---
title: "#temple | മഹാദേവർ ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ പന്തലിന്‌ കാൽനാട്ടൽ മതമൈത്രിയുടെ സന്ദേശമായി"
english_title: "#Matamaithri's #message was the #footfall to the #pandal of the #Thiruvutsavam at the #Mahadevar #temple"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/166026/matamaithris-message-was-the-footfall-to-the-pandal-of-the-thiruvutsavam-at-the-mahadevar-temple"
published_at: "2023-11-30T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656814c4025aa_matha.jpg"
keywords: []
---

# #temple | മഹാദേവർ ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ പന്തലിന്‌ കാൽനാട്ടൽ മതമൈത്രിയുടെ സന്ദേശമായി

> **Lead Summary:** **നെടുമ്പാശേരി : ** ചെങ്ങമനാട് മഹാദേവർ ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ പന്തലിന്‌ കാൽനാട്ടൽ മതമൈത്രിയുടെ സന്ദേശമായി.

## Article Content

**നെടുമ്പാശേരി : ** ചെങ്ങമനാട് മഹാദേവർ ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ പന്തലിന്‌ കാൽനാട്ടൽ മതമൈത്രിയുടെ സന്ദേശമായി.

പ്രദേശവാസിയും പന്തൽനിർമാണ തൊഴിലാളിയുമായ ചെങ്ങമനാട് പഞ്ചായത്തിലെ രണ്ടാംവാർഡ് ചേന്നോത്ത് സി എസ് ദിൽഷാദാണ് കാൽനാട്ടിയത്‌. ക്ഷേത്ര മേൽശാന്തി അജിത് വാസുദേവൻനമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന പൂജകൾക്കുശേഷമാണ് കാൽനാട്ട്‌ നടത്തിയത്‌.

കാലങ്ങളായി ക്ഷേത്രത്തിലെ പന്തൽപ്പണി ചെയ്യുന്നത്‌ ദിൽഷാദാണ്‌. ക്ഷേത്രം മാനേജർ കൃഷ്ണകുമാറിന്റെയും ക്ഷേത്രഭരണ സഹായസമിതി ഭാരവാഹികളുടെയും ജനങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ദിൽഷാദിനെയും പന്തൽജോലി കരാറുകാരായ ബിനുവിനെയും ഷിജുവിനെയും ദേവസ്വം അധികൃതരും ക്ഷേത്രക്കമ്മിറ്റിയും പൊന്നാടയണിയിച്ച്‌ ആദരിച്ചു.

ഡിസംബർ 18ന് ഉത്സവം കൊടിയേറ്റി 27ന് ആറോട്ടോടെയായിരിക്കും സമാപിക്കുക. എല്ലാ ദിവസവും ക്ഷേത്രത്തിനകത്തും പുറത്തും കലാപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഒമ്പത്‌, 10 ദിവസങ്ങളിൽ അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെയായിരിക്കും എഴുന്നള്ളിപ്പ്.

ആറാട്ടുദിനം ചെങ്ങമനാട് ജങ്ഷനിൽ ഗജവീരന്മാരുടെ അകമ്പടിയോടെ പഞ്ചവാദ്യവും അരങ്ങേറും. കൊടിയേറ്റുദിവസംമുതൽ ആറാട്ടുവരെ എല്ലാ ദിവസവും പ്രസാദ ഊട്ടുമുണ്ടായിരിക്കും. കഥകളി, കുറത്തിയാട്ടം, ഭരതനാട്യം, ചാക്യാർകൂത്ത്, കോൽ തിരുവാതിര, നൃത്തനിശ, നാടൻപാട്ട്, തിരുവാതിരകളി തുടങ്ങിയവയായിരിക്കും പ്രധാന പരിപാടികൾ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/166026/matamaithris-message-was-the-footfall-to-the-pandal-of-the-thiruvutsavam-at-the-mahadevar-temple)