---
title: "#Oneway | സീപോർട്ട് എയർപോർട്ട് റോഡിൽ വൺവേ ലംഘനം"
english_title: "#Oneway #violation on #Seaport #Airport #Road"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/171782/oneway-violation-on-seaport-airport-road"
published_at: "2023-12-24T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6587aaff57c18_car.jpg"
keywords: []
---

# #Oneway | സീപോർട്ട് എയർപോർട്ട് റോഡിൽ വൺവേ ലംഘനം

> **Lead Summary:** **തൃക്കാക്കര : ** കാക്കനാട് സീപോർട്ട്–എയർപോർട്ട് റോഡിലെ ഗേൾസ് ചിൽഡ്രൻസ് ഹോമിനുമുന്നിൽനിന്ന് നിയമവിരുദ്ധമായി വലത്തോട്ടുതിരിഞ്ഞ 40 പേരുടെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് സസ്പെൻഡ് ചെയ്തു.

## Article Content

**തൃക്കാക്കര : ** കാക്കനാട് സീപോർട്ട്–എയർപോർട്ട് റോഡിലെ ഗേൾസ് ചിൽഡ്രൻസ് ഹോമിനുമുന്നിൽനിന്ന് നിയമവിരുദ്ധമായി വലത്തോട്ടുതിരിഞ്ഞ 40 പേരുടെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് സസ്പെൻഡ് ചെയ്തു.

വ്യാഴം രാവിലെമുതൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയത്. തൃപ്പൂണിത്തുറ ഭാഗത്തുനിന്നെത്തി ഗേൾസ് ചിൽഡ്രൻസ് ഹോമിനുമുന്നിലെ മീഡിയൻ അവസാനിക്കുന്ന ഭാഗത്തുനിന്ന് നിയമവിരുദ്ധമായി വലത്തോട്ടുതിരിഞ്ഞ് കലക്ടറേറ്റ് റോഡിലേക്ക് പ്രവേശിച്ചവരാണ് പിടിയിലായത്.

ഇവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. ഇരുചക്രവാഹനങ്ങളും ഓട്ടോകളും കാറുകളും പിടികൂടിയവയിൽപ്പെടും. കലക്ടറേറ്റ് സിഗ്നൽ ഒഴിവാക്കി കാക്കനാട് ഭാഗത്തേക്ക് എളുപ്പത്തിലെത്താനാണ് ഡ്രൈവർമാർ ഇതുവഴി പോകുന്നത്. നിയമവിരുദ്ധമായി റോഡ് മുറിച്ചുകടന്ന് പായുന്ന വാഹനങ്ങൾ ഇടിക്കുന്നത് ഇവിടെ പതിവാണ്.

കലക്ടറേറ്റ് സിഗ്നലിൽനിന്ന് തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് ഇത്തരം നിയമലംഘനംമൂലം കൂടുതലും അപകടങ്ങളിൽപ്പെടുന്നത്. നിയലംഘനം കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പ് പരിശോധന കൂടുതൽ ശക്തമാക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/171782/oneway-violation-on-seaport-airport-road)