---
title: "#Ilanji | ഇലഞ്ഞിയില്‍ വയോധികയുടെ വീട്ടിലേക്കുള്ള വഴി മുള്ളുവേലി കെട്ടി അടച്ചു"
english_title: "The road to #Vyodhika's #house in #Ilanji was #blocked by a #barbed wire #fence"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/174201/the-road-to-vyodhikas-house-in-ilanji-was-blocked-by-a-barbed-wire-fence"
published_at: "2024-01-03T05:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6594aadb57560_vayo.jpg"
keywords: []
---

# #Ilanji | ഇലഞ്ഞിയില്‍ വയോധികയുടെ വീട്ടിലേക്കുള്ള വഴി മുള്ളുവേലി കെട്ടി അടച്ചു

> **Lead Summary:** കൂത്താട്ടുകുളം : വയോധികയുടെ വീട്ടിലേക്കുള്ള വഴി മുള്ളുവേലി കെട്ടി അടച്ചു.

## Article Content

കൂത്താട്ടുകുളം : വയോധികയുടെ വീട്ടിലേക്കുള്ള വഴി മുള്ളുവേലി കെട്ടി അടച്ചു.

ഒന്നാംവാർഡ് കുളങ്ങരപ്പടി ആഞ്ചേരി മലയിൽ പരുത്തിപ്പിള്ളി മലയിൽ വീട്ടിൽ മറിയക്കുട്ടി ദേവസ്യയെന്ന 76കാരിയുടെ വീട്ടിലേക്കുള്ള വഴിയാണ് എറണാകുളം സ്വദേശികൾ കെട്ടിയടച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.

കടവന്ത്ര ആബ്രായിൽ അന്നമ്മ എബ്രഹാം, മകൻ അരുൺ എബ്രഹാം എന്നിവർക്കെതിരെയാണ് പരാതി. കുടികിടപ്പു കിട്ടിയ 10 സെന്റിൽ 78 വർഷമായി ഇവർ താമസിച്ചുവരികയാണ്. കോടതിയിൽനിന്ന് അനുകൂലവിധി ഉണ്ടെന്നുപറഞ്ഞ് പൊലീസ് സഹായത്തോടെയാണ് ഉടമ എത്തിയത്.

റോഡിൽനിന്ന് 300 മീറ്ററോളം നടന്നുവേണം ഈ വീട്ടിലെത്താൻ. പുറത്തിറങ്ങാൻ പറ്റാത്ത തരത്തിലാണ് കാലുകൾ സ്ഥാപിച്ച് കമ്പിവേലി പാകിയിരിക്കുന്നത്. 60 സെന്റാണ് എറണാകുളം സ്വദേശി വാങ്ങിയത്.

വഴിത്തർക്കവുമായി ബന്ധപ്പെട്ട് ഒരുമാസംമുമ്പ് മറിയക്കുട്ടിയെ സ്ഥലം ഉടമ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായി. ഹൃദ്‌രോഗിയായ ഇവരുടെ ഭർത്താവ് നേരത്തേ മരിച്ചു. നാലു പെൺമക്കളും വിവാഹിതരാണ്.

ഒരുമകളും ഭർത്താവും ഇവർക്കൊപ്പമുണ്ട്. സിപിഐ എം ഇലഞ്ഞി ലോക്കൽ കമ്മിറ്റി വിഷയത്തിൽ ഇടപെടുകയും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച നടന്ന നവകേരളസദസ്സിൽ പരാതി നൽകിയതായി മറിയക്കുട്ടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/174201/the-road-to-vyodhikas-house-in-ilanji-was-blocked-by-a-barbed-wire-fence)