---
title: "#market  | 100 ദിവസം പിന്നിടുമ്പോഴും മാർക്കറ്റ് പരിസരവും പുഴയോരവും പഴയപടിതന്നെ"
english_title: "Even after 100 days, the #market area and the #riverside are the same"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/159624/even-after-100-days-the-market-area-and-the-riverside-are-the-same"
published_at: "2023-11-05T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654721a019ca3_market.jpg"
keywords: []
---

# #market  | 100 ദിവസം പിന്നിടുമ്പോഴും മാർക്കറ്റ് പരിസരവും പുഴയോരവും പഴയപടിതന്നെ

> **Lead Summary:** **ആലുവ :** ബിഹാർ ബാലികയെ വീട്ടിൽനിന്ന്‌ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുകൊന്നകേസിൽ കോടതിവിധി വന്നിട്ടും സംഭവം നടന്ന ആലുവ മാർക്കറ്റ് പരിസരം പഴയപടിതന്നെ.

## Article Content

**ആലുവ :** ബിഹാർ ബാലികയെ വീട്ടിൽനിന്ന്‌ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുകൊന്നകേസിൽ കോടതിവിധി വന്നിട്ടും സംഭവം നടന്ന ആലുവ മാർക്കറ്റ് പരിസരം പഴയപടിതന്നെ.

കൊല നടന്ന ജൂലൈ 28നുശേഷം 100 ദിവസം പിന്നിടുമ്പോഴും മാർക്കറ്റ് പരിസരവും പുഴയോരവും കാടുകയറി മാലിന്യം നിറഞ്ഞ് ഇരുളടഞ്ഞ മൂലയായി തുടരുന്നു. കുറ്റവാളികൾക്കും കുറ്റകൃത്യങ്ങൾക്കും ഇടമൊരുക്കുന്ന മണ്ണെന്ന പേരുദോഷം മാറ്റാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ല.

സംസ്ഥാന സർക്കാരിന്റെ കൃത്യമായ ഇടപെടൽമൂലമാണ് കേസന്വേഷണവും വിചാരണയും പൂർത്തിയാക്കി 100 ദിവസത്തിനകം വിധി ഉണ്ടായത്. എന്നാൽ, പൊലീസിനെതിരെ പ്രതിഷേധവുമായെത്തിയ കോൺഗ്രസ് എംഎൽഎക്കും ആലുവ നഗരസഭയ്ക്കും 100 ദിവസം കഴിഞ്ഞിട്ടും മാർക്കറ്റ് വൃത്തിയാക്കാൻപോലും സാധിച്ചില്ല.

എടയപ്പുറത്ത് എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ പാടത്ത് ഉപേക്ഷിച്ച കേസിലെ പ്രതി ക്രിസ്റ്റിൽ രാജ് ഒളിച്ചിരിക്കാൻ ഇടം കണ്ടെത്തിയതും ആലുവ മാർക്കറ്റിനുസമീപം പുഴയോരത്ത് പാലത്തിനുചുവട്ടിൽ മാലിന്യം തള്ളിയിരുന്ന ഇടത്താണ്.

മാർക്കറ്റ് പരിസരവും പുഴതീരങ്ങളും പാലങ്ങളുടെ അടിവശങ്ങളും മാലിന്യം നിറഞ്ഞും കാടുമൂടിയും സാമൂഹ്യവിരുദ്ധരും ക്രിമിനലുകളും തങ്ങുന്ന ഇടമായിട്ടും പരിഹരിക്കാൻ നഗരസഭയുടെ ഭാഗത്തുനിന്ന്‌ നടപടിയില്ല.

തെരഞ്ഞെടുപ്പുസമയത്ത് ഒരുകോടി രൂപ അൻവർ സാദത്ത് എംഎൽഎ മാർക്കറ്റ് നിർമാണത്തിന് അനുവദിച്ചുവെന്ന് നഗരസഭാ ചെയർമാൻ എം ഒ ജോൺ കള്ളപ്രചാരണം നടത്തിയിരുന്നു.

എന്നാൽ, സാമൂഹ്യപ്രവർത്തകൻ ഖാലിദ് മുണ്ടപ്പിള്ളി വിവരാവകാശംവഴി തുകയെപ്പറ്റി ചോദിച്ചിട്ടും നഗരസഭയ്ക്ക് മറുപടിയില്ല. നഗരസഭ ഉടമസ്ഥതയിലുള്ള മാർക്കറ്റ് പൊളിച്ചിട്ട് 10 വർഷമായി. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കല്ലിട്ടതല്ലാതെ ഒന്നും ഇതുവരെ നടന്നിട്ടില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/159624/even-after-100-days-the-market-area-and-the-riverside-are-the-same)