---
title: "#murdercase | പത്തുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനു മോ​ഹന് ജീവപര്യന്തം"
english_title: "#Father Sanu Mohan gets life #imprisonment in the case of #killing his ten-year-old #daughter"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/172710/father-sanu-mohan-gets-life-imprisonment-in-the-case-of-killing-his-ten-year-old-daughter"
published_at: "2023-12-27T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c308c8ebd3_vaiga.jpg"
keywords: []
---

# #murdercase | പത്തുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനു മോ​ഹന് ജീവപര്യന്തം

> **Lead Summary:** **കൊച്ചി : ** കൊച്ചിയിൽ പത്തുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹന് ജീവപര്യന്തം തടവ്.

## Article Content

**കൊച്ചി : ** കൊച്ചിയിൽ പത്തുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹന് ജീവപര്യന്തം തടവ്.

എറണാകുളം പോക്സോ കോടതി ജഡ്ജ് കെ സോമനാണ് ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് ജീവപര്യന്തവും കൊല ഒഴികെയുള്ള മറ്റ് കുറ്റങ്ങൾക്ക് 28 വർഷം തടവുമാണ് ശിക്ഷ. 1,75000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രതിക്കെതിരായ എല്ലാ കുറ്റവും തെളിഞ്ഞിരുന്നു.

2021 മാർച്ച് 21നാണ് വൈ​ഗയെ മദ്യം നൽകി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം പുഴയിലെറിഞ്ഞു കൊന്നത്. കായംകുളത്തെ വീട്ടിൽ നിന്ന് അമ്മാവൻറെ വീട്ടിലേക്കെന്ന് പറഞ്ഞ് മകൾ വൈഗയുമായി പുറപ്പെട്ട സനുമോഹൻ കങ്ങരപ്പടിയിലെ തൻറെ ഫ്ലാറ്റിലേക്കാണ് ആദ്യമെത്തിയത്.

വഴിയിൽനിന്ന് വാങ്ങിയ കൊക്കക്കോളയിൽ മദ്യംകലർത്തി മകളെ കുടിപ്പിച്ച ശേഷമായിരുന്നു യാത്ര. മദ്യലഹരിയിലായ പത്ത് വയസുകാരിയെ ഫ്ലാറ്റിലെ വിസിറ്റിംഗ് മുറിയിൽ ഇരുത്തി മുണ്ട് കൊണ്ട് കഴുത്ത് മുറുക്കി ശരീരത്തോട് ചേർത്തുപിടിച്ച് ശ്വാസം മുട്ടിച്ചു.

ബോധരഹിതയായ കുട്ടിയെ ബെഡ് ഷീറ്റിൽ ചുറ്റിയെടുത്ത് കാറിൻറെ പിൻസീറ്റിലിട്ട് മുട്ടാർ പുഴയിൽ രാത്രി 10.30ഓടെ വലിച്ചെറിഞ്ഞു. മരണം ഉറപ്പാക്കിയ ശേഷം കോയമ്പത്തൂരിലേക്ക് കടന്നു. കുഞ്ഞിൻറെ ശരീരത്തിൽനിന്നുമെടുത്ത ആഭരണം വിറ്റു കിട്ടുന്ന പണംകൊണ്ട് വിദേശത്തേക്ക് കടക്കുകയായിരുന്നു ലക്ഷ്യം.

ബെംഗളൂരു, മുംബൈ, ഗോവ, മുരുഡേശ്വർ, മൂകാംമ്പിക തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ സനുമോഹനെ ഒരു മാസമെടുത്താണ് പിടികൂടിയത്. ഒരു വർഷമെടുത്ത വിചാരണയിൽ 78 സാക്ഷികളെ വിസ്തരിച്ചു.

ധൂർത്തുകൊണ്ടുവരുത്തിവച്ച കടബാധ്യതയിൽ നിന്ന് രക്ഷപ്പെട്ട് നാടുവിടാൻ തീരുമാനിച്ച സനുമോഹൻ, മകൾ മറ്റുള്ളവരാൽ അവഗണിക്കപ്പെടുമെന്ന വിഷമത്തിൽ കൊല്ലുകയായിരുന്നു എന്നാണ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/172710/father-sanu-mohan-gets-life-imprisonment-in-the-case-of-killing-his-ten-year-old-daughter)