---
title: "#Kalamasery | നവകേരളസദസ്സ്; കളമശേരി പ്രദേശമാകെ ഉത്സവലഹരിയിൽ"
english_title: "New Kerala audience; The entire Kalamasery area is in a festive mood"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/167584/new-kerala-audience-the-entire-kalamasery-area-is-in-a-festive-mood"
published_at: "2023-12-07T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6571688f792ac_navakerala.jpg"
keywords: []
---

# #Kalamasery | നവകേരളസദസ്സ്; കളമശേരി പ്രദേശമാകെ ഉത്സവലഹരിയിൽ

> **Lead Summary:** കളമശേരി : കളമശേരി നിയോജകമണ്ഡലം നവകേരളസദസ്സിനെ വരവേൽക്കുന്ന കളമശേരി പ്രദേശമാകെ ഉത്സവലഹരിയിൽ.

## Article Content

കളമശേരി : കളമശേരി നിയോജകമണ്ഡലം നവകേരളസദസ്സിനെ വരവേൽക്കുന്ന കളമശേരി പ്രദേശമാകെ ഉത്സവലഹരിയിൽ.

പത്തടിപ്പാലത്തെ പ്രധാനവേദി അവസാന മിനുക്കുപണിയിലാണ്. കുന്നുകര, ആലങ്ങാട്, കരുമാല്ലൂർ, കടുങ്ങല്ലൂർ പഞ്ചായത്തുകളും ഏലൂർ, കളമശേരി നഗരസഭകളിലുമായി ദിവസങ്ങൾക്കുമുമ്പേ വലിയ ജനപങ്കാളിത്തത്തോടെ കലകായിക പരിപാടികൾ നടക്കുകയാണ്.

ബുധനാഴ്ച കളമശേരി ആശിഷ് കൺവൻഷൻ സെന്ററിൽ കുസാറ്റ് ശാസ്ത്രസമൂഹ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഗ്രാൻഡ്‌ മാസ്റ്റർ ജി എസ് പ്രദീപ് നയിച്ച ക്വിസ് മത്സരം നടന്നു. മണ്ഡലത്തിലെ വിദ്യാർഥികൾ പങ്കെടുത്തു. ഏലൂർ നഗരസഭാ ടൗൺഹാളിൽ നടന്ന ബയോ ഉൽപ്പന്നങ്ങളുടെ എക്സിബിഷൻ കിലെ ചെയർമാൻ കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.

നഗരസഭാ ചെയർമാൻ എ ഡി സുജിൽ അധ്യക്ഷനായി. വൈകിട്ട് ബി ടി ആർ കവലയിൽ ഇടക്കൊച്ചി സലിംകുമാർ നിലമ്പൂർ ആയിഷയുടെ ജീവിതം പറയുന്ന ‘അരങ്ങിലെ നക്ഷത്രം' കഥാപ്രസംഗം അവതരിപ്പിച്ചു. തുടർന്നുനടന്ന സാംസ്കാരിക സമ്മേളനം ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു.

എൻ രവി അധ്യക്ഷനായി. കെ ബി വർഗീസ്, എ എം യൂസഫ്, എസ് രമേശൻ തുടങ്ങിയവർ സംസാരിച്ചു. പ്രീമിയർ കവലയിൽ വൈകിട്ട് ആറിന് ഓപ്പൺ തട്ടുകട തുറന്നു. നവകേരളസദസ്സ് ജനറൽ കൺവീനർ പി എ നജീബ് ദോശചുട്ട് ഉദ്ഘാടനം ചെയ്തു. എത്തിയവർക്കെല്ലാം സൗജന്യമായി ഓംലെറ്റ്, ദോശ, ചുക്കുകാപ്പി, കട്ടൻചായ എന്നിവ നൽകി. പ്രീമിയർ സ്ക്വയറിൽ ‘തക്കിട്ട ബാൻഡിന്റെ’ സംഗീതനിശയും അരങ്ങേറി.‌

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/167584/new-kerala-audience-the-entire-kalamasery-area-is-in-a-festive-mood)