറി. രണ്ടുദിവസം കഴിഞ്ഞിട്ടും പണം ലഭിക്കാഞ്ഞതോടെ പാലാരിവട്ടം പൊലീസിൽ പരാതി നൽകി.

തട്ടിപ്പിനുപിന്നിലെ മുഖ്യ സൂത്രധാരന്മാരും പ്രധാനികളും പിടിയിലാകാനുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലുള്ളവരാണ്‌ ഇവരെന്നാണ്‌ വിവരം. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്മാരാണ്‌ വിവിധ അക്കൗണ്ടുകൾ ഇരകൾക്ക്‌ നൽകുന്നത്‌.

ആർബിഐയുടെ പേരിൽ ഇവർ നൽകുന്ന അക്കൗണ്ടുകൾ മറ്റുചിലരുടെയാകും. തട്ടിപ്പ്‌ പണം ഈ അക്കൗണ്ടുകളിലേക്ക്‌ എത്തുമ്പോൾ അക്കൗണ്ടിന്റെ ഉടമയെ വിളിക്കും.

അക്കൗണ്ടിലേക്ക്‌ നിശ്ചിത തുക എത്തിയിട്ടുണ്ടെന്നും അത്‌ പിൻവലിച്ച്‌ നൽകിയാൽ കമീഷൻ നൽകാമെന്നും അറിയിച്ചാണ്‌ തുക കൈക്കലാക്കുന്നത്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/174433/7-people-were-arrested-for-defrauding-a-doctor-of-41-lakhs-in-the-name-of-customs)