---
title: "#renovation | തൃക്കാരിയൂർ -വേട്ടാമ്പാറ റോഡിന്റെ നവീകരണപ്രവർത്തനങ്ങൾക്ക് തുടക്കമായി"
english_title: "#Thrikariyur-#Vetampara road #renovation work has #started"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/160723/thrikariyur-vetampara-road-renovation-work-has-started"
published_at: "2023-11-09T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654c68228416f_road.jpg"
keywords: []
---

# #renovation | തൃക്കാരിയൂർ -വേട്ടാമ്പാറ റോഡിന്റെ നവീകരണപ്രവർത്തനങ്ങൾക്ക് തുടക്കമായി

> **Lead Summary:** **കോതമംഗലം : ** തൃക്കാരിയൂർ -വേട്ടാമ്പാറ റോഡിന്റെ നവീകരണപ്രവർത്തനങ്ങൾക്ക് തുടക്കമായി.

## Article Content

**കോതമംഗലം : ** തൃക്കാരിയൂർ -വേട്ടാമ്പാറ റോഡിന്റെ നവീകരണപ്രവർത്തനങ്ങൾക്ക് തുടക്കമായി.

16 കോടി രൂപ മുടക്കിയാണ് ആധുനികരീതിയിൽ റോഡ് നവീകരിക്കുന്നത്. ആയക്കാട് ജങ്ഷനിൽനിന്ന് ആരംഭിച്ച് മുത്തംകുഴി-കുളങ്ങാട്ടുകുഴി വഴി- വേട്ടാമ്പാറവരെയുള്ള 11 കിലോമീറ്റര്‍ ദൂരമാണ് നവീകരിക്കുന്നത്. തണ്ണിക്കോട്ട് പാലം, വേട്ടാമ്പാറ പഠിപ്പാറ പാലം എന്നീ രണ്ടു പാലങ്ങളും പുനർനിർമിക്കും.

കൂടാതെ 10 കൽവർട്ടുകളും ആവശ്യമായ ഇടങ്ങളിൽ ഡ്രെയ്‌നേജ് സംവിധാനങ്ങളും നിർമിക്കും. 5.5 മീറ്ററിൽ വീതി കൂട്ടിയാണ് റോഡ് നിർമിക്കുന്നത്. റോഡ് സേഫ്റ്റിയുടെ ഭാഗമായി സ്റ്റഡ്, സൈൻ ബോർഡുകൾ, സീബ്രാലൈൻ, റോഡ് മാർക്കിങ് അടക്കമുള്ള പ്രവൃത്തികളും ഉൾപ്പെടുത്തിയിട്ടുണ്ട്.

വേട്ടാമ്പാറയിൽനിന്ന്‌ മാലിപ്പാറയ്ക്കുള്ള 500 മീറ്റർ ദൂരവും കുളങ്ങാട്ടുകുഴിയിൽനിന്ന് മാലിപ്പാറയ്ക്കുള്ള 250 മീറ്റർ ദൂരവും പദ്ധതിയുടെ ഭാഗമായി നവീകരിക്കും. സംസ്ഥാന സർക്കാരിന്റെ ശുപാർശപ്രകാരം സിആർഐഎഫ് സ്കീമിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരിക്കുന്നതിന്‌ 16 കോടി രൂപ അനുവദിച്ചിരിക്കുന്നത്.

ഗ്രാമീണമേഖലയിലൂടെ കടന്നുപോകുന്ന ഈ റോഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസനപ്രവർത്തനമാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്ന് എംഎൽഎ പറഞ്ഞു. ആന്റണി ജോൺ എംഎൽഎ പദ്ധതിപ്രദേശങ്ങൾ സന്ദർശിച്ച് നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി. പൊതുമരാമത്തുവകുപ്പിന്റെ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/160723/thrikariyur-vetampara-road-renovation-work-has-started)