---
title: "#cyclethon | ‘അവയവദാനം മഹാദാനം’ സന്ദേശമുയർത്തി ശ്രദ്ധേയമായി സൈക്ലത്തോൺ"
english_title: "The #cyclethon is #notable for its #message of '#Avayavadanam #Mahadanam'"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/166980/the-cyclethon-is-notable-for-its-message-of-avayavadanam-mahadanam"
published_at: "2023-12-04T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656d9abc21ce0_syclo.jpg"
keywords: []
---

# #cyclethon | ‘അവയവദാനം മഹാദാനം’ സന്ദേശമുയർത്തി ശ്രദ്ധേയമായി സൈക്ലത്തോൺ

> **Lead Summary:** **കൊച്ചി :** ‘അവയവദാനം മഹാദാനം’ സന്ദേശമുയർത്തി ശ്രദ്ധേയമായി സൈക്ലത്തോൺ.

## Article Content

**കൊച്ചി :** ‘അവയവദാനം മഹാദാനം’ സന്ദേശമുയർത്തി ശ്രദ്ധേയമായി സൈക്ലത്തോൺ.

ട്രാൻസ്‌പ്ലാന്റ്‌ ഗെയിംസിന്റെ പ്രചാരണാർഥം ആസ്റ്റർ മെഡ്‌സിറ്റി, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുമായി ചേർന്നാണ് ലിവർ ഫൗണ്ടേഷൻ ഓഫ് കേരള സിയാൽമുതൽ ആസ്റ്റർവരെ സൈക്ലത്തോൺ സംഘടിപ്പിച്ചത്.

അവയവമാറ്റത്തിന് വിധേയരായവരും വിവിധ സൈക്ലിങ്‌ ക്ലബ്‌ അംഗങ്ങളുമടക്കം നൂറിലേറെപ്പേരാണ് 24 കിലോമീറ്റർ നീണ്ട സൈക്ലത്തോണിൽ പങ്കാളികളായത്. സിയാൽ ബിസിനസ് ജെറ്റ് ടെർമിനലിനുമുന്നിൽ സിയാൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷാജി കെ ജോർജ് ഫ്ലാഗ്‌ ഓഫ് ചെയ്തു.

ആസ്റ്റർ മെഡ്‌സിറ്റിയിൽ ഹാർട്ട് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം മെഡലുകൾ സമ്മാനിച്ചു.

ലിഫോക്ക് ട്രഷറർ ബാബു കുരുവിള, ജനറൽ സെക്രട്ടറി മനോജ്കുമാർ, കരൾ മാറ്റിവച്ച ബാബു കുരുവിള, ഫ്രാൻസിസ് ജോൺ, ജിജി ജോർജ്, മനോജ് കുമാർ, മനോജ് നന്ദകുമാർ, സണ്ണി ജോസ് മറ്റത്തിൽ, ടി എസ്‌ ഉണ്ണിക്കൃഷ്ണൻ, കിഡ്‌നി സ്വീകരിച്ച ഹരീഷ് ലവൻ എന്നിവർക്കൊപ്പം അവയവം ദാനംചെയ്ത ഹൃതിക് മനോജ്, മൂഹാൻ മുഹമ്മദ് ജൗഹർ തുടങ്ങിയവരും സൈക്ലത്തോണിന്റെ ഭാഗമായി.

പങ്കെടുത്തവരിൽ പ്രായംകൂടിയ സൈക്ലിസ്‌റ്റ്‌ പറവൂർ സ്വദേശി ജോയി, പ്രായം കുറഞ്ഞ ആദിൽ നവാസ്, കിഡ്‌നി മാറ്റിവച്ച ഹാരിഷ് ലവൻ എന്നിവർക്ക് പ്രത്യേക ട്രോഫികൾ നൽകി. പങ്കെടുത്തവർക്ക് മെഡലും സർട്ടിഫിക്കറ്റുകളും ആസ്റ്റർ മെഡ്‌സിറ്റി പ്രിവിലേജ് കാർഡും സമ്മാനിച്ചു.

ഒമ്പതിന്‌ കൊച്ചിയിൽ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ട്രാൻസ്‌പ്ലാന്റ്‌ ഗെയിംസിന്റെ പ്രചാരണാർഥമാണ് പരിപാടി സംഘടിപ്പിച്ചത്. സർക്കാരിന്റെ അവയവമാറ്റ സംഘടന കെ- സോട്ടോ, ലിവർ ഫൗണ്ടേഷൻ ഓഫ് കേരള എന്നിവയുടെ സഹകരണത്തോടെയാണ് ഹാർട്ട് കെയർ ഫൗണ്ടേഷൻ ട്രാൻസ്‌പ്ലാന്റ്‌ ഗെയിംസ് സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/166980/the-cyclethon-is-notable-for-its-message-of-avayavadanam-mahadanam)