---
title: " #Women'sCommission | തീരദേശത്തെ സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ പഠിക്കണം: വനിതാ കമീഷന്‍"
english_title: "Coastal #women's #health #problems should be #studied: #Women's #Commission"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/164137/coastal-womens-health-problems-should-be-studied-womens-commission"
published_at: "2023-11-22T08:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655d6965da82d_womn.jpg"
keywords: []
---

#  #Women'sCommission | തീരദേശത്തെ സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ പഠിക്കണം: വനിതാ കമീഷന്‍

> **Lead Summary:** **കൊച്ചി : ** ചെല്ലാനത്ത് സ്ത്രീകളിൽ വർധിച്ചുവരുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച്‌ വിശദമായ പഠനം ആവശ്യമാണെന്ന് വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.

## Article Content

**കൊച്ചി : ** ചെല്ലാനത്ത് സ്ത്രീകളിൽ വർധിച്ചുവരുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച്‌ വിശദമായ പഠനം ആവശ്യമാണെന്ന് വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.

വനിതാ കമീഷൻ നടത്തുന്ന തീരദേശ ക്യാമ്പിന്റെ ഭാഗമായി ചെല്ലാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഗൃഹസന്ദർശനത്തിനുശേഷം സംസാരിക്കുകയായിരുന്നു കമീഷൻ അധ്യക്ഷ. ചെല്ലാനത്തെ സ്ത്രീകൾ ശ്വാസകോശം–-ത്വക്ക് സംബന്ധമായ നിരവധി ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നുണ്ട്.

പ്രാദേശിക ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ടവയാണ് രോഗങ്ങൾ. ഇതുമായി ബന്ധപ്പെട്ട് പഠനങ്ങൾ ആവശ്യമാണ്. കാരണം കണ്ടെത്തി സ്ത്രീകളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് ആരോഗ്യവകുപ്പുമായി ചേർന്ന് നടപടി സ്വീകരിക്കുമെന്ന്‌ സതീദേവി പറഞ്ഞു.

ചെല്ലാനം പഞ്ചായത്തിൽ 13, 14, 16 വാർഡുകളിലെ കിടപ്പുരോഗികളായ, മത്സ്യത്തൊഴിലാളിസ്ത്രീകളുള്ള വീടുകളാണ് സന്ദർശിച്ചത്. ബധിരയും അന്ധയുമായ മകളും രണ്ട് സഹോദരിമാരും അടങ്ങുന്ന മേരിയുടെ കുടുംബത്തിന് സഹായങ്ങൾ നൽകാൻ ജനപ്രതിനിധികൾക്ക് കമീഷൻ നിർദേശം നൽകി.

സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നിർമിച്ച വീട്ടിലാണ് മേരിയും കുടുംബവും താമസിക്കുന്നത്. അപസ്‌മാരം വന്ന്‌ കിടപ്പിലായ ശിൽപ്പ മേരിയും വൃക്കരോഗിയായ ആശയും സങ്കടങ്ങളും പ്രതീക്ഷകളും കമീഷനുമായി പങ്കുവച്ചു.

പക്ഷാഘാതം സംഭവിച്ച റോസിക്കും ബലക്ഷയം സംഭവിച്ച് രോഗബാധിതയായ മോണിക്കയ്ക്കും ആത്മവിശ്വാസം പകർന്നാണ്‌ കമീഷൻ മടങ്ങിയത്. ചെല്ലാനം സാമൂഹ്യാരോഗ്യ കേന്ദ്രവും സന്ദർശിച്ചു.

കമീഷൻ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, വി ആർ മഹിളാമണി, അഡ്വ. ഇന്ദിര രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് കെ ഡി പ്രസാദ്, വാർഡ് അംഗങ്ങളായ കെ കെ കൃഷ്ണകുമാർ, സീമ ബിനോയ്, വനിതാവികസന കോർപറേഷൻ ഡയറക്ടർ ടി വി അനിത, വനിതാ കമീഷൻ പ്രോജക്ട് ഓഫീസർ എൻ ദിവ്യ, റിസർച്ച് ഓഫീസർ എ ആർ അർച്ചന, ആന്റണി ഷീലൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/164137/coastal-womens-health-problems-should-be-studied-womens-commission)