---
title: "#Bridge | ആമ്പത്തോട് പാലം  പുനർനിർമിക്കാൻ 10 കോടി രൂപ"
english_title: "10 crores for #reconstruction of #Ambathod #Bridge"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/160979/10-crores-for-reconstruction-of-ambathod-bridge"
published_at: "2023-11-10T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654db46960860_bridge.jpg"
keywords: []
---

# #Bridge | ആമ്പത്തോട് പാലം  പുനർനിർമിക്കാൻ 10 കോടി രൂപ

> **Lead Summary:** **ഏഴിക്കര : ** ഏഴിക്കര പഞ്ചായത്തിലെ കടക്കര–വടക്കേ കടക്കര പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആമ്പത്തോട് പാലം പുനര്‍നിര്‍മിക്കാന്‍ സർക്കാർ തീരുമാനിച്ചു. ഇതിനായി 2023-–24 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ വകയിരുത്തി.

## Article Content

**ഏഴിക്കര : ** ഏഴിക്കര പഞ്ചായത്തിലെ കടക്കര–വടക്കേ കടക്കര പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആമ്പത്തോട് പാലം പുനര്‍നിര്‍മിക്കാന്‍ സർക്കാർ തീരുമാനിച്ചു. ഇതിനായി 2023-–24 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ വകയിരുത്തി.

20 ശതമാനം ബജറ്റ് വിഹിതത്തോടെയാണ് തുക ഉൾക്കൊള്ളിച്ചത്. ഏതാണ്ട്‌ 125 കുടുംബങ്ങൾ താമസിക്കുന്ന വടക്കേ കടക്കരയിലേക്കുള്ള ആമ്പത്തോട് പാലം കാലപ്പഴക്കത്താൽ ഏറെ നാളായി ശോചനീയാവസ്ഥയിലാണ്. പാലം ജീർണാവസ്ഥയിലായതിനാൽ ഇവിടേക്ക് പുറമേനിന്നുള്ള വാഹനങ്ങൾ വരാൻ തയ്യാറാകാത്ത അവസ്ഥയാണ്.

ജനങ്ങളുടെ തീരാദുരിതം പലവട്ടം അധികൃതരെ ബോധ്യപ്പെടുത്തിയെങ്കിലും പുനർനിർമാണത്തിന് അനുവാദം കിട്ടിയിരുന്നില്ല. ഒന്നരവർഷംമുമ്പ് പാലം പുനർനിർമാണത്തിന് ഹാർബർ എൻജിനിയറിങ് വിഭാഗത്തിൽനിന്ന് തുക അനുവദിച്ചിരുന്നു. എന്നാൽ, മതിയായ തുകയില്ലാത്തതിനാൽ കരാറുകാർ നിർമാണം ഏറ്റെടുത്തില്ല.

ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം ആവശ്യപ്പെട്ട് സിപിഐ എം ഏഴിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ നടന്നിരുന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഇക്കാര്യത്തിൽ വേണ്ടത്ര മുൻകൈയെടുക്കാത്തതും പ്രതിഷേധത്തിന് വഴിവച്ചിരുന്നു. തുടർന്ന് സർക്കാർതലത്തിൽ നടത്തിയ ഇടപെടലുകളാണ് ഇപ്പോൾ ഫലംകണ്ടത്.

പൊതുമരാമത്തുവകുപ്പ് പാലം വിഭാഗം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉള്‍പ്പെട്ട സംഘം വ്യാഴം പകൽ ആമ്പത്തോട് പാലം സന്ദര്‍ശിച്ചു. മണ്ണുപരിശോധനയ്‌ക്കായുള്ള എസ്റ്റിമേറ്റ് വെള്ളിയാഴ്ച പൊതുമരാമത്തുവകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയര്‍ക്ക് നൽകും. ഇതിനുശേഷം പാലത്തിന്റെ രൂപകൽപ്പനയ്‌ക്കുള്ള നടപടി പൂർത്തിയാക്കും.

തുടര്‍ന്ന് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമര്‍പ്പിക്കും. ഇതിനുശേഷമാകും നിർമാണപ്രവർത്തനങ്ങൾ തുടങ്ങുക. വർഷങ്ങളായുള്ള വടക്കേ കടക്കര നിവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമുണ്ടാക്കിയ എൽഡിഎഫ് സർക്കാരിനെയും മന്ത്രി പി എ മുഹമ്മദ് റിയാസിനെയും സിപിഐ എം ലോക്കൽ കമ്മിറ്റി അഭിനന്ദനം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/160979/10-crores-for-reconstruction-of-ambathod-bridge)