---
title: "#arrested | നടുവേദന മാറുന്നതിനുള്ള ഒറ്റമൂലിയെന്ന വ്യാജേന ചാരായം വിറ്റ യുവാവ് അറസ്റ്റില്‍"
english_title: "  #youngman was #arrested for selling charaya on the #pretense of being a cure for #backpain"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/169289/youngman-was-arrested-for-selling-charaya-on-the-pretense-of-being-a-cure-for-backpain"
published_at: "2023-12-15T07:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657bb8520f970_youngman.jpg"
keywords: []
---

# #arrested | നടുവേദന മാറുന്നതിനുള്ള ഒറ്റമൂലിയെന്ന വ്യാജേന ചാരായം വിറ്റ യുവാവ് അറസ്റ്റില്‍

> **Lead Summary:** **കൊച്ചി :** നടുവേദന മാറുന്നതിനുള്ള ഒറ്റമൂലിയെന്ന വ്യാജേന ചാരായം വീട്ടുപടിക്കൽ എത്തിച്ച് വില്‍ക്കുന്ന യുവാവ് എക്‌സൈസി​ന്റെ പിടിയിൽ.

## Article Content

**കൊച്ചി :** നടുവേദന മാറുന്നതിനുള്ള ഒറ്റമൂലിയെന്ന വ്യാജേന ചാരായം വീട്ടുപടിക്കൽ എത്തിച്ച് വില്‍ക്കുന്ന യുവാവ് എക്‌സൈസി​ന്റെ പിടിയിൽ.

മുനമ്പം പള്ളിപ്പുറം മാണി ബസാർ പള്ളിപ്പറമ്പിൽ വീട്ടിൽ റോക്കി ജിതിനാണ്‌ (റൊക്കി–-35) എൻഫോഴ്സ്‌മെന്റ് അസിസ്റ്റന്റ്‌ കമീഷണറുടെ സ്പെഷ്യൽ ആക്‌ഷൻ ടീം, എറണാകുളം ഐബി, എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എന്നിവരുടെ പരിശോധനയിൽ പിടിയിലായത്‌. രഹസ്യമായാണ്‌ കച്ചവടം നടത്തിയിരുന്നത്‌.

> മുനമ്പം പള്ളിപ്പുറം ഭാഗത്ത് നടുവേദനയ്ക്കുള്ള ഒറ്റമൂലി 100 മില്ലിക്ക്‌ 150 രൂപ എന്ന നിരക്കിൽ വില്‍ക്കുന്നു എന്ന വിവരം എക്സൈസ് ഇന്റലിജൻസിന് ലഭിച്ചിരുന്നു. അന്വേഷണത്തില്‍ "ഒറ്റമൂലി' ചാരായമാണെന്നും സ്ഥിരമായി വാങ്ങുന്നവർക്കുമാത്രമാണ് ഇത് നൽകുന്നതെന്നും കണ്ടെത്തി.

> തുടർന്ന് "ഒറ്റമൂലി വിദഗ്‌ധന്റെ' താമസസ്ഥലം കണ്ടെത്തി. ഇവിടെനിന്ന്‌ എട്ട്‌ ലിറ്റര്‍ ചാരായവും 10 ലിറ്റര്‍ പാകമാക്കിയ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. യുട്യൂബ് നോക്കിയാണ് ചാരായവാറ്റ് പഠിച്ചതെന്നും പിടിക്കപ്പെടാതിരിക്കാനാണ് ‘ഒറ്റമൂലി’ എന്ന രീതിയിൽ പരിചയക്കാർക്കുമാത്രം ചാരായം നൽകിയിരുന്നതെന്നും എക്‌സൈസിനോട്‌ റോക്കി ജിതിന്‍ പറഞ്ഞു. മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനനുസരിച്ച് ആവശ്യക്കാർക്ക് താമസസ്ഥലത്ത് എത്തിച്ച് കൊടുക്കുകയായിരുന്നു പതിവ്‌.

അയൽപക്കക്കാർക്ക്‌ ചാരായം വാറ്റുന്നതിന്റെ ഗന്ധം ലഭിക്കാതിരിക്കാൻ ആയുർവേദ ഉൽപ്പന്നങ്ങൾ കൂട്ടിയിട്ട് കത്തിച്ചിരുന്നതായും പ്രതി പറഞ്ഞു. സ്പെഷ്യൽ സ്ക്വാഡ് സിഐ ടി പി സജീവ്‌കുമാർ, ഐബി ഇൻസ്പെക്ടർ എസ് മനോജ്‌കുമാർ, ഐബി പ്രിവന്റീവ് ഓഫീസർ എൻ ജി അജിത്‌കുമാർ, സിറ്റി മെട്രോ ഷാഡോ സിഇഒ എൻ ഡി ടോമി, സ്പെഷ്യൽ സ്ക്വാഡ് സിഇഒ ടി പി ജയിംസ്, കെ എ മനോജ്, വനിതാ സിഇഒ അഞ്ജു ആനന്ദൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്‌. ഇയാളെ റിമാൻഡ്‌ ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/169289/youngman-was-arrested-for-selling-charaya-on-the-pretense-of-being-a-cure-for-backpain)