---
title: "#foreignjobs | വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്‌ ; ട്രാവല്‍ ഏജന്‍സി ഉടമയ്‌ക്കും  കൂട്ടാളിക്കുമായി അന്വേഷണം"
english_title: "#Fraud by #offering #foreignjobs; #Inquiring for #Travel #Agency Owner and #Associate"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/168166/fraud-by-offering-foreignjobs-inquiring-for-travel-agency-owner-and-associate"
published_at: "2023-12-10T07:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65751d968eaf6_arrest2.jpg"
keywords: []
---

# #foreignjobs | വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്‌ ; ട്രാവല്‍ ഏജന്‍സി ഉടമയ്‌ക്കും  കൂട്ടാളിക്കുമായി അന്വേഷണം

> **Lead Summary:** **തൃക്കാക്കര :** വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് വ്യാജ വിസയും വിമാന ടിക്കറ്റും നൽകി കോടികള്‍ തട്ടി ട്രാവല്‍ ഏജന്‍സി ഉടമയും കൂട്ടാളിയും മുങ്ങി.

## Article Content

**തൃക്കാക്കര :** വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് വ്യാജ വിസയും വിമാന ടിക്കറ്റും നൽകി കോടികള്‍ തട്ടി ട്രാവല്‍ ഏജന്‍സി ഉടമയും കൂട്ടാളിയും മുങ്ങി.

കാക്കനാട് ഭാരതമാതാ കോളേജിനുസമീപം ഇൻകുസ്പേസ് കെട്ടിടത്തിലെ മൂന്നാംനിലയിൽ പ്രവർത്തിക്കുന്ന യൂറോ ഫ്ലൈ ഹോളിഡേയ്‌സ് ഉടമകളായ പാലക്കാട് പാറക്കൽവീട്ടിൽ ഷംസീർഖാൻ, കൂട്ടാളി സജാദ് എന്നിവരാണ്‌ മുങ്ങിയത്‌. ഇവർക്കായി അന്വേഷണം ആരംഭിച്ചു.

ന്യൂസിലൻഡിലേക്ക് പോകാന്‍ പതിനേഴംഗസംഘത്തിന് ഇവർ വിസയും ടിക്കറ്റും നൽകിയിരുന്നു. ഇതുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. ന്യൂസിലന്‍ഡില്‍ മാസം ഒന്നരലക്ഷം രൂപ ശമ്പളത്തില്‍ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് 33 പേരിൽനിന്ന്‌ അഞ്ചുലക്ഷം രൂപവീതം തട്ടിയെടുത്തെന്നാണ്‌ പരാതി.

17 പേരടങ്ങുന്ന ആദ്യസംഘത്തെ ശനിയാഴ്‌ച ന്യൂസിലന്‍ഡിലേക്ക് കൊണ്ടുപോകുമെന്ന് ധരിപ്പിച്ച് വ്യാജ വിസിറ്റിങ്‌ വിസയും വിമാന ടിക്കറ്റും നല്‍കിയാണ് ഷംസീർഖാൻ പണം കൈപ്പറ്റിയത്. ഇവര്‍ക്കൊപ്പം ഷംസീർഖാനും ന്യൂസിലന്‍ഡിലേക്ക് വരുമെന്നു പറഞ്ഞിരുന്നു.

എന്നാല്‍, വിമാനത്താവളത്തിൽ ഇയാൾ എത്തിയില്ല. തുടർന്നുള്ള അന്വേഷണത്തിലാണ് തട്ടിപ്പ്‌ മനസ്സിലായത്. വിസയും ടിക്കറ്റും വ്യാജമാണെന്നും മനസ്സിലായി. കബളിപ്പിക്കപ്പെട്ടവർ നെടുമ്പാശേരി, തൃക്കാക്കര പൊലീസ്‌ സ്‌റ്റേഷനുകളിൽ പരാതി നൽകി.

രണ്ടുമാസംമുമ്പാണ് കാക്കനാട്ട്‌ സ്ഥാപനം പ്രവർത്തനം തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇവിടെ പരിശോധന നടത്തിയ പൊലീസ്‌ കംപ്യൂട്ടറുകളും പ്രിന്ററുകളും മറ്റ്‌ രേഖകളും പിടിച്ചെടുത്തു. മൂന്ന് വനിതാ ജീവനക്കാരെ ചോദ്യംചെയ്തു.

ആദ്യസംഘത്തിന് നൽകിയ വിസയും വിമാന ടിക്കറ്റും കാണിച്ച് വിശ്വസിപ്പിച്ചാണ് രണ്ടാമത്തെ പതിനാറംഗസംഘത്തിൽനിന്ന്‌ പണം കൈക്കലാക്കിയത്. സമൂഹമാധ്യമത്തിൽ പരസ്യം കണ്ടാണ് ഏജൻസിയെ സമീപിച്ചതെന്ന് തട്ടിപ്പിന്‌ ഇരയായവർ പറഞ്ഞു. തട്ടിപ്പിന്‌ ഇരയായവരിലേറെയും കാസർകോട്‌, കണ്ണൂർ, തൃശൂർ, തൊടുപുഴ, ആലപ്പുഴ, പാലാ, അടൂർ, ഏറ്റുമാനൂർ എന്നിവിടങ്ങളിൽനിന്നുള്ളവരാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/168166/fraud-by-offering-foreignjobs-inquiring-for-travel-agency-owner-and-associate)