---
title: "#murder | കടമുറിയ്‌ക്കുള്ളിൽ വ്യാപാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി"
english_title: "The #merchant was found #murdered inside the #shop"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/173536/the-merchant-was-found-murdered-inside-the-shop"
published_at: "2023-12-31T06:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6590c20624b84_murder_.jpg"
keywords: []
---

# #murder | കടമുറിയ്‌ക്കുള്ളിൽ വ്യാപാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

> **Lead Summary:** **പത്തനംതിട്ട : ** പത്തനംതിട്ട മൈലപ്രയിലെ കടമുറിയ്‌ക്കുള്ളിൽ വ്യാപാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

## Article Content

**പത്തനംതിട്ട : ** പത്തനംതിട്ട മൈലപ്രയിലെ കടമുറിയ്‌ക്കുള്ളിൽ വ്യാപാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

മൈലപ്ര പുതുവേലിൽ ജോർജ്‌ ഉണ്ണൂണ്ണി (73) യെയാണ്‌ ശനി വൈകിട്ട്‌ അഞ്ചരയോടെ കടയിൽ സാധനം വാങ്ങാനെത്തിയവർ മരിച്ച നിലയിൽ കണ്ടത്‌. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന്‌ സംശയിക്കുന്നതായി പൊലീസ്‌ പറഞ്ഞു.

കൈകാലുകൾ പ്ലാസ്റ്റിക്​ കയറുപയോഗിച്ച്​ വരിഞ്ഞുമുറുക്കി കെട്ടി വായിൽ തുണി തിരുകിയ നിലയിലാണ്​ മൃതദേഹം കണ്ടത്​. കഴുത്തിലെ സ്വർണമാല കാണാതായിട്ടുണ്ട്‌. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മൈലപ്ര പോസ്റ്റ്​ ഓഫീസിനോട്​ ചേർന്ന പുതുവേലിൽ സ്‌റ്റോഴ്‌സ്‌ എന്ന രണ്ടുമുറി കടയ്‌ക്കുള്ളിൽ പ്ലാസ്‌റ്റിക്‌ കയർ കൊണ്ട്‌ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം.

കടയിലെത്തിയവർ ജോർജിനെ കാണാതെ ഉള്ളിലേക്ക്‌ കയറി നോക്കുമ്പോഴാണ്‌ കെട്ടിയിട്ടതായി കണ്ടത്‌. കടയിലെ സിസിടിവിയുടെ ഹാർഡ്‌ ഡിസ്‌ക്‌ കാണാതായിട്ടുണ്ട്‌. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതായി പൊലീസ്‌ പറഞ്ഞു.

ഞായറാഴ്‌ച ഫോറൻസിക്‌ വിദഗ്‌ധരുടെ പരിശോധനയ്‌ക്കും പൊലീസ്‌ നടപടികൾക്കും ശേഷം മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക്‌ മാറ്റും. ഭാര്യ: കുഞ്ഞമ്മ ജോർജ്‌. മക്കൾ: സുരേഷ്‌ ജോർജ്‌, ഷാജി ജോർജ്‌ (മൈലപ്ര സർവീസ്‌ സഹകരണബാങ്ക്‌ സെക്രട്ടറി). മരുമക്കൾ: ആശ ഷാജി, ഷേർളി സുരേഷ്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/173536/the-merchant-was-found-murdered-inside-the-shop)