---
title: "#kochi | മുഖ്യമന്ത്രിയും മന്ത്രിമാരും നാളെമുതൽ നാലുദിവസം ജില്ലയിൽ സന്ദർശനം നടത്തും"
english_title: "The #ChiefMinister and #ministers will visit the #district for four #days from #tomorrow"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/167332/the-chiefminister-and-ministers-will-visit-the-district-for-four-days-from-tomorrow"
published_at: "2023-12-06T08:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656fe17be62d6_navakerala_.jpg"
keywords: []
---

# #kochi | മുഖ്യമന്ത്രിയും മന്ത്രിമാരും നാളെമുതൽ നാലുദിവസം ജില്ലയിൽ സന്ദർശനം നടത്തും

> **Lead Summary:** **കൊച്ചി :** മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വ്യാഴാഴ്‌ചമുതൽ നാലുദിവസം ജില്ലയിൽ സന്ദർശനം നടത്തും.

## Article Content

**കൊച്ചി :** മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വ്യാഴാഴ്‌ചമുതൽ നാലുദിവസം ജില്ലയിൽ സന്ദർശനം നടത്തും.

വികസന–-ക്ഷേമ പദ്ധതികളെക്കുറിച്ച്‌ ജനങ്ങളുമായി സംവദിക്കാനും അവരുടെ പരാതികൾ പരിഹരിക്കാനും 14 നിയമസഭാ മണ്ഡലങ്ങളിലും നടക്കുന്ന നവകേരളസദസ്സിൽ പങ്കെടുക്കും. നവകേരളസദസ്സിനുമുന്നോടിയായി ഓരോ മണ്ഡലത്തിലും വിപുലമായ ഒരുക്കങ്ങളാണ്‌ നടന്നത്‌.

ആദ്യദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജില്ലയിലെ ആദ്യ പ്രഭാതയോഗം വ്യാഴം രാവിലെ ഒമ്പതിന് അങ്കമാലി അഡ്‌ലക്‌സ് കൺവൻഷൻ സെന്ററിലാണ്. അങ്കമാലി, ആലുവ, പറവൂർ മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ടവരാണ്‌ പങ്കെടുക്കുക. തുടർന്ന് ചാലക്കുടിയിലെ ബഹുജനസദസ്സിൽ പങ്കെടുക്കും.

പകൽ രണ്ടിന് മുഖ്യമന്ത്രിയും മന്ത്രിമാരും അങ്കമാലി സെന്റ് ജോസഫ്സ്‌ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ അങ്കമാലി മണ്ഡലത്തിലെ നവകേരളസദസ്സിൽ പങ്കെടുക്കും. പകൽ 3.30ന് ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തും അഞ്ചിന് പറവൂർ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്തും നവകേരളസദസ്സ് സംഘടിപ്പിക്കും.

രണ്ടാംദിവസം വെള്ളി രാവിലെ ഒമ്പതിന് കലൂർ ഐഎംഎ ഹൗസിൽ ചേരുന്ന പ്രഭാതയോഗത്തിൽ വൈപ്പിൻ, കൊച്ചി, കളമശേരി, എറണാകുളം മണ്ഡലങ്ങളിൽനിന്നുള്ളവരുമായാണ് കൂടിക്കാഴ്ച.

തുടർന്ന് രാവിലെ 10ന് ഞാറക്കൽ ജയ്ഹിന്ദ് ഗ്രൗണ്ടിൽ വൈപ്പിനിലെയും രണ്ടിന് ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ കൊച്ചിയിലെയും 3.30ന് പത്തടിപ്പാലം റസ്റ്റ് ഹൗസിനുസമീപം കളമശേരിയിലെയും വൈകിട്ട് അഞ്ചിന് മറൈൻഡ്രൈവിൽ എറണാകുളത്തെയും നവകേരളസദസ്സ്‌ നടക്കും.

മൂന്നാംദിവസം ശനി രാവിലെ ഒമ്പതിന് തൃപ്പൂണിത്തുറ കിഴക്കേക്കോട്ട സെന്റ് മേരീസ് ചർച്ച് സിയോൺ ഓഡിറ്റോറിയത്തിൽ തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളുടെ പ്രഭാതയോഗം ചേരും.

തുടർന്ന് രാവിലെ 10ന് കാക്കനാട് സിവിൽ സ്‌റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ തൃക്കാക്കരയിലെയും പകൽ രണ്ടിന് പുതിയകാവ് ക്ഷേത്ര മൈതാനത്ത്‌ തൃപ്പൂണിത്തുറയിലെയും 3.30ന് പിറവം കൊച്ചുപള്ളി മൈതാനത്ത് പിറവത്തെയും അഞ്ചിന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ഗ്രൗണ്ടിൽ കുന്നത്തുനാട്ടിലെയും നവകേരളസദസ്സുകൾ നടക്കും.

നാലാംദിവസം ഞായർ രാവിലെ ഒമ്പതിന് വെങ്ങോല ഹമാര ഓഡിറ്റോറിയത്തിൽ പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ പ്രഭാതയോഗം നടക്കും.

തുടർന്ന് രാവിലെ 10ന് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത്‌ പെരുമ്പാവൂരിലെയും പകൽ രണ്ടിന് മാർ ബേസിൽ ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത്‌ കോതമംഗലത്തെയും 3.30ന് മുനിസിപ്പൽ സ്റ്റേഡിയത്തിൽ മൂവാറ്റുപുഴയിലെയും നവകേരളസദസ്സുകൾ നടക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/167332/the-chiefminister-and-ministers-will-visit-the-district-for-four-days-from-tomorrow)