---
title: "#murder | അമ്മയെ ഞാന്‍ കൊന്നു, നമുക്കെല്ലാവര്‍ക്കും മരിക്കാം;മൂത്തമകളുടെ കഴുത്തില്‍ കത്തിവെച്ചു "
english_title: "I #killed the #mother, let us all die; a #knife was placed on the #necks of the elder #daughters"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/173799/i-killed-the-mother-let-us-all-die-a-knife-was-placed-on-the-necks-of-the-elder-daughters"
published_at: "2024-01-01T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659271ffa955d_murder_.jpg"
keywords: []
---

# #murder | അമ്മയെ ഞാന്‍ കൊന്നു, നമുക്കെല്ലാവര്‍ക്കും മരിക്കാം;മൂത്തമകളുടെ കഴുത്തില്‍ കത്തിവെച്ചു 

> **Lead Summary:** പിറവം : പിതാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫെബയുടെയും അന്നയുടെയും ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

## Article Content

പിറവം : പിതാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫെബയുടെയും അന്നയുടെയും ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത് . പിറവം കക്കാട്ടില്‍ ഭാര്യയെ കഴുത്തറത്തുകൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങിമരിക്കുകയായിരുന്നു . ഭാര്യയെ കൊലപ്പെടുത്തിയ ശേഷം നഴ്‌സിങ്ങിന് പഠിക്കുന്ന രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെട്ടു.

കക്കാട് നെടിയാനിക്കുഴി ഭാഗത്ത് തറമറ്റത്തില്‍ ബേബി വര്‍ഗീസ് (58), ഭാര്യ സ്മിത ബേബി (47) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മക്കളുടെ മുറിയിലെത്തിയ ബേബി അവരെ വിളിച്ചുണര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതായാണ് പ്രഥമവിവരമെന്ന് പുത്തന്‍കുരിശ് ഡിവൈ.എസ്എസ്.പി. ടി.ബി. വിജയന്‍ പറഞ്ഞു.

അമ്മയെ ഞാന്‍ കൊന്നു, നമുക്കെല്ലാവര്‍ക്കും മരിക്കാം' എന്ന് പറഞ്ഞ ബേബി മൂത്തമകളുടെ കഴുത്തില്‍ കത്തിവെയ്ക്കുകയായിരുന്നു. ഞെട്ടിയുണര്‍ന്ന ഫെബയും അനിയത്തിസാറയും കത്തി തട്ടിമാറ്റി അമ്മയുടെ മുറിയിലേക്ക് ഓടിക്കയറി.

പിന്നാലെയെത്തിയ ബേബി അവിടെ വെച്ച് കുട്ടികളെ വെട്ടി. എല്ലാവരും കൂടി മരിക്കാമെന്ന് പറഞ്ഞ് ബേബി കുട്ടികളുടെ ദേഹത്തും മുറിയിലും മണ്ണെണ്ണയൊഴിച്ചുവെങ്കിലും തീ കൊളുത്തുംമുന്‍പേ കുട്ടികള്‍ ഓടി മുകളിലത്തെ മുറിയില്‍ കയറി വാതിലടച്ചു.

കുട്ടികള്‍ രരണ്ടുപേരും മരിക്കാന്‍ ശ്രമിച്ചതായും അന്നയുടെ ഇടത് കൈത്തണ്ടയിലെ മുറിവ് സ്വയം മുറിച്ചതാണെന്നും പോലീസ് പറഞ്ഞു. പിന്നീട് അളവില്‍ കൂടുതല്‍ ഗുളിക കഴിച്ച് ഉറങ്ങിപ്പോയ കുട്ടികള്‍ നേരം പുലര്‍ന്ന് എട്ടരയോടെയാണ് ഉണര്‍ന്നത്.

ഇവര്‍ തൊട്ടടുത്ത വീട്ടില്‍ ഫോണില്‍ വിവരമറിയിക്കുകയായിരുന്നു. അയല്‍വാസികള്‍ വീട്ടിലെത്തി ഫെബയെയും അന്നയെയും ആശുപത്രിയിലേക്ക് മാറ്റി. വൈകാതെ പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.വിരലടയാള വിദഗ്ധരും, ഫൊറന്‍സിക് വിഭാഗവും തെളിവുകള്‍ ശേഖരിച്ചു.

കൊലയ്ക്ക് ഉപയോഗിച്ച് വാക്കത്തിയും മറ്റൊരു കത്തിയും കണ്ടെടുത്തു. പോലീസ് നായയെയും കൊണ്ടുവന്നിരുന്നു.

മംഗലാപുരത്ത് നഴ്‌സിങ്ങിന് പഠിക്കുന്ന ഫെബയും അന്നയും അവധിപ്രമാണിച്ച് നാട്ടിലെത്തിയതാണ്. വിവാഹത്തിന് മുന്‍പ് കുറച്ചുനാള്‍ വിദേശത്തായിരുന്ന ബേബി പണമിടപാടുകള്‍ നടത്തിയിരുന്നതായി വിവരമുണ്ടെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/173799/i-killed-the-mother-let-us-all-die-a-knife-was-placed-on-the-necks-of-the-elder-daughters)