---
title: "#Prithviraj | പൃഥ്വിരാജി​ന്റെ സിനിമയുടെ  സെറ്റ് നിര്‍മാണം ന​ഗരസഭ തടഞ്ഞു"
english_title: "The city #assembly #stopped the #construction of the #set of #Prithviraj's #film"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/160978/the-city-assembly-stopped-the-construction-of-the-set-of-prithvirajs-film"
published_at: "2023-11-10T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654db24b4dad4_film.jpg"
keywords: []
---

# #Prithviraj | പൃഥ്വിരാജി​ന്റെ സിനിമയുടെ  സെറ്റ് നിര്‍മാണം ന​ഗരസഭ തടഞ്ഞു

> **Lead Summary:** **പെരുമ്പാവൂർ : ** അനധികൃതമായി പാടം നികത്തിയ സ്ഥലത്ത് അനുമതിയില്ലാതെ സിനിമാസെറ്റ് നിർമിക്കാനുള്ള നീക്കം നഗരസഭ തടഞ്ഞു.

## Article Content

**പെരുമ്പാവൂർ : ** അനധികൃതമായി പാടം നികത്തിയ സ്ഥലത്ത് അനുമതിയില്ലാതെ സിനിമാസെറ്റ് നിർമിക്കാനുള്ള നീക്കം നഗരസഭ തടഞ്ഞു.

> പെരുമ്പാവൂര്‍ ഒന്നാംമൈല്‍ കാരാട്ടുപള്ളിക്കരയില്‍ 12–--ാംവാർഡിൽ വെട്ടിക്കനാക്കുടി വി സി ജോയി ജേക്കബ് ജോയിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പൃഥ്വിരാജ് നായകനായ "ഗുരുവായൂരമ്പലനടയിൽ' സിനിമയുടെ സെറ്റ് നിർമിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ മാതൃകയിലുള്ള സെറ്റ് 60 തൊഴിലാളികൾ ചേർന്നാണ്‌ നിർമിച്ചുകൊണ്ടിരുന്നത്.

പ്ലൈവുഡും സ്റ്റീല്‍പൈപ്പും പോളിത്തീന്‍ ഷീറ്റും ഉപയോ​ഗിച്ചാണ് നിര്‍മാണം. നിര്‍മാണം പൂര്‍ത്തിയാകാത്ത സെറ്റ് ന​ഗരസഭ സ്റ്റോപ് മെമ്മോ നല്‍കിയതിനെ തുടര്‍ന്ന് സിനിമാപ്രവര്‍ത്തകർതന്നെ പൊളിച്ചുനീക്കി. വിപിന്‍ദാസാണ് സിനിമയുടെ സംവിധായകന്‍.

2008ല്‍ ഏക്കർകണക്കിന് പാടം ഉടമ അനധികൃതമായി മണ്ണിട്ടുനികത്തുന്നതിനെതിരെ കര്‍ഷകസംഘത്തി​ന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുകയും തഹസില്‍ദാര്‍ ഇടപെട്ട് നികത്തല്‍ തടയുകയും ചെയ്തു. വീണ്ടും നികത്തല്‍ തുടര്‍ന്നപ്പോള്‍ അന്നത്തെ കൗണ്‍സിലറും സിപിഐ എം ലോക്കല്‍ കമ്മിറ്റി അം​ഗവുമായ ഏലിയാമ്മയും നാട്ടുകാരും ഹൈക്കോടതിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ്‌ പാടം നികത്തല്‍ ഹൈക്കോടതി തടഞ്ഞത്. അതിനോടകം 14 ഏക്കർ പാടം നികത്തിക്കഴിഞ്ഞിരുന്നു.

സിനിമാനിർമാണത്തിന് സെറ്റിട്ട് ബാക്കിയുള്ള പാടംകൂടി നികത്താനായിരുന്നു നീക്കമെന്നാണ് ആക്ഷേപം. ന​ഗരസഭയുടെ അനുമതിയില്ലാതെ വിവാദസ്ഥലത്ത് സിനിമാസെറ്റ് നിര്‍മിക്കുന്നതായി സിപിഐ എം കൗൺസിലർ സി കെ രൂപേഷ് കുമാർ നൽകിയ പരാതിയിലാണ് ന​ഗരസഭയുടെ നടപടി. കേസിൽ കിടക്കുന്ന സ്ഥലത്ത് സിനിമാസെറ്റ് നിര്‍മിക്കാന്‍ അനുമതി നൽകാനാകില്ലെന്നാണ് നഗരസഭയുടെ വാദം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/160978/the-city-assembly-stopped-the-construction-of-the-set-of-prithvirajs-film)