---
title: "#Leela | സഹോദരന്റെ മകൻ പൊളിച്ചുകളഞ്ഞതിനെ തുടർന്ന് കിടപ്പാടമില്ലാതായ ലീലയ്‌ക്ക് വീടൊരുങ്ങുന്നു ;  കല്ലിടൽ ഇന്ന്"
english_title: "A #house is being built for #Leela, who is #homeless after her #brother's son #demolished it; #Stone #laying today"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/169286/a-house-is-being-built-for-leela-who-is-homeless-after-her-brothers-son-demolished-it-stone-laying-today"
published_at: "2023-12-15T07:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657bb1bedff24_leela.jpg"
keywords: []
---

# #Leela | സഹോദരന്റെ മകൻ പൊളിച്ചുകളഞ്ഞതിനെ തുടർന്ന് കിടപ്പാടമില്ലാതായ ലീലയ്‌ക്ക് വീടൊരുങ്ങുന്നു ;  കല്ലിടൽ ഇന്ന്

> **Lead Summary:** പറവൂർ : സഹോദരന്റെ മകൻ പൊളിച്ചുകളഞ്ഞതിനെ തുടർന്ന് കിടപ്പാടമില്ലാതായ ലീലയ്‌ക്ക് പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷൻ (പിടിഎംഎ) നിർമിച്ചുനൽകുന്ന വീടിന്റെ കല്ലിടൽ വെള്ളിയാഴ്‌ച നടക്കും.

## Article Content

പറവൂർ : സഹോദരന്റെ മകൻ പൊളിച്ചുകളഞ്ഞതിനെ തുടർന്ന് കിടപ്പാടമില്ലാതായ ലീലയ്‌ക്ക് പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷൻ (പിടിഎംഎ) നിർമിച്ചുനൽകുന്ന വീടിന്റെ കല്ലിടൽ വെള്ളിയാഴ്‌ച നടക്കും.

അവിവാഹിതയായ ലീല സഹോദരന്റെ മകൻ രമേഷിന്റെ കുടുംബത്തോടൊപ്പമാണ് വർഷങ്ങളായി താമസിച്ചിരുന്നത്. സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട് ഇയാൾ ലീലയെ വീട്ടിൽനിന്ന് ഒഴിവാക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല.

ഒക്ടോബർ 19ന് ആലുവയിൽനിന്ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് താൻ താമസിച്ചിരുന്ന വീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കിയ വിവരം അറിഞ്ഞത്. അന്തിയുറങ്ങാനുള്ള വീട് തകർന്നുകിടക്കുന്നതുകണ്ട് വിലപിക്കുന്ന ലീലയുടെ ചിത്രം നാടിനെയാകെ നാെമ്പരപ്പെടുത്തി. ലീലയുടെ ദുരിതത്തെക്കുറിച്ച് ദേശാഭിമാനി വാർത്ത നൽകി.

സിപിഐ എം താൽക്കാലിക ഷെഡ് നിർമിച്ചുനൽകിയെങ്കിലും നാട്ടുകാരുടെ നേതൃത്വത്തിൽ ലീലയ്‌ക്ക് വീടൊരുക്കാൻ ശ്രമം തുടങ്ങി. ലീലയുടെ സ്വന്തംപേരിൽ ഭൂമിയില്ലാത്തത്‌ പ്രതിസന്ധിയായി.

ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടെ ലീലയടക്കം രമേഷിന്റെ അച്ഛനും സഹോദരങ്ങൾക്കും അവകാശപ്പെട്ട ഏഴ് സെന്റിൽ ആറ് സെന്റ് ലീലയുടെ പേരിലേക്ക് ബന്ധുക്കൾ നൽകി. ‘ലീലയ്‌ക്കൊരു ഭവനം’ പേരിൽ ജനകീയ കമ്മിറ്റി രൂപീകരിച്ചു.

കമ്മിറ്റി അഭ്യർഥിച്ചതിനെത്തുടർന്ന്‌ പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷൻ, സംഘടനയുടെ സുവർണ ജൂബിലി സമ്മാനമായി ലീലയ്‌ക്ക് വീട്‌ നിർമിച്ചുനൽകാൻ തീരുമാനിച്ചു. വെള്ളി രാവിലെ ഒമ്പതിന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി സി ജേക്കബ് വീടിന് കല്ലിടും. നഗരസഭാധ്യക്ഷ ബീന ശശിധരൻ മുഖ്യാതിഥിയാകും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/169286/a-house-is-being-built-for-leela-who-is-homeless-after-her-brothers-son-demolished-it-stone-laying-today)