---
title: "#death | കുടുംബവഴക്കിനെ തുടർന്ന് യുവതിയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി"
english_title: "The #woman was #hacked to #death by her #husband #following a #family #quarrel"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/171984/the-woman-was-hacked-to-death-by-her-husband-following-a-family-quarrel"
published_at: "2023-12-25T06:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6588d01a67753_police.jpg"
keywords: []
---

# #death | കുടുംബവഴക്കിനെ തുടർന്ന് യുവതിയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി

> **Lead Summary:** പെരുമ്പാവൂർ : കുടുംബവഴക്കിനെ തുടർന്ന് യുവതിയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി. ഒളിവിൽ പോയ ഭർത്താവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു.

## Article Content

പെരുമ്പാവൂർ : കുടുംബവഴക്കിനെ തുടർന്ന് യുവതിയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി. ഒളിവിൽ പോയ ഭർത്താവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു.

സൗത്ത്‌ വാഴക്കുളം ചെമ്പറക്കി നാലുസെന്റ്‌ കോളനി പാറക്കാട്ടുമോളംവീട്ടിൽ അനുമോളാണ്‌ (26) കൊല്ലപ്പെട്ടത്‌. തടിയിട്ടപറമ്പ്‌ പൊലീസ്‌ കസ്‌റ്റഡിയിലെടുത്ത ഭർത്താവ് ഏഴിപ്രം കൈപ്പൂരിക്കര മുല്ലപ്പള്ളിത്തടംവീട്ടിൽ രജീഷിനെ (31) ചോദ്യംചെയ്തുവരുന്നു. ഞായർ പകൽ 11ന് നാലുസെന്റ് കോളനിയിലെ അനുമോളുടെ വീട്ടിലായിരുന്നു സംഭവം.

ചുറ്റികകൊണ്ട്‌ തലയ്ക്കടിച്ചും കഴുത്തിന് വെട്ടിയുമാണ് കൊലപ്പെടുത്തിയത്. അനുമോളുടെ അച്ഛൻ രവിയും അമ്മ അംബികയും ജോലിക്ക് പോയിരിക്കുകയായിരുന്നു. അച്ഛൻ ഇടയ്‌ക്ക്‌ മടങ്ങിയെത്തിയപ്പോഴാണ്‌ അനുമോൾ വെട്ടേറ്റുകിടക്കുന്നത്‌ കണ്ടത്‌. ഉടൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

അനുമോളുടെയും പെയിന്റിങ് തൊഴിലാളിയായ രജീഷിന്റെയും പ്രണയവിവാഹമായിരുന്നു. പിന്നീട്‌ കുടുംബവഴക്കുമൂലം ഭർതൃവീട്ടിൽനിന്ന്‌ അനുമോൾ സ്വന്തം വീട്ടിലേക്ക് പോന്നു. പിന്നീട് ഇരുവരും സൗഹൃദത്തിലായി.

എന്നാൽ, മറ്റൊരാളുമായി അനുമോൾ സൗഹൃദത്തിലാണെന്ന്‌ ആരോപിച്ച്‌ രജീഷ് സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നു. സംഭവസമയത്ത്‌ രജീഷും അനുമോളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ഇൻക്വസ്‌റ്റിനുശേഷം പോസ്‌റ്റ്‌മോർട്ടത്തിനായി മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രി മോർച്ചറിയിലേക്ക്‌ മാറ്റി. സഹോദരി: അഞ്ജു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/171984/the-woman-was-hacked-to-death-by-her-husband-following-a-family-quarrel)