---
title: "#arrested | തട്ടിക്കൊണ്ടുപോയ അതിഥിത്തൊഴിലാളിയുടെ മക്കളെ കണ്ടെത്തി;പ്രതികള്‍ അറസ്റ്റില്‍ "
english_title: "The #children of the #kidnaped #guest #worker were #found; the #accused were #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/170931/the-children-of-the-kidnaped-guest-worker-were-found-the-accused-were-arrested"
published_at: "2023-12-21T05:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65837cf0d7709_arrest2.jpg"
keywords: []
---

# #arrested | തട്ടിക്കൊണ്ടുപോയ അതിഥിത്തൊഴിലാളിയുടെ മക്കളെ കണ്ടെത്തി;പ്രതികള്‍ അറസ്റ്റില്‍ 

> **Lead Summary:** **വടക്കേക്കര :** ഗുവാഹത്തിയിലേക്ക്‌ തട്ടിക്കൊണ്ടുപോയ അതിഥിത്തൊഴിലാളിയുടെ മക്കളെ പൊലീസിന്റെ സമയോചിത ഇടപെടലിൽ കണ്ടെത്തി.

## Article Content

**വടക്കേക്കര :** ഗുവാഹത്തിയിലേക്ക്‌ തട്ടിക്കൊണ്ടുപോയ അതിഥിത്തൊഴിലാളിയുടെ മക്കളെ പൊലീസിന്റെ സമയോചിത ഇടപെടലിൽ കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ അസംകാരെ അറസ്‌റ്റ്‌ ചെയ്‌തു. മുഖ്യപ്രതിയും കുട്ടികളുടെ അകന്ന ബന്ധുവുമായ സ്‌ത്രീ ഗുവാഹത്തിയിൽ പിടിയിലായി. പറവൂർ ചിറ്റാറ്റുകര പഞ്ചായത്തിലെ മാച്ചാംതുരുത്തിൽ താമസിക്കുന്ന അസംകാരായ ദമ്പതികളുടെ അഞ്ചിലും മൂന്നിലും പഠിക്കുന്ന ആൺകുട്ടികളെയാണ് ചൊവ്വ പകൽ തട്ടിക്കൊണ്ടു പോയത്.

ഇവരെ തട്ടിക്കൊണ്ടുപോയ അസംകാരായ രഹാം അലി (26), ജഹദ് അലി (26), സംനാസ് (60) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. കുട്ടികളുമായി കടന്ന മുഖ്യപ്രതി സാഹിദയെ, വടക്കേക്കര പൊലീസ് നല്‍കിയ വിവരത്തെത്തുടര്‍ന്ന് ​ഗുവാഹത്തി വിമാനത്താവളത്തില്‍ തടഞ്ഞു.

കുട്ടികളുടെ അകന്ന ബന്ധുവാണ്‌ സാഹിദ. ഇവരെ കൊണ്ടുവരാന്‍ പ്രത്യേക പൊലീസ് സംഘം പുറപ്പെട്ടു. കുട്ടികൾ ക്ലാസിൽ എത്തിയില്ലെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചതിനെത്തുടർന്ന് ചൊവ്വ ഉച്ചയോടെയാണ്‌ വീട്ടുകാർ പൊലീസിനെ സമീപിച്ചത്‌.

രഹാം അലിയെ വീട്ടുകാർക്ക്‌ സംശയം ഉണ്ടായിരുന്നു. അന്വേഷണത്തിൽ രഹാം അലി, സംനാസ് എന്നിവര്‍ തൃശൂരിലും ജഹദ് അലി കൊച്ചി വിമാനത്താവള പരിസരത്തും പിടിയിലായി. കുടുംബവഴക്കും സാമ്പത്തിക പ്രശ്‌നങ്ങളുമാണ് സംഭവത്തിനുപിന്നിൽ.

കുട്ടികൾ സ്‌കൂൾ ബസിൽ കയറാൻ കാത്തുനിന്നപ്പോഴാണ്‌ സംനാസിന്റെയും രഹാം അലിയുടെയും സഹായത്തോടെ സാഹിദ തട്ടിക്കൊണ്ടുപോയത്. ജഹദ് അലിയാണ് വിമാന ടിക്കറ്റെടുത്ത് ഇവരെ വിമാനത്താവളത്തിൽ എത്തിച്ചത്.

കോഴിക്കടയിലെ തൊഴിലാളിയും രഹാം വെൽഡറുമാണ്. ഡിവൈഎസ്‌പി എ പ്രസാദ്, ഇൻസ്പെക്ടർ വി സി സൂരജ്, എസ്‌ഐമാരായ എം എസ് ഷെറി, വി എം റസാഖ്, എം കെ സുധി തുടങ്ങിയവരാണ് അന്വേഷകസംഘത്തിലുള്ളത്. പ്രതികളെ റിമാൻഡ് ചെയ്‌തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/170931/the-children-of-the-kidnaped-guest-worker-were-found-the-accused-were-arrested)