---
title: "#illuminated | ‘ചങ്ങമ്പുഴയും സാനുവും’ പ്രകാശിപ്പിച്ചു"
english_title: "'#Changampuzha and #Sanu' was #illuminated"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/157246/changampuzha-and-sanu-was-illuminated"
published_at: "2023-10-27T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b3963a309d_kochi.jpg"
keywords: []
---

# #illuminated | ‘ചങ്ങമ്പുഴയും സാനുവും’ പ്രകാശിപ്പിച്ചു

> **Lead Summary:** **കൊച്ചി : ** ചങ്ങമ്പുഴസ്‌മരണ നിറഞ്ഞുനിന്ന ചാവറ കൾച്ചറൽ സെന്ററിലെ വേദിയിലേക്ക്‌ ശിഷ്യരുടെ കൈപിടിച്ച്‌ സാനുമാഷ്‌ വീണ്ടുമെത്തി. ഭാര്യ രത്നമ്മ മരിച്ചതിൽപ്പിന്നെ വീടിനുപുറത്തേക്ക്‌ അധികം ഇറങ്ങാതിരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കൊച്ചി : ** ചങ്ങമ്പുഴസ്‌മരണ നിറഞ്ഞുനിന്ന ചാവറ കൾച്ചറൽ സെന്ററിലെ വേദിയിലേക്ക്‌ ശിഷ്യരുടെ കൈപിടിച്ച്‌ സാനുമാഷ്‌ വീണ്ടുമെത്തി. ഭാര്യ രത്നമ്മ മരിച്ചതിൽപ്പിന്നെ വീടിനുപുറത്തേക്ക്‌ അധികം ഇറങ്ങാതിരിക്കുകയായിരുന്നു അദ്ദേഹം.

എം കെ സാനു പ്രധാന കഥാപാത്രമായ ‘ചങ്ങമ്പുഴയും സാനുവും’ നാടകത്തിന്റെ പ്രകാശനത്തിനു മാഷില്ലാതെ പറ്റില്ലെന്ന സ്‌നേഹനിർബന്ധത്തിനുമുന്നിൽ വഴങ്ങുകയായിരുന്നു. അതും വേദി കാരിക്കാമുറിയിലെ വീടായ ‘സന്ധ്യ’ക്ക്‌ അരികിലായതുകൊണ്ടുമാത്രം. ആഘോഷങ്ങളില്ലാത്ത 97–-ാം പിറന്നാൾത്തലേന്ന്‌ എം കെ സാനു ശിഷ്യരുടെയൂം സുഹൃത്തുക്കളുടെയും അരികിലിരുന്നു.

ദാമ്പത്യജീവിതത്തിന്റെ 70–-ാം വാർഷികത്തിന്‌ ഏതാനും ദിവസങ്ങൾ അവശേഷിക്കെ 17നായിരുന്നു ഭാര്യയുടെ വിയോഗം. അന്നുതൊട്ടിന്നുവരെ മാഷിനെക്കാണാൻ ശിഷ്യരും സുഹൃത്തുക്കളും എഴുത്തുകാരും ഉൾപ്പെടെ നിരവധിപേരാണ്‌ വീട്ടിലെത്തുന്നത്‌. കവി ജീവചരിത്രകാരനെ തേടിയെത്തുന്ന അതിസങ്കീർണമായ രചനാമുഹൂർത്തങ്ങളാണ്‌ ‘ചങ്ങമ്പുഴയും സാനുവും’ നാടകത്തിന്റെ ഇതിവൃത്തം.

‘ചങ്ങമ്പുഴ–-നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം’ രചിച്ച സാനുമാഷിനെ കാണാനെത്തുന്ന ചങ്ങമ്പുഴയുമായുള്ള സംഭാഷണത്തിലൂടെ ഇതൾവിരിയുന്ന നാടകം രചിച്ചത്‌ ആകാശവാണി മുൻ സ്‌റ്റേഷൻ ഡയറക്ടർ കെ എ മുരളീധരനാണ്‌.

എം കെ സാനുവിന്റെ മഹാരാജാസിലെ ശിഷ്യൻകൂടിയായ മുൻ കലക്ടർ കെ ആർ വിശ്വംഭരന്റെ പേരിലുള്ള വിശ്വം ആർട്‌സാണ്‌ ചങ്ങമ്പുഴ പാർക്കിൽ നാടകം അരങ്ങിലെത്തിച്ചത്‌. പുസ്‌തകം പ്രൊഫ. തോമസ്‌ മാത്യു ചങ്ങമ്പുഴയുടെ മകൾ ലളിതയ്‌ക്ക്‌ നൽകി പ്രകാശിപ്പിച്ചു.

നാടകകൃത്ത്‌ ടി എം എബ്രഹാം പുസ്‌തകപരിചയം നടത്തി. ഫാ. അനിൽ ഫിലിപ്പ്‌ അധ്യക്ഷനായി. സിഐസിസി ജയചന്ദ്രൻ, സനിത അനൂപ്‌, ഷെർളി സോമസുന്ദരം, പി പ്രകാശ്‌, ഡേവിസ്‌ പയ്യപ്പിള്ളി, മുതുകുളം മോഹൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/157246/changampuzha-and-sanu-was-illuminated)