---
title: "#hands | കരുണ വറ്റാത്ത കരങ്ങൾ ചേർത്തുപിടിച്ചതോടെ നേപ്പാൾ സ്വദേശി ഓം ബാദുൽ ജീവിതത്തിലേക്ക് തിരികെനടന്നു"
english_title: "#OmBadul, a native of #Nepal, walked back to #life with the #hands of #eternal #mercy"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/160169/ombadul-a-native-of-nepal-walked-back-to-life-with-the-hands-of-eternal-mercy"
published_at: "2023-11-07T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549be192d97d_nepal.jpg"
keywords: []
---

# #hands | കരുണ വറ്റാത്ത കരങ്ങൾ ചേർത്തുപിടിച്ചതോടെ നേപ്പാൾ സ്വദേശി ഓം ബാദുൽ ജീവിതത്തിലേക്ക് തിരികെനടന്നു

> **Lead Summary:** **കോലഞ്ചേരി : ** കരുണ വറ്റാത്ത കരങ്ങൾ ചേർത്തുപിടിച്ചതോടെ നേപ്പാൾ സ്വദേശി ഓം ബാദുൽ ജീവിതത്തിലേക്ക് തിരികെനടന്നു.

## Article Content

**കോലഞ്ചേരി : ** കരുണ വറ്റാത്ത കരങ്ങൾ ചേർത്തുപിടിച്ചതോടെ നേപ്പാൾ സ്വദേശി ഓം ബാദുൽ ജീവിതത്തിലേക്ക് തിരികെനടന്നു.

പുത്തൻകുരിശിനടുത്ത് കാണിനാട്ടിൽ കരാറുകാരന്റെ വില്ല പദ്ധതിയിലെ ജോലിക്കായി രണ്ടുമാസംമുമ്പാണ് ഓം ബാദുൽ ലിംഗോ എത്തിയത്. രണ്ടുവർഷം രാമമംഗലം, പെരുമ്പാവൂർ എന്നിവിടങ്ങളിൽ വിവിധ ജോലികൾക്കുശേഷമാണ് ഇവിടെയെത്തിയത്.

ഇടയ്‌ക്കിടെ ഉണ്ടാകുന്ന കടുത്ത തലവേദനയെത്തുടർന്ന്‌ എറണാകുളം ആസ്റ്റർ മെഡ്‌സിറ്റിയിലെ പരിശോധനയിലാണ്‌ തലച്ചോറിലെ അണുബാധ തിരിച്ചറിഞ്ഞത്. ഉടനടി ശസ്ത്രക്രിയ വേണം. എട്ടരലക്ഷം രൂപയോളം ചെലവ് വരും. കേട്ടപ്പോൾ ആദ്യമൊന്ന് പതറിയെങ്കിലും ഓം ബാദുലിനെ കൈവിടാൻ തൊഴിലുടമയ്‌ക്ക് മനസ്സുണ്ടായില്ല.

ഉടൻ ശസ്ത്രക്രിയയുടെ തീയതി തീരുമാനിച്ചു. അണുബാധയുണ്ടായ ഭാഗം നീക്കം ചെയ്തു. 10 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലാണ് ബാദുൽ ജീവതത്തിലേക്ക് തിരികെ നടന്നുതുടങ്ങിയത്. ആശുപത്രിയില്‍ കഴിഞ്ഞ പത്തു ദിവസവും തൊഴിലുടമ ഒപ്പമുണ്ടായി.

ആശുപത്രി അധികൃതർ ബിൽ തുകയിൽ മൂന്നുലക്ഷം രൂപ കുറച്ചുനൽകി. ബാക്കി അഞ്ചുലക്ഷം തൊഴിലുടമ അടച്ചു. ഒരുമാസം ആന്റിബയോട്ടിക് ഇൻജക്‌ഷനുണ്ട്. അതിനായി പ്രദേശത്തെ ജനപ്രതിനിധികളുടെ സഹായത്തോടെ കടയിരുപ്പ് സിഎച്ച്സിയിൽ എത്തിച്ചു. ഡോക്ടർമാരായ അൻവർ അബ്ബാസ്, സുരഭി എന്നിവർ പരിചരണം ഏറ്റെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/160169/ombadul-a-native-of-nepal-walked-back-to-life-with-the-hands-of-eternal-mercy)