---
title: "#bypass | പെരുമ്പാവൂരിൽ  വികസനം  ബൈപാസിലൂടെ"
english_title: "#Development in #Perumbavoor through #bypass"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/166351/development-in-perumbavoor-through-bypass"
published_at: "2023-12-01T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6569b11fc8c05_bypass.jpg"
keywords: []
---

# #bypass | പെരുമ്പാവൂരിൽ  വികസനം  ബൈപാസിലൂടെ

> **Lead Summary:** **പെരുമ്പാവൂര്‍ :** പെരുമ്പാവൂരിന്റെ വികസനസ്വപ്‌നം ബൈപാസ്‌ തന്നെയാണ്‌. മുൻ എംഎൽഎ സാജുപോളിന്റെ ശ്രമഫലമായി കൊണ്ടുവന്ന ബൈപാസ്‌ പദ്ധതിക്ക്‌ 2016ൽ പിണറായി സർക്കാർ കിഫ്ബി ഫണ്ടിൽനിന്ന്‌ 240 കോടി അനുവദിച്ചു.

## Article Content

**പെരുമ്പാവൂര്‍ :** പെരുമ്പാവൂരിന്റെ വികസനസ്വപ്‌നം ബൈപാസ്‌ തന്നെയാണ്‌. മുൻ എംഎൽഎ സാജുപോളിന്റെ ശ്രമഫലമായി കൊണ്ടുവന്ന ബൈപാസ്‌ പദ്ധതിക്ക്‌ 2016ൽ പിണറായി സർക്കാർ കിഫ്ബി ഫണ്ടിൽനിന്ന്‌ 240 കോടി അനുവദിച്ചു.

എന്നാൽ, പിന്നീട്‌ വന്ന എംഎൽഎയ്‌ക്ക്‌ സ്ഥലമെടുപ്പിലും മറ്റും ഉയർന്ന തടസ്സങ്ങൾ നീക്കാൻ ഒന്നും ചെയ്യാനായില്ല. നാലു കിലോമീറ്റർ ബൈപാസിൽ മരുത്‌ ജങ്‌ഷൻമുതൽ വട്ടയ്‌ക്കാട്ടുപടിവരെ ഒന്നര കിലോമീറ്ററിലാണ്‌ സ്ഥലമെടുക്കൽ പൂർത്തിയായത്‌ .

പെരുമ്പാവൂർ  സർക്കാർ ആശുപത്രികൾക്കും സ്‌കൂളുകൾക്കും പുതിയ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും. യാത്ര സുഗമമാക്കാൻ പുതിയ റോഡും പാലങ്ങളും. ഒന്നും രണ്ടും പിണറായി സർക്കാർ സംസ്ഥാനമാകെ നടപ്പാക്കിയ ജനകീയ വികസനപദ്ധതികളുടെ ഗുണഫലമാണ്‌ പെരുമ്പാവൂരിലും കാണുന്നത്‌.

മണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി തനതുപദ്ധതികൾ ആവിഷ്‌കരിച്ച്‌ നടപ്പാക്കാൻ എംഎൽഎയ്‌ക്ക്‌ കഴിഞ്ഞിട്ടില്ലെന്നിരിക്കെ, എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ പദ്ധതികളാണ്‌ പെരുമ്പാവൂരിനെ മുന്നോട്ടുനയിക്കുന്നത്‌. ഒന്നാം പിണറായി സർക്കാർ പെരുമ്പാവൂർ -ഗവ. ഗേൾസ് ഹൈസ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിനായി കിഫ്ബി ഫണ്ടിൽ അഞ്ചുകോടി ചെലവഴിച്ച്‌ രണ്ട് ബ്ലോക്ക്‌ നിർമിച്ചു.

ഒക്കൽ കുടുംബാരോഗ്യകേന്ദ്രത്തിൽ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 1.7 കോടി ചെലവഴിച്ച് കിടപ്പുരോഗികൾക്ക്‌ സൗകര്യം ഒരുക്കി. കെഎസ്ഇബി ഭൂഗർഭ കേബിൾ പദ്ധതിക്ക് നാലുകോടി അനുവദിച്ചു. വേങ്ങൂർ ഐടിഐക്ക്‌ പുതിയ കെട്ടിടം പണിയാൻ അഞ്ചുകോടിയാണ്‌ അനുവദിച്ചത്‌.

കൂവപ്പടി ഗവ. പോളിടെക്നിക് കോളേജിന് കിഫ്ബി ഫണ്ടിൽനിന്ന്‌ 4.2 കോടി ചെലവഴിച്ച് ലൈബ്രറിയും അഡ്മിനിസ്ട്രേറ്റീവ് കെട്ടിടവും ഓഡിറ്റോറിയവും നിർമിച്ചു. കല്ലിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബിയുടെ മൂന്നുകോടി ഉപയോഗിച്ച് കെട്ടിടസമുച്ചയം നിർമിച്ചു.

1.79 കോടി ചെലവിൽ വെങ്ങോല കുടുംബാരോഗ്യകേന്ദ്രത്തിൽ നിർമിക്കുന്ന ഐസൊലേഷൻ വാർഡിന്റെ പണി അവസാനഘട്ടത്തിലാണ്‌. ചേലാമറ്റം, അറയ്ക്കപ്പടി, രായമംഗലം, പെരുമ്പാവൂർ വില്ലേജ് ഓഫീസുകളുടെ നവീകരണത്തിന്‌ 1.76 കോടി അനുവദിച്ചു. പെരുമ്പാവൂർ വില്ലേജ് ഓഫീസ്‌ നിർമാണവും പുരോഗമിക്കുന്നു.

പുല്ലുവഴി–-- കല്ലിൽ റോഡിന് 2.24 കോടി അനുവദിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 26 കോടി രൂപ ചെലവിൽ വല്ലംകടവ്–-പാറപ്പുറം പാലം നിർമിച്ചതോടെ കോട്ടയത്തുനിന്ന്‌ നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള ദൂരം മൂന്നു കിലോമീറ്ററോളം കുറഞ്ഞു.

പെരുമ്പാവൂർ–-കാഞ്ഞൂർ ദൂരവും രണ്ടു കിലോമീറ്റർ കുറഞ്ഞു. പെരുമ്പാവൂരിന്റെ വികസനസ്വപ്‌നം ബൈപാസ്‌ തന്നെയാണ്‌. മുൻ എംഎൽഎ സാജുപോളിന്റെ ശ്രമഫലമായി കൊണ്ടുവന്ന ബൈപാസ്‌ പദ്ധതിക്ക്‌ 2016ൽ പിണറായി സർക്കാർ കിഫ്ബി ഫണ്ടിൽനിന്ന്‌ 240 കോടി അനുവദിച്ചു.

എന്നാൽ, പിന്നീട്‌ വന്ന എംഎൽഎയ്‌ക്ക്‌ സ്ഥലമെടുപ്പിലും മറ്റും ഉയർന്ന തടസ്സങ്ങൾ നീക്കാൻ ഒന്നും ചെയ്യാനായില്ല. നാലു കിലോമീറ്റർ ബൈപാസിൽ മരുത്‌ ജങ്‌ഷൻമുതൽ വട്ടയ്‌ക്കാട്ടുപടിവരെ ഒന്നര കിലോമീറ്ററിലാണ്‌ സ്ഥലമെടുക്കൽ പൂർത്തിയായത്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/166351/development-in-perumbavoor-through-bypass)