---
title: "#murder | ഒന്നര വയസുകാരന്റെ കൊലപാതകം ; സ്വഭാവിക മരണമാക്കാൻ  ഇഞ്ചിഞ്ചായി കൊന്നു"
english_title: "The #murder of a one and a half #year #old boy; #Killed inch by inch to #die a #natural #death"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/167328/the-murder-of-a-one-and-a-half-year-old-boy-killed-inch-by-inch-to-die-a-natural-death"
published_at: "2023-12-06T07:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656fdbd47401c_babydeath.jpg"
keywords: []
---

# #murder | ഒന്നര വയസുകാരന്റെ കൊലപാതകം ; സ്വഭാവിക മരണമാക്കാൻ  ഇഞ്ചിഞ്ചായി കൊന്നു

> **Lead Summary:** **കൊച്ചി :** എളമക്കരയിൽ നവജാതശിശുവിനുനേർക്കുണ്ടായത്‌ സമാനതകളില്ലാത്ത ക്രൂരത. കുട്ടിയെ ഒഴിവാക്കാൻ ഷാനിഫ്‌ മുൻകൂട്ടി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നിരന്തര മർദനം.

## Article Content

**കൊച്ചി :** എളമക്കരയിൽ നവജാതശിശുവിനുനേർക്കുണ്ടായത്‌ സമാനതകളില്ലാത്ത ക്രൂരത. കുട്ടിയെ ഒഴിവാക്കാൻ ഷാനിഫ്‌ മുൻകൂട്ടി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നിരന്തര മർദനം.

ഇതിനെല്ലാം കുഞ്ഞിന്റെ അമ്മ അശ്വതി കൂട്ടുനിന്നു. വാരിയെല്ലിലെയും തലയോട്ടിയിലെയും പൊട്ടൽ, ശരീരത്തിലെ പാടുകൾ എന്നിവയെല്ലാം വ്യക്തമാക്കുന്നത്‌ ഒന്നരമാസത്തിനിടെ കുഞ്ഞ്‌ അനുഭവിച്ച നരകയാതനയും വേദനയും. മനഃസാക്ഷിയെ നടുക്കുന്ന ചെയ്തികളാണ്‌ ഷാനിഫിന്റെയും അശ്വതിയുടെയും ഭാഗത്തുനിന്നുണ്ടായത്‌.

മരണശേഷം കുട്ടിയുടെ ശരീരം നീലനിറമാകുമോയെന്ന്‌ ഷാനിഫ്‌ ഗൂഗിളിൽ തിരഞ്ഞു. സ്വഭാവിക മരണമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ്‌ മർദിച്ചത്‌. ഇത്തരം മർദനങ്ങളിലൂടെ ആരോഗ്യം ക്ഷയിച്ച്‌ കുട്ടി മരിക്കുമെന്ന്‌ ഇരുവരും കണക്കുകൂട്ടി. കുട്ടി മരിച്ചാൽ എന്താണ്‌ പറയേണ്ടതെന്ന നുണയും നേരത്തേ തീരുമാനിച്ചു.

പാൽ കുടിച്ചശേഷം ഉറങ്ങിയെന്നും പിന്നീട്‌ ഉണർന്നില്ലെന്നും പറഞ്ഞാൽ മതിയെന്നായിരുന്നു ധാരണ. പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചെന്നതടക്കമുള്ള നുണകളാണ്‌ പൊലീസിന്റെ ചോദ്യം ചെയ്യലിൽ ആദ്യം പറഞ്ഞത്‌. എന്നാൽ, പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടും ഡോക്ടറുടെ മൊഴികളും അടിസ്ഥാനമാക്കി ചോദ്യങ്ങളുയർന്നതോടെ ഇരുവർക്കും പിടിച്ചുനിൽക്കാനായില്ല.

നിരന്തര മർദനങ്ങൾ പ്രയോജനപ്പെട്ടില്ലെന്ന്‌ മനസ്സിലാക്കിയതോടെ കൊടുംക്രൂരതയ്ക്ക്‌ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ്‌ കൊലപ്പെടുത്തിയത്‌. താൻ പരിചയപ്പെടുമ്പോൾ അശ്വതി ഗർഭിണിയായിരുന്നുവെന്ന്‌ ഷാനിഫ്‌ പൊലീസിനോട്‌ പറഞ്ഞു.

ഫെയ്‌സ്‌ബുക് വഴിയാണ്‌ ഇരുവരും പരിചയപ്പെട്ടത്‌. പഴക്കച്ചവടക്കാരനായിരുന്നു ഷാനിഫ്‌. ഇരുവരും നിയമപ്രകാരം വിവാഹിതരല്ല. കൊച്ചിയിലേക്ക്‌ എത്തിയത്‌ കൊലപാതകം നടത്താനുറപ്പിച്ചാണെന്നും ചോദ്യംചെയ്യലിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/167328/the-murder-of-a-one-and-a-half-year-old-boy-killed-inch-by-inch-to-die-a-natural-death)