---
title: " #Muvattupuzha | കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ സ്ഥാനം  മൂവാറ്റുപുഴയിൽ  ചേരിപ്പോര് രൂക്ഷം"
english_title: "The #battle for the #Congress #constituency #president's #post is #fierce in #Muvattupuzha"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/163383/the-battle-for-the-congress-constituency-presidents-post-is-fierce-in-muvattupuzha"
published_at: "2023-11-19T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65598019f3201_udf.jpg"
keywords: []
---

#  #Muvattupuzha | കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ സ്ഥാനം  മൂവാറ്റുപുഴയിൽ  ചേരിപ്പോര് രൂക്ഷം

> **Lead Summary:** **മൂവാറ്റുപുഴ : ** കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ മൂവാറ്റുപുഴയിൽ ചേരിപ്പോര് രൂക്ഷമായി.

## Article Content

**മൂവാറ്റുപുഴ : ** കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ മൂവാറ്റുപുഴയിൽ ചേരിപ്പോര് രൂക്ഷമായി.

മാറാടിയിൽ വനിതാ സംവരണ സീറ്റിൽ പുരുഷനേതാവിനെ തീരുമാനിച്ചതിലും പ്രതിഷേധമുണ്ട്‌. എ ഗ്രൂപ്പിന് കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആരക്കുഴ മണ്ഡലം പ്രസിഡന്റുമാരാണുള്ളത്.

ഐ ഗ്രൂപ്പ് നേതാവായിരുന്ന ജോസഫ് വാഴയ്ക്കനെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴയിൽനിന്ന് ഓടിച്ച മാത്യു കുഴൽനാടൻ ഐ ഗ്രൂപ്പ് ചമഞ്ഞ് ഇഷ്ടക്കാരെ മണ്ഡലം പ്രസിഡന്റുമാരാക്കിയതിലും അമർഷം പുകയുകയാണ്‌.

കൂടിയാലോചനയില്ലാതെ ഐ ഗ്രൂപ്പിനെ ഭിന്നിപ്പിച്ച്, ഒരുസംഘത്തെ ഒപ്പം നിർത്തിയാണ് കുഴൽനാടന്റെ നീക്കമെന്ന് ഐ ഗ്രൂപ്പ് നേതാക്കൾ ആക്ഷേപിക്കുന്നു. മുമ്പ് വാഴയ്ക്കനൊപ്പംനിന്നയാളെ കുഴൽനാടൻ മൂവാറ്റുപുഴ ബ്ലോക്ക് പ്രസിഡന്റാക്കിയിരുന്നു.

മഞ്ഞള്ളൂർ ബ്ലോക്ക് പ്രസിഡന്റ്‌ സ്ഥാനം എ ഗ്രൂപ്പിനാണ്. ഇത് വീതംവയ്ക്കലാണെന്ന് ആക്ഷേപമുയർന്നിരുന്നു. വാഴയ്ക്കന് ആയവന മണ്ഡലം പ്രസിഡന്റ്‌ മാത്രമാണ്‌ ഒപ്പമുള്ളത്. മാറാടിയിൽ വനിതാസംവരണം വെട്ടി പുരുഷനേതാവിനെ തീരുമാനിച്ചു.

നിയോജകമണ്ഡലത്തിലെ മുതിർന്ന ഡിസിസി, കെപിസിസി നേതാക്കളുമായി കൂടിയാലോചിക്കാതെ ഒറ്റയാൾപ്രവർത്തനം നടത്തുന്ന കുഴൽനാടനെതിരെ കോൺഗ്രസിനുള്ളിൽ ഉയരുന്ന ആക്ഷേപങ്ങൾക്ക് പിന്നാലെയാണ് മണ്ഡലം പ്രസിഡന്റുമാരെ തീരുമാനിച്ചത്‌. സംസ്ഥാന നേതൃത്വത്തിന് പരാതി നൽകാനാണ് ചിലരുടെ നീക്കം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/163383/the-battle-for-the-congress-constituency-presidents-post-is-fierce-in-muvattupuzha)